അലർജിയുണ്ടായതിനെ തുടർന്ന് തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയെ ഒഴിവാക്കേണ്ടി വന്നതിലെ സങ്കടം പങ്കുവച്ച് നടിയും ഗായികയുമായ ശ്രുതി ഹാസൻ. അസ്ലൻ എന്നു പേരിട്ട പൂച്ചക്കുഞ്ഞിനെ മൂന്ന് മാസം മുൻപാണ് ദത്തെടുത്തത് എന്നും എന്നാൽ അതിനെ ഒഴിവാക്കാൻ തീരുമാനിച്ചതാണ് ഏറ്റവും പ്രയാസമേറിയ തീരുമാനം എന്നും ശ്രുതി ഹസൻ പറഞ്ഞു.
പേർഷ്യൻ ക്യാറ്റ് ഇനത്തിൽ പെട്ട പൂച്ചയെയാണ് അലർജി പ്രശ്നങ്ങളെത്തുടർന്ന് ശ്രുതി ഒഴിവാക്കിയത്.
സമൂഹമാധ്യമ പോസ്റ്റിൽ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് ശ്രുതി ഇക്കാര്യം അറിയിച്ചത്.
''മൂന്നുമാസം മുൻപാണ് അസ്ലനെ ഞാൻ ദത്തെടുത്തത്. പൂച്ചക്കുഞ്ഞ് വീട്ടിലെത്തി രണ്ടുദിവസത്തിനകം എനിക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. മാമ്പഴം അധികമായി കഴിച്ചതിനാലാണ് എന്നാണ് ആദ്യം കരുതിയത്.
എന്നാൽ ഡോക്ടറെ കണ്ടപ്പോഴാണ് പൂച്ചയാണ് പ്രശ്നം എന്നു മനസ്സിലായത്. പൂച്ചയുടെ രോമവും ഉമിനീരുമാണ് അലർജിക്ക് ഇടയാക്കിയത്.
അസ്ലന്റെ രോമം വെട്ടിയും എയർ പ്യൂരിഫയറുകൾ ഉപയോഗിച്ചും അവന്റെ ആഹാരക്രമം മാറ്റിയും അലർജിയെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. അലർജി കുറയ്ക്കാനായി കഴിച്ച മരുന്നുകൾ എന്റെ ചർമത്തെയും ജോലിയേയും എന്റെ മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിച്ചു.
ചെന്നൈയിൽ നിന്നും മുംബൈയിലെത്തിയതോടെ സ്ഥിതി രൂക്ഷമായി. ഇതോടെ അസ്ലെനെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. അസ്ലെനെ ഞാൻ ദത്തെടുത്തതാണ്. ഇപ്പോൾ അവനെ ഞാൻ അവന്റെ പഴയ ഉടമയ്ക്ക് തന്നെ തിരികെ നൽകി.
എന്റെ അസ്ലനോട് വിടപറയുന്നതായിരുന്നു എന്ന സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായ കാര്യം. അതൊരിക്കലും എളുപ്പമായിരുന്നില്ല.
അവനെ മറ്റാർക്കെങ്കിലും ദത്തുനൽകാനാണ് തീരുമാനം. അതിനുയോജിച്ച ഒരാൾക്കായി ഞാനും സുഹൃത്തുക്കളും അന്വേഷിക്കുകയാണ്. ഒരു പൂച്ചയ്ക്ക് വേണ്ടി എന്തിനാണ് ഈ മെലോഡ്രാമ എന്ന് കരുതരുത്.
കാരണം പൂച്ചകളെയും നായ്ക്കുട്ടികളെയും പോലെ അരുമമൃഗങ്ങളെ വളർത്തിയാൽ മാത്രമേ ആ വികാരം നിങ്ങൾക്ക് മനസിലാകൂ. പൂച്ചക്കുഞ്ഞിനെ ദത്തെടുത്തത് ഒരു പരാജയമായി ആരും കാണരുത്. ഞാൻ പരാജയപ്പെടാൻ കാരണം എന്റെ അലർജി പ്രശ്നങ്ങളാണ്. മൃഗങ്ങൾക്ക് അഭയമൊരുക്കുന്നത് നല്ല കാര്യമാണ്. ഈ കുഞ്ഞു മൃഗത്തിന് അഭയമൊരുക്കുന്നത് നല്ല കാര്യമാണ്'', ശ്രുതി പറയുന്നു.