എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ വരിക്കാർക്കായി വാട്ട്സ്ആപ്പിൽ പുതിയ ചാറ്റ്ബോട്ട് സേവനം ആരംഭിച്ചു. ഇപിഎഫ് ബാലൻസ് അറിയാനും, അവസാനത്തെ ഇടപാടുകൾ കാണാനും, പാസ്ബുക്ക് ഡൗൺലോഡ് ചെയ്യാനും ഇനി വാട്ട്സ്ആപ്പ് വഴി സാധിക്കും. എന്നാൽ സേവനം ആരംഭിച്ചുവെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം പലർക്കും നിലവിൽ വിവരങ്ങൾ ലഭ്യമാകുന്നതിൽ താമസം നേരിടുന്നുണ്ട്.
വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിനോ ഇപിഎഫ്ഒ ഓഫീസുകളിൽ കയറി ഇറങ്ങുന്നതിനോ പകരം സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാനാണ് കേന്ദ്ര സർക്കാർ ഈ ഫീച്ചർ അവതരിപ്പിച്ചത്.
ഇപിഎഫ്ഒയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് നമ്പറായ +91 87964 41800 ഫോണിൽ സേവ് ചെയ്യുക. വാട്ട്സ്ആപ്പ് തുറന്ന് 'Hi' എന്ന് മെസ്സേജ് അയക്കുക. തുടർന്ന് വരുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങളുടെ ഇഷ്ടാനുസൃത ഭാഷ തെരഞ്ഞെടുക്കുക.
'Check Balance' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് പിഎഫ് ബാലൻസ് പരിശോധിക്കാം. അവസാന 5 ഇടപാടുകളുടെ വിവരങ്ങളും പാസ്ബുക്കും ഇവിടെ ലഭിക്കും.
സേവനം ഔദ്യോഗികമായി തത്സമയമായെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം ചാറ്റ്ബോട്ട് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു. വിവരങ്ങൾ ചോദിക്കുമ്പോൾ "Something went wrong" എന്ന എറർ സന്ദേശമാണ് ലഭിക്കുന്നത്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും മറുപടി ലഭിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നു.
തുടക്കത്തിലെ തെരക്ക് മൂലമാണോ അതോ സാങ്കേതിക തകരാറാണോ എന്നതിൽ ഇപിഎഫ്ഒ ഇതുവരെ ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല. അതിനാൽ സേവനം പൂർണമായി സജ്ജമാകാൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും.