ഇന്ത്യൻ ഫിൻടെക് വിപ്ലവത്തിന്റെ മുഖമായ ക്രെഡ് സ്ഥാപകൻ കുനാൽ ഷാ ഇനി വാട്സാപ്പിന്റെ ആഗോള അമരക്കാരൻ. ലോകമെമ്പാടുമുള്ള 300 കോടിയിലധികം വരുന്ന ആളുകളുടെ ഹൃദയമിടിപ്പായ വാട്സാപ്പിന്റെ തലപ്പത്തേക്ക് ഒരു ഇന്ത്യൻ സംരംഭകൻ നിയോഗിക്കപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്.
വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ക്രെഡിൽ 900 ദശലക്ഷം ഡോളർ നിക്ഷേപം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നിർണായക നിയമനം. ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ഭീമന്മാരുടെ തലപ്പത്ത് ഇന്ത്യൻ വംശജർ എത്താറുണ്ടെങ്കിലും പൂർണമായും ഇന്ത്യയിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിൽ വളർന്ന് വിജയം വരിച്ച ഒരു സംരംഭകൻ ഇത്രയും വലിയൊരു ആഗോള പ്ലാറ്റ്ഫോമിന്റെ നേതൃനിരയിലെത്തുന്നതും ഇതാദ്യമാണ്.
വെറുമൊരു സന്ദേശവിനിമയ ആപ്പ് എന്നതിനപ്പുറം, ബിസിനസ് സേവനങ്ങളും ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ മാന്ത്രികതയും ഡിജിറ്റൽ പേയ്മെന്റുകളുടെ സൗകര്യവും സമന്വയിപ്പിച്ച് വാട്സാപ്പ് ഒരു പുതിയ യുഗത്തിലേക്ക് ചുവടുവയ്ക്കുമ്പോഴാണ് കുനാൽ ഷായുടെ ഈ അത്യപൂർവ നിയോഗം. സിലിക്കൺ വാലിയുടെ ചട്ടക്കൂടുകളിൽ നിന്നല്ലാതെ, ഇന്ത്യയുടെ തനത് സ്റ്റാർട്ടപ്പ് മണ്ണിൽ വേരൂന്നി വളർന്ന ഒരു പ്രതിഭ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ പ്ലാറ്റ്ഫോമിന്റെ നായകനായി മാറിയെന്നത് ഇന്ത്യൻ സംരംഭകത്വത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം കൂടിയാണ്.
▲പഠനവും ജീവിതവും▲
പരമ്പരാഗതമായ ഐഐടി, ഐഐഎം ബിരുദങ്ങളുടെ തിളക്കമില്ലാതെ, ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളോട് പോരാടിയാണ് കുനാൽ ഷാ എന്ന പ്രതിഭ വളർന്നത്. മുംബൈയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം കോളജിൽ തെരഞ്ഞെടുത്തത് തത്വശാസ്ത്രമായിരുന്നു. കുടുംബ ബിസിനസ് തകർന്നപ്പോൾ പകൽ മുഴുവൻ ജോലി ചെയ്യാനും, പുലർച്ചെയുള്ള ക്ലാസുകളിൽ പങ്കെടുക്കാനുമായിരുന്നു അദ്ദേഹം ഈ വിഷയം തെരഞ്ഞെടുത്തത്. ജീവിതം പഠിപ്പിച്ച പാഠങ്ങളാണ് പിന്നീട് ടെക് ലോകത്തെ വിസ്മയിപ്പിച്ച തന്ത്രങ്ങളായി മാറിയത്.
▲സ്റ്റാർട്ടപ്പ് രംഗത്തേക്ക്▲
2010ൽ മൊബൈൽ റീചാർജ് പ്ലാറ്റ്ഫോമായ ഫ്രീചാർജ് സ്ഥാപിച്ചുകൊണ്ടാണ് കുനാൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗത്ത് ശ്രദ്ധേയനാകുന്നത്. പിന്നീട് 2015ൽ ഈ കമ്പനിയെ ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീൽ സ്വന്തമാക്കി. തുടർന്ന് വൈ കോംബിനേറ്റർ, സെക്വേയ ക്യാപിറ്റൽ തുടങ്ങിയ ആഗോള വെഞ്ച്വർ ഫണ്ടുകളുടെ ഉപദേശകനായി പ്രവർത്തിച്ച അദ്ദേഹം, 2018ലാണ് ക്രെഡ് സ്ഥാപിക്കുന്നത്.
ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുന്നവർക്ക് റിവാർഡുകൾ നൽകുന്ന വ്യത്യസ്തമായ ബിസിനസ് മോഡലിലൂടെ ക്രെഡ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫിൻടെക് ബ്രാൻഡുകളിലൊന്നായി മാറി. നിലവിൽ 4.5 ദശലക്ഷം ഡോളർ മൂല്യമുള്ള ക്രെഡ്, അതിന്റെ സർഗാത്മകവും ആകർഷകവുമായ പരസ്യങ്ങളിലൂടെയും വേറിട്ട ബിസിനസ് ശൈലിയിലൂടെയും ചുരുങ്ങിയ കാലം കൊണ്ടാണ് ജനഹൃദയങ്ങൾ കീഴടക്കിയത്.
തുടക്കം മുതൽ സാമ്പത്തികമായി ഉയർന്ന നിലവാരമുള്ള, സാങ്കേതികവിദ്യയോട് ആഭിമുഖ്യമുള്ള ഒരു പ്രത്യേക വിഭാഗത്തെയാണ് കുനാൽ ഷാ ക്രെഡിലൂടെ കൈകാര്യം ചെയ്തത്. എന്നാൽ, ഭാഷയും അതിരുകളുമില്ലാതെ ലോകത്തിലെ കോടി ക്കണക്കിനു മനുഷ്യർ ഉപയോഗിക്കുന്ന വാട്സ്ആപ്പിനെ നയിക്കുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണമായിരിക്കും.