കൊച്ചി: സ്വകാര്യ കമ്പനിയുടമയുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് കമ്പനി അക്കൗണ്ടിൽനിന്ന് 99 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ സൈബർ ക്രൈം പൊലിസ് കേസെടുത്തു. കമ്പനി സിഇഒ വെണ്ണല സ്വദേശി സാം ബാബുവിന്റെ പരാതിയിലാണ് കേസ്. മൊബൈൽ ഫോൺ ഹാക്ക് ചെയ്തശേഷം തട്ടിപ്പുകാരൻ കമ്പനിയിലെ ജീവനക്കാരിയോടു വാട്സാപ്പിൽ ചാറ്റ് ചെയ്ത് പണം ആവശ്യപ്പെട്ടു.
മറ്റൊരു നമ്പറിൽനിന്നുള്ള വാട്സാപ്പിൽനിന്നാണ് തട്ടിപ്പുകാരൻ ചാറ്റ് ചെയ്തത്. ഇൗ വാട്സാപ്പ് അക്കൗണ്ടിന്റെ ഡിപിയായി നൽകിയത് കമ്പനി സിഇഒയുടെ അതേ ചിത്രമായിരുന്നു.
തുടർന്ന് കമ്പനി അക്കൗണ്ടിലുള്ള പണം അയാൾ പറഞ്ഞ അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. തട്ടിപ്പുകാരൻ നൽകിയ ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകിയതെന്ന് എഫ്ഐആറിൽ പറയുന്നു. ഇൗ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് സൈബർ ക്രൈം പൊലിസ് അന്വേഷണം ആരംഭിച്ചു.