Business
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കന്പനിയായ ഇൻഡിഗോ ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു.
ഇന്ത്യൻ വിമാനക്കന്പനികൾ നടത്തുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് പദ്ധതികളിലൊന്നാണിത്. പൈലറ്റുമാരുടെ വിശ്രമവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ നടപ്പിലാക്കിയതിനെത്തുടർന്ന് ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടതിനാൽ ഡിസംബറിൽ ഏഴു ദിവസത്തിനുള്ളിൽ 5000 വിമാന സർവീസുകൾ ഇൻഡിഗോയ്ക്കു റദ്ദാക്കേണ്ടിവന്നു.
റിക്രൂട്ട്മെന്റിലൂടെ ട്രെയിനി ഫസ്റ്റ് ഓഫീസർമാർ, സീനിയർ ഫസ്റ്റ് ഓഫീസർമാർ, ക്യാപ്റ്റന്മാർ എന്നിവരെയാണ് നിയമിക്കുന്നത്. ഇൻഡിഗോ പ്രധാനമായും പറത്തുന്ന എയർബസ് എ320 വിമാനങ്ങൾ പറത്തി പരിചയമില്ലാത്ത പൈലറ്റുമാരെയും നിയമിക്കാൻ തയാറാണെന്ന് റിക്രൂട്ട്മെന്റ് അറിയിപ്പുകളിൽ ഒന്നിൽ പറയുന്നു.
പുതിയ നിയമങ്ങൾ പ്രകാരം പൈലറ്റുമാരുടെ ആഴ്ചയിലുള്ള വിശ്രമസമയത്തിൽ വർധന വരുത്തിയതിനൊപ്പം അർധരാത്രി 12 മണിക്കും പുലർച്ചെ ആറുമണിക്കും ഇടയിൽ ഒരു പൈലറ്റ് നടത്തേണ്ട ലാൻഡിംഗുകളുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തുകയും ചെയ്തു.
Kerala
ന്യൂഡൽഹി: സർവീസുകൾ താറുമാറായതിനു പിന്നാലെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിൻവലിച്ചു.
വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ നൂറുകണക്കിന് സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു.
ഇതിനുപിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടലുണ്ടായത്.