Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്കു നൽകിയ കത്തിൽ അന്വേഷണ തീരുമാനം നീളുന്നു.
മാസപ്പടി കേസിൽ പിണറായി വിജയനെയും മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിനെയും പ്രതി ചേർത്ത് കേസെടുക്കാൻ ഇവർക്കെതിരേ നേരിട്ടുള്ള മൊഴികളും തെളിവുകളും ഇല്ലെന്നാണ് അഡ്വക്കേറ്റ് ജനറൽ (എജി) ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുള്ളത്.
വിശദമായി പരിശോധിച്ചാൽ മാത്രമേ ഇതു സംബന്ധിച്ചു കൂടുതൽ തെളിവുകൾ ഉണ്ടോ എന്നു വ്യക്തമാകുകയുള്ളൂവെന്നും ഇതിനായി ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരുമെന്നുമാണ് എജി അറിയിച്ചിട്ടുള്ളത്.
സിഎംആർഎല്ലിൽ നിന്നു മാസപ്പടി വാങ്ങിയതിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിനുമെതിരേ പ്രത്യക്ഷത്തിൽ തെളിവുകൾ ഇല്ലെന്നാണ് പ്രാഥമിക അനുമാനം. എജിയുടെ നിയമപരിശോധനയ്ക്കു ശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാനാകൂ. നേരത്തേ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയ തെളിവുകളും മൊഴികളുമാണ് ഇഡിയുടെ കത്തിലുള്ളത്.
മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിൽനിന്നു പിടിച്ചെടുത്തതെന്നു പറയുന്ന റെഡ് ബുക്കിലെ വിവരങ്ങൾ ഇഡി നേരത്തേ കോടതിയിൽ ഹാജരാക്കിയിരുന്നു. വീണയുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിയാസിന്റെ സുഹൃത്തുക്കളുടെ കോഴിക്കോട്ടെ വീടുകളിൽ ഇഡി അന്നു പരിശോധന നടത്തിയത്. ഇതിൽനിന്നു കണ്ടെത്തിയ വിവരങ്ങളാണ് റെഡ് ബുക്കിലേതെന്ന് ഇപ്പോൾ സർക്കാരിനു കൈമാറിയ കത്തിലും പറയുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ ഇഡി നേരത്തേ കോടതിയിലും ഹാജരാക്കിയിരുന്നു.
സിഎംആർഎല്ലിൽനിന്നു പലപ്പോഴായി ടി. വീണ കൈപ്പറ്റിയ 3.28 കോടി രൂപ ബാങ്ക് വഴിയാണ് റിയാസിന്റെ സുഹൃത്തുക്കൾക്ക് കൈമാറിയത്. ഈ തുക മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിയായിരുന്ന റിയാസിനും വേണ്ടി വീണ കൈപ്പറ്റിയതെന്നാണ് ഇഡിയുടെ അനുമാനം. എന്നാൽ, ഇത് പിണറായിക്കു വേണ്ടിയുള്ളതാണെന്നു തെളിയിക്കാനുള്ള തെളിവുകളും മൊഴികളും കത്തിൽ ഇല്ലെന്നാണ് വിവരം.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴിയിലും പിണറായി വിജയനു വേണ്ടിയാണ് വീണയ്ക്ക് തുക കൈമാറിയതെന്നു പറയുന്നില്ല. കന്പനിയുടെ മുൻ ചീഫ് ഫിനാൻസ് ഓഫീസറായിരുന്ന സുരേഷിന്റെ മൊഴിയിൽ മാത്രമാണ് പിണറായി വിജയനും റിയാസിനും വേണ്ടിയാണ് വീണയ്ക്ക് മാസപ്പടി നൽകിയതെന്നു വ്യക്തമാക്കുന്നത്.
തെളിവുകളും മൊഴികളും അനുകൂലമല്ലാത്തതാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താനുള്ള നിയമോപദേശം നീളാൻ കാരണമാകുന്നത്. എന്നാൽ, നിയമോപദേശത്തിനു ശേഷം മാത്രമേ സർക്കാർ തുടർ തീരുമാനം എടുക്കുകയുള്ളൂ. വിജിലൻസിന്റെ പ്രാഥമിക പരിശോധനയ്ക്കാകും സാധ്യത ഏറെയുള്ളത്.
എന്നാൽ, മാസപ്പടി കേസിൽ ഇഡി നൽകിയ കത്ത് അതീവ ഗൗരവമുള്ളതാണെന്നും അന്വേഷണം നടത്താതിരിക്കാൻ സർക്കാരിനു കഴിയില്ലെന്നും കെപിസിസി യോഗത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിച്ചു. ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയിൽ ഇപ്പോഴത്തെ ചില മന്ത്രിമാരുടെ പേരുള്ളതിനാൽ വിജിലൻസിന്റെ കേസെടുത്തുള്ള അന്വേഷണത്തിനെ പലരും എതിർക്കുന്ന സാഹചര്യവുമുണ്ട്.
District News
ചെങ്ങന്നൂർ: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് പ്രകോപിതനായി പിണറായി വിജയൻ.
ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം. ചങ്ങനാശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഗസ്റ്റ് ഹൗസിലെത്തിയ പിണറായിയോട് ഇഡി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, -പുറത്തു നിൽക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത്റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല- എന്ന് അദ്ദേഹം കയർത്തു സംസാരിക്കുകയായിരുന്നു. അതേസമയം, വിഷയം ഗൗരവത്തോടെ കാണുന്നുണ്ടെന്നും നിയമപരമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ കേസിൽ തുടർനടപടികളിലേക്ക് കടക്കൂ എന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. തെളിവുകൾ വ്യക്തമായി പരിശോധിച്ച് നിയമപരമായ വഴിയിലൂടെ മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിലേക്ക് പണം കടത്തിയെന്ന് ആരോപണം
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ മകൾ വീണ തൈക്കണ്ടിയിൽ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി കണ്ടെത്തൽ. ഈ പണം കൈപ്പറ്റാനും വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്ക് കടത്താനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേതൃത്വം നൽകിയെന്നും സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കുന്നു.
അഴിമതിപ്പണം കൈമാറാനുള്ള വഴിയായാണ് വീണയുടെ ഐടി കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ ഉപയോഗിച്ചത്. കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) നിന്ന് യാതൊരു സേവനവും നൽകാതെയാണ് വലിയ തുക ലഭിച്ചത്. വീണയുടെ അക്കൗണ്ടിലെത്തിയ പണത്തിന്റെ വഴി അന്വേഷിച്ചപ്പോഴാണ് യഥാർഥ ഗുണഭോക്താക്കൾ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസുമാണെന്ന് കണ്ടെത്തിയത്.
സിഎംആർഎൽ എംഡി ശശിധരൻ കർത്ത നൽകിയ കൈക്കൂലിപ്പണം എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് വഴിയാണ് കൈമാറിയത്. പി. സുരേഷ് കുമാർ, ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, പി.വൈ. ഫൈജാസ്, എം. നന്ദുലാൽ തുടങ്ങിയവരാണ് പണം കൈമാറാൻ സഹായിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
സിഎംആർഎൽ എംഡി ഉൾപ്പെടെ 13 പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കള്ളപ്പണ നിരോധന നിയമത്തിലെ(പിഎംഎൽഎ) 66(2) വകുപ്പ് പ്രകാരമാണ് ഇഡി ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയത്. ഡിജിപിക്കു നൽകിയ റിപ്പോർട്ടിലെ ഒന്നാമത്തെ പേര് പിണറായി വിജയൻ്റേതാണ്. കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ തീരുമാനമുണ്ടായേക്കും.
Kerala
കോട്ടയം: മാസപ്പടി കേസ് വഴിത്തിരിവിലാണെന്നും യഥാര്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴല്നാടന് എംഎല്എ. പിണറായി വിജയന് പ്രതിപ്പട്ടികയില് വരുന്നത് വിദൂരമല്ലെന്ന് പറഞ്ഞപ്പോള് തന്നെ കളിയാക്കിയവരുണ്ട്. ഒരുപാട് പേർ സംശയത്തോടെ കണ്ടു. എന്നാൽ, ഇപ്പോൾ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് സര്ക്കാരിന് നിര്ദേശം ലഭിച്ചിരിക്കുന്നു. സംസ്ഥാന വിജിലന്സ്, സിബിഐ എന്നിവരില് ആരെങ്കിലും കേസെടുത്ത് അന്വേഷണം നടത്തണം.
സ്വന്തം പാര്ട്ടിയോടും കേരള ജനതയോടും പച്ചക്കള്ളം മാത്രമാണ് പിണറായി വിജയന് പറഞ്ഞത്. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാന് ശ്രമിച്ചു. മാസപ്പടിയിലെ സത്യം പുറത്തുവരാതിരിക്കാന് മൂടിവയ്ക്കാനും മറച്ചുവയ്ക്കാനുമാണ് പിണറായി വിജയന് ശ്രമിച്ചത്. കഴിഞ്ഞ 10 വര്ഷം അഴിമതിയും കൊള്ളയുമായി ലഭിച്ച കോടികള് വിദേശത്തേക്കു കൊണ്ടുപോയി. അതില് കിഫ്ബി മസാല ബോണ്ട് മുഖേനയുള്ള അഴിമതി പണവുമുണ്ട്.
അഴിമതി വിവരം സ്വപ്ന സുരേഷ് പറയാന് ശ്രമിച്ചു. പിണറായിയെ സിപിഎം പിന്തുണയ്ക്കുകയാണുണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില് ഇത്രയും വലിയ പതനം ഉണ്ടായത് അഴിമതി മൂലമാണ്. ഇഡി പറഞ്ഞത് സംസ്ഥാനത്തെ പോലീസോ വിജിലന്സോ കേസെടുക്കണമെന്നാണ്. അതിന് ആത്മാര്ഥമായ രീതിയില് തെളിവ് നല്കാൻ താൻ തയാറാണ്. അന്വേഷണ സംഘത്തിനും കോടതിക്കും ബോധ്യമാകുന്ന തെളിവ് നല്കും.
പോരാട്ടം തുടരും
കേസിലെ പോരാട്ടം അവസാനിപ്പിക്കില്ല. രാഷ്ട്രീയലാഭത്തിനു വേണ്ടിയല്ല, പ്രതീകരിച്ചത്. ഇതോടെ ഒരുപാട് വേട്ടയാടലിനു താന് ഇരയായി. നിരവധി കമ്പനികളില്നിന്ന് അഴിമതിപ്പണം പിണറായി വിജയന് കൈപ്പറ്റി.
പിണറായി വിജയനെപ്പറ്റി കേരളം ഞെട്ടുന്ന അഴിമതികള് പുറത്തുവരും. മനുഷ്യനിര്മിത പ്രളയം സൃഷ്ടിച്ചത് അഴിമതിക്കുവേണ്ടിയാണ്. അനധികൃത മണ്ണെടുപ്പിനും കരിമണല് കടത്തിനും വേണ്ടിയാണ് മനുഷ്യനിര്മിത പ്രളയം സൃഷ്ടിച്ചത്.
തോട്ടപ്പള്ളി സ്പില്വേയില്നിന്നു മണ്ണു മാറ്റിയത് ദൂരപരിധി ലംഘിച്ചാണെന്നും മാത്യു കുഴല്നാടന് പറഞ്ഞു. ഇഡി വാഹനം തകര്ക്കാന് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്ത്തകരെ ഇറക്കിവിടുകയാണ്. ഇതിനെ സിപിഎമ്മും പിന്തുണച്ചു. അവർ ഒരിക്കല് മറുപടി പറയേണ്ടിവരും.
താന് പറഞ്ഞ കാര്യങ്ങള് കോടതികള് വീണ്ടും പരിശോധിക്കട്ടെ. ഇഡിയിലല്ല, വിജിലന്സിലും കോടതിയിലുമാണ് തന്റെ വിശ്വാസമെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
District News
മല്ലപ്പള്ളി: കേരളത്തിലെ സഹകരണ മേഖലയ്ക്ക് എന്നും ഉയർത്തെഴുന്നേല്പിന്റെ ചരിത്രമാണ് അവകാശപ്പെടാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എഴുമറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധന സമയത്ത് സഹകരണ മേഖലയെ പ്രത്യേകം ലക്ഷ്യമിട്ടുള്ള ആക്രമണം ഉണ്ടായി.
എന്നാൽ അതിനെ ശക്തമായി കേരളത്തിലെ സഹകരണ മേഖല പ്രതിരോധിച്ചു. സഹകരണ മേഖലയെ ഒപ്പം നിർത്തുന്ന സമീപനമാകണം സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടതെന്നു പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പ്രതിസന്ധികളിൽ നിന്ന് കരകയറി വന്ന ചരിത്രമാണ് എഴുമറ്റൂർ സർവീസ് സഹകരണ ബാങ്കിനുള്ളത്. പരസ്പര സഹായ സംഘമായി ആരംഭിച്ച് ഇന്ന് മികച്ച സർവീസ് സഹകരണ ബാങ്ക് ആയി മാറിയതിന്റെ ചരിത്ര വഴികൾ പരിശോധിക്കുമ്പോൾ സഹകാരികളുടെ അർപ്പണ മനോഭാവത്തിനും, ജനപിന്തുണയ്ക്കും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് എസ്. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പഴകുളം മധു എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ബാങ്കിന്റെ മുൻ പ്രസിഡന്റുമാരെ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആദരിച്ചു. സംസ്ഥാന സഹകരണ യൂണിയൻ അംഗം പി.ആർ. പ്രസാദ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. ബാങ്ക് സെക്രട്ടറി സി. അലക്സാണ്ടർ റിപ്പോർട്ട് അവതരിപ്പിച്ചു.
സർക്കിൾ സഹകരണ യൂണിയൻ ജില്ലാ ചെയർപേഴ്സൺ ബിന്ദു ചന്ദ്രമോഹൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഉദയഭാനു, എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ടി. മുരളി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജയൻ പുളിക്കൽ,സ്വാഗതസംഘം ജനറൽ കൺവീനർ കെ. വിജയ വർമ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളിലും ബാർ ലൈസൻസുകൾ വാരിക്കോരി നൽകിയതായി രേഖകൾ. അവസാന 72 ദിവസം മാത്രം 22 മദ്യശാലകൾക്കാണ് അന്നത്തെ എക്സൈസ് വകുപ്പ് അനുമതി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാർച്ച് 15നു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 10 മദ്യശാലകളുടെ ലൈസൻസാണ് കൂട്ടത്തോടെ വിതരണം ചെയ്തതെന്നു രേഖകൾ വ്യക്തമാക്കുന്നു.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 21 ബാറുകൾക്കും ഒരു ബിയർ- വൈൻ പാർലറിനുമാണ് ലൈസൻസ് നൽകിയത്. ആലപ്പുഴ. കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലായാണു തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് പുതിയ മദ്യവിൽപന ശാലകൾ എത്തിയത്.
മാർച്ച് അഞ്ചു മുതൽ 15 വരെയുള്ള തീയതികളിലായിരുന്നു ഇതിൽ ഭൂരിഭാഗം ബാറുകളുടെയും ലൈസൻസ് വിതരണം ചെയ്തത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്ന് മൂന്നു മദ്യശാലകളുടെ ലൈസൻസ് വിതരണം നടത്തുന്നതു നിർത്തിവച്ചിരുന്നു. ജനുവരിയിൽ ഒൻപത് ബാർ ലൈസൻസുകളും ഫെബ്രുവരിയിൽ മൂന്നു ബാറുകളുടെ ലൈസൻസുകളുമാണ് വിതരണം നടത്തിയതായാണ് രേഖകൾ.
സംസ്ഥാനത്താകെ ഇപ്പോൾ 903 ബാറുകളാണ് നിലവിലുള്ളത്. കൂടാതെ 222 ബിയർ- വൈൻ പാർലറുകളുമുണ്ട്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്പോൾ സംസ്ഥാനത്ത് പഞ്ചനക്ഷത്ര പദവിക്കു മുകളിലുള്ള 29 ബാറുകൾ മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. നിലവാരമില്ലാത്ത ബാറുകൾ അടച്ചുപൂട്ടാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചതിനു പിന്നാലെ കോണ്ഗ്രസിലുണ്ടായ തർക്കങ്ങളാണ് പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള ബാറുകളുടെ അടച്ചുപൂട്ടലിൽ കലാശിച്ചത്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ബാറുകൾ നിലവിലുള്ളത്-211 എണ്ണം. തൃശൂരിൽ 116 ബാറുകളുണ്ട്. കാസർഗോഡ് ജില്ലയിലാണ് കുറവ് ബാറുകളുള്ളത്-11 എണ്ണം മാത്രം. 512 ത്രീസ്റ്റാറും 308 ഫോർ സ്റ്റാറും 57 ഫൈവ് സ്റ്റാറും 26 ഹെറിറ്റേജ് ഹോട്ടലുകളുമുണ്ട്. യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം വരാൻ ഇരിക്കുന്നതേയുള്ളൂ.
മദ്യശാലകളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കുന്നത് അടക്കമുള്ള നിർദേശമുണ്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ടിവരും.
Kerala
തിരുവനന്തപുരം: വി. ശിവന്കുട്ടി പാർട്ടി പത്രത്തിൽ പിഎം ശ്രീയെ ന്യായീകരിച്ച് എഴുതിയ ലേഖനം തന്നെയാണ് പിണറായി വിജയനുള്ള മറുപടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
പിണറായി വിജയന് സര്ക്കാരാണ് പിഎം ശ്രീ പദ്ധതിയില് ഒപ്പിട്ടത്. എന്നിട്ട് ഒപ്പിട്ടതിനെ ന്യായീകരിച്ചു. പിന്നീട് പിന്വലിക്കാനുള്ള കത്തല്ല, മരവിപ്പിക്കാനുള്ള കത്താണ് അയച്ചത്. കരാറില് മരവിപ്പിക്കാന് എന്ത് പ്രൊവിഷനാണുള്ളത്. ഞങ്ങളോട് പിന്മാറാമായിരുന്നില്ലേയെന്ന് ചോദിക്കുന്നവര്ക്ക് ഒപ്പിട്ടതിനു ശേഷം പിന്മാറാതിരുന്നത് എന്തുകൊണ്ടാണ്?
ഇഷ്ടമുള്ള കരിക്കുലം പഠിപ്പിക്കാമെന്ന് വി. ശിവന്കുട്ടിതന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്രസഹായം ആരുടെയും ഔദാര്യമല്ല. പേരിലല്ല കാര്യം. കേരളം നല്കുന്ന ജിഎസ്ടിയുടെ പകുതിയും കേന്ദ്രത്തിനാണ് പോകുന്നത്. മന്ത്രിസഭാ അംഗങ്ങള് അറിയാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കരാറില് ഒപ്പിട്ടതിനെതിരേയാണ് ഞാന് പ്രതിപക്ഷത്ത് ഇരുന്നപ്പോള് പറഞ്ഞത്.
പദ്ധതിയില് ഒപ്പുവച്ചാല് പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനല്കുന്നത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണ്. സംസ്ഥാനങ്ങള്ക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം ദേശീയ വിദ്യാഭ്യാസനയംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങള്ക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിച്ച ഏക സംസ്ഥാനവും കേരളമാണ്.
കേന്ദ്രാവിഷ്കൃത പദ്ധതികള് നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെ നികുതിപ്പണംകൂടി ഉപയോഗപ്പെടുത്തിയാണ്. സമഗ്രശിക്ഷാ, പിഎം പോഷണ് സ്റ്റാര്സ്, ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്നിവയും ഉന്നതവിദ്യാഭ്യാസമേഖലയിലെ പിഎം ഉഷയും ഇതിനകംതന്നെ നാം നടപ്പാക്കിവരുന്നു. ഈ പദ്ധതികളെയെല്ലാം കേന്ദ്രസര്ക്കാര് ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെടുത്തിയാണ് നടപ്പാക്കാന് ശ്രമിക്കുന്നത്.
2022 മുതല് സമഗ്രശിക്ഷാ പദ്ധതിയെ ദേശീയ വിദ്യാഭ്യാസനയം 2020ലെ 86 നിര്ദേശങ്ങളുമായി ബന്ധപ്പെടുത്തി പുനഃക്രമീകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളം തനതു പദ്ധതികള് നടപ്പാക്കി.
പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ അനുഭവങ്ങളും നിരന്തരമായ ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാന് വകുപ്പ് തീരുമാനിച്ചതെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ധാർഷ് ട്യവും പദപ്രയോഗങ്ങളും പ്രധാന കാരണമായെന്ന് സിപിഐ.
രണ്ടാം ഇടതുപക്ഷ സർക്കാരിൽ പിണറായി വിജയന്റെ വണ്മാൻ ഷോയായിരുന്നു. സിപിഎമ്മും പിണറായി വിജയനും പറയുന്നതായിരുന്നു സർക്കാരിന്റെ നയം.
ഇടതുമുന്നണി യോഗത്തിൽ പോയി പാർട്ടി നേതാക്കൾ വെറുതെ സമയം കളയുന്നതല്ലാതെ സിപിഎമ്മിനെ തിരുത്താനോ സർക്കാരിനെ നേരായ വഴിയിൽ കൊണ്ടുപോകാനോ കഴിയുന്ന ഒരു വർത്തമാനവും പറയാറില്ല.
സിപിഎം പറയുന്നതു ശരിയെന്നു മൂളി തിരിച്ചുവരുന്ന പണി മാത്രമേ പാർട്ടി നേതാക്കൾക്ക് ഉണ്ടായിരുന്നൂള്ളൂവെന്നും ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗണ്സിലിൽ ശക്തമായ വിമർശനമുയർന്നു.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയിൽ സിപിഎമ്മിനെ മാത്രം കുറ്റപ്പെടുത്തി സിപിഐക്കു മാറിനിൽക്കാനാകില്ല. തോൽവിയിൽ കൂട്ടുത്തരവാദിത്തമുണ്ട്. പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടതു പോലും പാർട്ടിയുടെ മന്ത്രിമാർ അറിഞ്ഞില്ല. മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ മാത്രമാണു പുറംലോകം സംഭവമറിയുന്നത്. പിന്നീടാണു സിപിഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതു പാർട്ടിക്കു വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നും ഇതിൽനിന്ന് പാർട്ടി നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും വിമർശനമുണ്ടായി.
തെരഞ്ഞെടുപ്പിൽ ജില്ലാ കൗണ്സിലുകൾ നൽകിയ സ്ഥാനാർഥിപ്പട്ടികയിൽനിന്നും ജയസാധ്യതയുള്ളവരെ സംസ്ഥാന നേതൃത്വം ഇടപെട്ട് ഒഴിവാക്കി. ഇതുകൊണ്ടു മാത്രമാണു ചടയമംഗലത്തും ചാത്തന്നൂരും സിപിഐ പരാജയപ്പെട്ടത്.
പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ യും വിമർശനമുയർന്നു. ഇപ്പോൾ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ടത് അനവസരത്തിലായിരുന്നു. പാർട്ടിയുടെ ഘടകങ്ങളിലോ ഇടതുമുന്നണിയിലോ ചർച്ച ചെയ്യാതെ ഇക്കാര്യം പാർട്ടി സെക്രട്ടറി പരസ്യമായി ആവശ്യപ്പെട്ടതു തെറ്റായിപ്പോയെന്നും നേതാക്കൾ പറഞ്ഞു.
ഇനി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിച്ചില്ലെങ്കിൽ സിപിഐക്കതു നാണക്കേടാണെന്നും അതിന്റെ ഉത്തരവാദിത്തം ബിനോയ് വിശ്വത്തിനു മാത്രമായിരിക്കുമെന്നും സംസ്ഥാന കൗണ്സിലിലെ ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പറഞ്ഞു.
രണ്ടു ദിവസങ്ങളിൽ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും ചർച്ച ചെയ്തു തയാറാക്കിയ തെരഞ്ഞെടുപ്പു റിവ്യൂ റിപ്പോർട്ടാണ് ഇന്നലെ സംസ്ഥാന കൗണ്സിൽ ചർച്ച ചെയ്തത്. ഇന്നും സംസ്ഥാന കൗണ്സിൽ ചേരും.
Kerala
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ വന്പൻ തോൽവിയെത്തുടർന്ന് പാർട്ടിയിൽ വേണ്ട തിരുത്തലുകൾ വരുത്തുമെന്നു പറഞ്ഞ സിപിഎം നേതൃത്വം കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സംസ്ഥാനസമിതി യോഗത്തിനുശേഷം പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങി.
തോൽവിയെ സംബന്ധിച്ചു പാർട്ടി ഘടകങ്ങളിലെല്ലാം ഉയർന്ന വിമർശനങ്ങളും നിർദേശങ്ങളും നേതാക്കൾ സംസ്ഥാന സമിതിയിൽ അതേ ഗൗരവത്തോടെ അവതരിപ്പിച്ചെങ്കിലും രണ്ടു ദിവസത്തെ യോഗം കഴിഞ്ഞപ്പോൾ അതെല്ലാം ആവിയായി. ഇനി രണ്ടു മാസത്തിനുശേഷം തോൽവി വിശദമായി വീണ്ടും പരിശോധിക്കാമെന്നു പറഞ്ഞു പാർട്ടി നേതൃത്വം തടിതപ്പി. ഇതോടെ തെറ്റുതിരുത്തൽ സിപിഎമ്മിൽ നനഞ്ഞ പടക്കമായി.
തെരഞ്ഞെടുപ്പു തോൽവിയെ സംബന്ധിച്ച് പാർട്ടി ഏരിയ കമ്മിറ്റി വരെയുള്ള ഘടകങ്ങൾ പരിശോധിച്ച കാര്യങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടായി തയാറാക്കുകയും സംസ്ഥാന സമിതിയിൽ അവതരിപ്പിക്കുകയും ചെയ്തത്. എന്നാൽ, സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് ഗൗരവമായ പരിശോധനയ്ക്ക് ഉതകുന്ന ഒന്നല്ലെന്ന കടുത്ത വിമർശനം സംസ്ഥാന സമിതിയിൽ ഉണ്ടായി.
►►രൂക്ഷവിമർശനം
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിഷ്ക്രിയമാണെന്നും ഇങ്ങനെയൊരു സെക്രട്ടേറിയറ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നുംവരെയുള്ള വിമർശനം നേതാക്കൾ നടത്തി. പക്ഷേ സംസ്ഥാന സമിതിയിൽ മറുപടി പറഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വിമർശനങ്ങൾ കുറിച്ചെടുത്തല്ലാതെ ഗൗരവമായ മറുപടിക്കു മെനക്കെട്ടില്ല.
ഇടതു സർക്കാരിനെതിരേ വന്ന വിമർശനങ്ങൾക്കു മറുപടി പറയാതെ പാർട്ടി പോളിറ്റ്ബ്യൂറോ അംഗംകൂടിയായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസ്ഥാന സമിതിയിൽ മൗനിയായി. പാർട്ടി നേതൃയോഗങ്ങളിൽ ആദ്യാവസാനം പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ദേശീയ രാഷ്ട്രീയം മാത്രം പറഞ്ഞു ഡൽഹിക്കു മടങ്ങി. ഇപ്പോൾ പാർട്ടി ബ്രാഞ്ചുകളിൽ തോൽവി സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുകയാണ്.
പിണറായി വിജയനും എം.വി.ഗോവിന്ദനും തന്നെയാണ് ഇവിടെയും വിമർശനവിധേയർ. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മുതൽ സംസ്ഥാന നേതാക്കളെവരെ പേരെടുത്തു പറഞ്ഞു ബ്രാഞ്ചുകളിൽ വിമർശിക്കുകയാണ്.
ഒന്നിനും കൊള്ളാത്ത മന്ത്രിമാർ, തലക്കനം മാത്രമുള്ള ജില്ലാ നേതാക്കൾ, ചാനൽ മൈക്കുകൾ കാണുന്പോൾ നിലതെറ്റി സംസാരിക്കുന്നവർ ഇങ്ങനെയായിരുന്നു ജില്ലാ കമ്മിറ്റികളിൽ വരെ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനമുയർന്നത്. എന്നാൽ, ഇതൊന്നും തങ്ങളെക്കുറിച്ചല്ലെന്ന നിഷേധാത്മകമായ സമീപനമാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചത്.
ഇനി എത്ര പറഞ്ഞാലും എത്ര പരിശോധിച്ചാലും സെക്രട്ടേറിയറ്റിന്റെ ഈ റിപ്പോർട്ട് തിരുത്താനാകില്ല. ഇല്ലെങ്കിൽ സിപിഎം കേന്ദ്ര കമ്മിറ്റി അതിനു തയാറാകണം. നിലവിലെ സാഹചര്യത്തിൽ അങ്ങനെയൊരു നീക്കം ആരും പ്രതീക്ഷിക്കുന്നുമില്ല.
►►സ്ഥാനാർഥി നിർണയം പാളി
കണ്ണൂർ ജില്ലയിലടക്കം സ്ഥാനാർഥിനിർണയത്തിൽ വലിയ പാളിച്ച ഉണ്ടായെന്നായിരുന്നു സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണനും തളിപ്പറന്പിൽ ടി.കെ. ഗോവിന്ദനും ജയിക്കുമെന്നു ആരും കരുതിയില്ലെന്ന തികച്ചും ദുർബലമായ വാദമാണു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേതൃയോഗങ്ങളിൽ നടത്തിയത്. ആരെ ഭയന്നിട്ടാണോ, സംസ്ഥാനത്തു ഭരണവിരുദ്ധ വികാരം ഇല്ലായിരുന്നുവെന്നും പറഞ്ഞു സ്ഥാപിക്കാൻ സംസ്ഥാന സമിതിയിൽ അദ്ദേഹം നന്നേ പാടുപെട്ടു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ സംസ്ഥാന സമിതിയിൽ ഉയർന്ന വിമർശനങ്ങൾക്കും ഗോവിന്ദൻ ചെവികൊടുത്തില്ല. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം മുതൽ സ്വർണക്കൊള്ളവരെ തോൽവിയുടെ കാരണങ്ങളിൽ പ്രധാന പങ്കുവഹിച്ചുവെന്നു കഴിഞ്ഞ സംസ്ഥാന സമിതിയിലും നേതാക്കൾ പറഞ്ഞിട്ടും അതൊന്നും കേട്ടഭാവംപോലും പിണറായിയോ ഗോവിന്ദനോ കാണിച്ചില്ല.
ചുരുക്കത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പു തോൽവി പരിശോധിക്കാൻ കൂടിയ രണ്ടു ദിവസത്തെ സംസ്ഥാന സമിതി യോഗം ഒരു തിരുത്തലും വരുത്തിയില്ലെന്നു മാത്രമല്ല, കാതലായ ഒരു സംഘടനാ തീരുമാനവും കൈക്കൊള്ളാനാകാതെ പിരിയുകയും ചെയ്തു.
കേരളത്തിലെ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിക്കുന്നതിൽ ശക്തമായ എതിർപ്പുണ്ടായി. ഇക്കാര്യത്തിൽ പിബിയിൽ വോട്ടെടുപ്പുവരെ ഉണ്ടായെന്നു സംസ്ഥാന സെക്രട്ടേറിയറ്റിലോ സംസ്ഥാന സമിതിയിലോ സമ്മതിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി തയാറായില്ല. ബേബിയുടെ ഈ നിലപാടിൽ പിബിയിലെ മിക്ക നേതാക്കൾക്കും എതിർപ്പുണ്ട്.
അടുത്ത സംസ്ഥാന സമിതി യോഗം ഓഗസ്റ്റ്വരെ നീട്ടിയതിനു പിന്നിൽ പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായെന്ന വിവരമാണു പാർട്ടി നേതാക്കൾതന്നെ നൽകുന്നത്.
Kerala
തിരുവനന്തപുരം: സ്ഥാപിത താത്പര്യക്കാരെ അഴിഞ്ഞാടാൻ വിട്ടാൽ ജനതാത്പര്യം സംരക്ഷിക്കാനാവില്ല. ഈ രീതി തുടർന്നാൽ അധികാരത്തിന്റെ ഇടനാഴികളിൽ പവർ ബ്രോക്കർമാരും ദല്ലാളന്മാരും ആധിപത്യം സ്ഥാപിക്കും.
വലിയതോതിലെ അഴിമതിക്ക് വഴിയൊരുക്കും. ഇത് തിരുത്തിയേ പറ്റൂ. ഭരണമാറ്റത്തിന്റെ പേരിൽ ന്യായീകരിക്കാനാവില്ല.
നവമാധ്യമ ട്രോൾ ഷെയർ ചെയ്തതിന് വിരമിക്കലിന് തൊട്ടുമുൻപുള്ള സസ്പെൻഷൻ ക്രൂരതയും അസഹിഷ്ണുതാപരമായ നടപടിയുമാണെന്നും പിണറായി പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ടു താൻ മൗനിബാബയാണോയെന്ന് ചോദിച്ച് 12 തവണയാണ് മാധ്യമങ്ങൾ പ്രതികരണം തേടിയതെന്നും അതിൽ ഒരുതവണ മൈക്ക് മുഖത്ത് ഇടിച്ചെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മൈക്ക് മുഖത്ത് ഇടിച്ചിട്ടും താൻ മിണ്ടാതെ പോയി.
ഇതൊക്കെ ശരിയാണോ എന്നു ചിന്തിക്കണം. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴും തിരിച്ചു വണ്ടിയിൽ കയറുന്പോഴുമെല്ലാം ചോദ്യങ്ങളുമായി പിന്തുടർന്നു. ഡൽഹി വിമാനത്താവളത്തിലും കൊച്ചിയിൽ രാത്രി വിമാനമിറങ്ങിയപ്പോഴും ചാനലുകൾ പ്രതികരണം തേടി പിന്നാലെ വന്നു.
“ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത്. കണ്ട ഉടനെ ഞാൻ പറഞ്ഞു, ഇഡിയെ ക്കൊണ്ട് പിണറായിയുടെ വീട് ഉടൻ റെയ്ഡ് ചെയ്യണം. മോദി അപ്പോൾ തന്നെ ഫോണ് എടുത്ത് കുത്തി. സതീശൻ വന്നിട്ട് ആദ്യമായി ഒരു കാര്യം പറയുകയാണ്. നാളെ രാവിലെ തന്നെ എല്ലാ സ്ഥലത്തും റെയ്ഡ് ചെയ്യണം. ഞാൻ പറഞ്ഞു.
ഒരു സ്ഥലത്ത് പോരാ, 12 സ്ഥലത്ത് ചെയ്യണം. അങ്ങനെയാണ് 12 സ്ഥലത്ത് റെയ്ഡ് ചെയ്തത്’- ഇങ്ങനെയാണ് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളോടു പറയുന്നത്. ഇങ്ങനെയൊക്കെ മറ്റാരു പറഞ്ഞാലും തന്നെക്കുറിച്ചു പിണറായി വിജയൻ ഇങ്ങനെ പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
താൻ മറുപടി പറയേണ്ട സമയം താനാണ് തീരുമാനിക്കേണ്ടത്. മാധ്യമങ്ങൾ ആവശ്യപ്പെടുന്പോഴല്ല. മറിച്ച്, താൻ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് വേണം. പ്രതികരണം പഠിച്ചിട്ടാകണം. വെറുതെ പറയാനാവില്ല. ഇതിനെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയുമായി താരതമ്യം ചെയ്യരുത്. എനിക്ക് മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയനും കണ്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയിൽ ഏറെ ശ്രദ്ധേയമായിരുന്നു പിണറായിയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം പ്രോ ടെം സ്പീക്കർ ജി. സുധാകരനുമായുള്ള കൈകൊടുപ്പും തോളത്തു തട്ടലും.
സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് പിന്തുണയോടെ അന്പലപ്പുഴയിൽ നിന്നും വിജയിച്ച ജി. സുധാകരൻ പ്രോ ടെം സ്പീക്കറായി ഇരുന്ന വേദിയിൽ പിണറായി വിജയൻ സഗൗരവമാണ് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തത്.
തുടർന്നു ഡയസിൽ പ്രോ ടേം സ്പീക്കറായ ജി. സുധാകരന്റെ അരികിലെത്തിയപ്പോൾ ഇരുവരും പരസ്പരം ഹസ്തദാനം നല്കുകയും തോളിൽ തട്ടുകയും ചെയ്തു. നിറപുഞ്ചിരിയോടെയാണ് പിണറായി സുധാകരന്റെ മുന്നിലെത്തിയത്.
ജി. സുധാകരൻ യുഡിഎഫ് പിന്തുണയോടെ മത്സരിച്ചപ്പോൾ അതിരൂക്ഷമായ വിമർശനവുമായി പിണറായി രംഗത്തെത്തിയിരുന്നു.എന്നാൽ അവയെല്ലാം മറന്ന് ഇരുവരും പുഞ്ചിരിയോടെ ഹസ്തദാനം നല്കുന്നതാണ് ഇന്നലെ സത്യപ്രതിജ്ഞവേളയിൽ കണ്ടത്.
Kerala
ആലപ്പുഴ: മുന് മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രക്കിടെ ആലപ്പുഴയില് മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് പ്രതിഷേധക്കാരെ മർദിച്ച സംഭവത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ചിതിൽ സന്തോഷമെന്ന് മർദ്ദനത്തിരയായ നിയുക്ത ആലപ്പുഴ എംഎൽഎ എഡി തോമസ്. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം പ്രഖ്യാപിച്ചത്.
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ചതിന്റെ പേരിലാണ് ഗൺമാന്റെ നേതൃത്വത്തിൽ അന്നത്തെ കെഎസ് യു ജില്ലാ പ്രസിഡൻ് എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. അജയ് ജുവൽ കുര്യാക്കോസിനെയും ജനറൽ ആശുപത്രി റോഡിൽ തല്ലിച്ചതച്ചത്.
ഈ മർദനത്തിനെ രക്ഷാപ്രവർത്തനമെന്ന് പിണറായി വിജയൻ വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. കേസില് തുടരന്വേഷണം വേണമെന്ന കോടതിയുടെ നിര്ദേശം കണക്കിലെടുത്താണ് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ സംഭവത്തില് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ തീരുമാനിച്ചത്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വിലയിരുത്തുന്നതിനായി ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസവും നേതൃത്വത്തിനെതിരെ അസാധാരണമായ വിമർശനശരങ്ങൾ. പാർട്ടിയുടെ ശക്തമായ കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഉണ്ടായ ദയനീയ പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി പ്രത്യേക കമ്മീഷനെ നിയോഗിച്ചു. രണ്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടുന്ന സംഘത്തിനാണ് അന്വേഷണച്ചുമതല.
പാർട്ടിയോഗങ്ങളിൽ സാധാരണയായി തുറന്നുപറയാൻ മടിക്കുന്നവർ പോലും ഇത്തവണ യോഗത്തിൽ മുന്നോട്ടുവന്ന് വിമർശനം ഉന്നയിച്ചതോടെയാണ്, പല വിഷയങ്ങളിലും അന്വേഷണം നടത്താമെന്ന് പ്രഖ്യാപിക്കാൻ നേതൃത്വം നിർബന്ധിതമായത്. പി.ബി. അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിച്ചതായി യോഗത്തിൽ വിമർശനമുയർന്നു.
മുഖ്യമന്ത്രിയായിരുന്ന കാലത്തെ പിണറായി വിജയന്റെ ഭാഷയും ശൈലിയും പ്രയോഗരീതികളും ജനങ്ങളെ വെറുപ്പിച്ചുവെന്ന് കമ്മിറ്റിയിൽ വിമർശനമുയർന്നു. പുതിയ 'ജെൻസി' തലമുറയുടെ ചിന്തകളെയും മാറ്റങ്ങളെയും മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്കും പാർട്ടിക്കും തിരിച്ചടിയുണ്ടായിട്ടും അത് മുന്നിൽക്കണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിരോധം തീർക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ജനങ്ങൾക്കായി സർക്കാർ നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടും തോറ്റതിനു പിന്നിൽ രാഷ്ട്രീയമായ വീഴ്ചയുണ്ടെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അമിത ആത്മവിശ്വാസം കാരണം പല മണ്ഡലങ്ങളും പാർട്ടി നേതൃത്വം വേണ്ടവിധം ശ്രദ്ധിച്ചില്ലെന്നും ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള ജാഗ്രതക്കുറവുണ്ടായെന്നും വിമർശനമുണ്ട്. പേരാവൂരിൽ മത്സരിച്ച കെ.കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രമുഖ നേതാക്കളാരും എത്തിയില്ലെന്ന ഗുരുതരമായ ആരോപണം യോഗത്തിൽ ഉയർന്നു.
അതേസമയം, തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ വിജയത്തിനായി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവർ നേരിട്ട് ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും പാർട്ടി പരാജയപ്പെട്ടു. പാർട്ടിയുടെ ഉറച്ച മണ്ഡലങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഏറ്റ പരാജയം അങ്ങേയറ്റം അപമാനകരമാണെന്ന് അംഗങ്ങൾ തുറന്നടിച്ചു. ജില്ലാ സെന്ററിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഈ തകർച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.
Kerala
കൊച്ചി: കളമശേരിയിൽ ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഏഴു സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ചെങ്ങമനാട് പോലീസാണ് കേസെടുത്തത്.
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കുന്നുകര ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിലാണ് ബൈ ബൈ പിണറായി ഫ്ലക്സ് വച്ചത്. ഈ ഫ്ലക്സ് രാത്രി ചിലർ കത്തിച്ചു കളയുകയായിരുന്നു.
സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകി. പരാതി കൊടുത്തതിലെ പ്രകോപനത്തിൽ കഴിഞ്ഞ ദിവസം രാത്രി അടുവാശേരിയിലെ ഇന്ദിര ഭവനിൽ സിപിഎം പ്രവർത്തകർ അതിക്രമിച്ച് കയറിയെന്നും കത്തി കാണിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
സിപിഎം-കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൈയാങ്കളി ഉണ്ടാവുകയും ചെയ്തു. ഓഫീസിൽ വച്ചിരുന്ന ഫ്ലക്സുകളും ഓഫീസിലെ മറ്റ് സാധനങ്ങളും സിപിഎമ്മുകാർ നശിപ്പിച്ചെന്നും കോൺഗ്രസ് നൽകിയ പരാതിയിലുണ്ട്.
Kerala
ആലപ്പുഴ: കേരളം ബൈ ബൈ പിണറായി എന്നു പറയേണ്ട സമയമായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ഡാഷ് മോനെ എന്നു രേവന്ത് റെഡിയോടു പറഞ്ഞ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിക്കണം.
മുഖ്യമന്ത്രിയുടെ നിലവാരവും ജി.സുധാകരനെ പോലുള്ളവർ എന്തുകൊണ്ട് നിലപാടെടുക്കുന്നുവെന്നും മനസിലായല്ലോ.
ജി.സുധാകരൻ സത്യത്തിനും നീതിക്കുവേണ്ടി പോരാടുന്ന നേതാവാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരന്റെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ വേദിയായ വട്ടപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kerala
തിരുവനന്തപുരം: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നു പ്രവർത്തിച്ച മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കന്യാസ്ത്രീകളെ ഉൾപ്പെടെ അന്യായമായി അറസ്റ്റ് ചെയ്യാൻ ബിജെപി സർക്കാരിന് എക്കാലവും ആയുധമായത് കോണ്ഗ്രസിന്റെ സംഭാവനകളാണെന്നത് രാഹുൽ ഗാന്ധി മറന്നുപോയോ? 2022- 23ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കിടെ ആയിരക്കണക്കിന് ഗോത്ര വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരെ സംഘപരിവാർ പ്രേരണയാൽ ആട്ടി ഓടിച്ചപ്പോൾ കോണ്ഗ്രസ് ഭരണമായിരുന്നില്ലേ അവിടെ? അന്ന് രാഹുൽ ഗാന്ധി പാർട്ടി നേതൃത്വത്തിൽ നിന്ന് അവധിയെടുത്തിരുന്നുവോ?
ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പു പ്രകാരമാണ് കന്യാസ്ത്രീകളെ ബിജെപി സർക്കാർ അറസ്റ്റു ചെയ്തത്. 2000ൽ മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോൾ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സർക്കാരാണ് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഛത്തീസ്ഗഡിലും അതേപടി നിലനിർത്തിയത്.
ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം റദ്ദാക്കാൻ പലഘട്ടങ്ങളിൽ വർഷങ്ങളോളം സംസ്ഥാനത്തു ഭരണത്തിലിരുന്ന കോണ്ഗ്രസ് തയാറായില്ല.
എന്തായാലും കോണ്ഗ്രസിന്റെ സ്വഭാവം വച്ച് സിപിഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും അദ്ദേഹം വരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: പിണറായി വിജയനെ വിമർശിക്കാതിരിക്കാൻ താൻ മോദിയല്ലെന്നു തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. മോദിയെപ്പോലെ സംസാരിക്കാൻ തനിക്കാകില്ലെന്നും കൊച്ചിയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
മോദി ബ്രദേഴ്സാണ് കേരളത്തിൽ യുഡിഎഫിനെ നേരിടുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ദൈവത്തിന്റെ സ്വത്തിനുപോലും സുരക്ഷയില്ലാത്ത സ്ഥിതിയാണ്.
തെലുങ്കാനയിൽ കോൺഗ്രസ് പ്രകടനപത്രികയിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കി. ഇതു നേരിൽക്കണ്ട് ബോധ്യപ്പെടുന്നതിനായി പിണറായി വിജയനെ തെലുങ്കാനയിലേക്ക് ക്ഷണിക്കുന്നു. ഇതിനായി പ്രത്യേക വിമാനം അടക്കം എല്ലാ സൗകര്യവും ഒരുക്കാം. എങ്ങനെയാണു തെലുങ്കാനയിൽ കോൺഗ്രസ് സർക്കാർ ഗാരന്റികൾ നടപ്പാക്കിയതെന്ന് നേരിട്ടു ബോധ്യപ്പെടുത്താം.
കേരളത്തിന്റെ എന്ത് ആവശ്യത്തിനും തെലുങ്കാന സർക്കാർ ഒപ്പമുണ്ടാകുമെന്നും രേവന്ത് റെഡ്ഢി പറഞ്ഞു.
Kerala
കണ്ണൂര്: രാജ്യതാത്പര്യങ്ങൾ മാനിക്കാതെ ഇന്ത്യയെ അമേരിക്കയ്ക്ക് അടിയറ വയ്ക്കാനുള്ള നീക്കമാണ് മോദി ചെയ്യുന്നതെന്നും മോദിയെ ട്രംപ് എങ്ങനെയാണോ നിയന്ത്രിക്കുന്നത് അതുപോലെ മോദി പിണറായിയെയും നിയന്ത്രിക്കുകയാണെന്നും രാഹുൽ ഗാന്ധി.
കണ്ണൂരിൽ ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം പോലീസ് മൈതാനിയിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
“രണ്ടു പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണു തെരഞ്ഞെടുപ്പിൽ നടക്കുന്നത്. കേരളത്തിൽ വന്ന പ്രധാനമന്ത്രി ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചും സിപിഎമ്മിനെക്കുറിച്ചും ഒരക്ഷരം ഉരിയാടാതിരുന്നത് ഇവർ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. കമ്യൂണിസ്റ്റ് ആശയങ്ങൾ ഉപേക്ഷിച്ച് ബിജെപിക്കൊപ്പം കൂട്ടുചേർന്ന സിപിഎം യഥാർഥ ഇടതുപക്ഷമല്ലാതായി മാറിയതിനൊപ്പം തീവ്ര വലതുപക്ഷമായിക്കഴിഞ്ഞു.
കേരളത്തിൽ സിപിഎം വിജയിക്കണമെന്നാണു പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് അതിന് കാരണം കോൺഗ്രസിനെയും യുഡിഎഫിനെയും തന്റെ വരുതിയിലാക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ്. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള കേസുകൾ ഒതുക്കിത്തീർക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്.
ബിജെപിയുടെ നിലപാടുകൾക്കെതിരേ ശബ്ദമുയർത്തിയതിന്റെ പേരിൽ പാർലമെന്റിൽ സംസാരിക്കാൻ എനിക്ക് അവസരം നിഷേധിച്ചവരാണു ബിജെപി. എന്നാൽ പുറമേ ബിജെപിയെ എതിർക്കുന്നതായി വരുത്തി തീർത്ത് അവരുമായി ഗാഢബന്ധം പുലർത്തുകയാണ് സിപിഎം ചെയ്യുന്നത്’’- രാഹുൽ പറഞ്ഞു.
“അദാനി ഉൾപ്പടെയുള്ള കോർപറേറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലാണു പ്രധാനമന്ത്രി ശ്രദ്ധയൂന്നത്. ബിജെപിയുടെ സാന്പത്തിക സ്രോതസ് അദാനിയാണ്. കഴിഞ്ഞ പത്തു വർഷത്തെ ബിജെപി ഭരണത്തിൽ അദാനി കന്പനിയുടെ വളർച്ച പരിശോധിച്ചാൽ അതിനു പിന്നിൽ വഴിവിട്ട ഇടപാടുകൾ കണ്ടെത്താം.
അമേരിക്കയുമായുള്ള വ്യാപാര-കാർഷിക കരാർ ഇന്ത്യയുടെ സന്പദ് വ്യവസ്ഥ തകർക്കും. കാർഷിക മേഖലയിൽ അമേരിക്കയ്ക്ക് കടന്നുവരാനുള്ള വാതിലുകൾ തുറന്നിടുന്നതോടെ ഇവിടെയുള്ള ചെറുകിട, ഇടത്തരം കർഷകരും കാർഷികാധിഷ്ഠിത സംരംഭങ്ങളും ഇല്ലാതാകും.
രാജ്യത്തെ ജനങ്ങളുടെ നിലനില്പിനും സുരക്ഷയ്ക്കുമാണ് കോൺഗ്രസും ഇന്ത്യാമുന്നണിയും ഊന്നൽ നൽകുന്നത്”- രാഹുൽ ഗാന്ധി പറഞ്ഞു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വക്താക്കൾക്കൊപ്പം കൂടിയ സിപിഎമ്മും കേരളത്തിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ പാകുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
Kerala
കോഴിക്കോട്: പിണറായിയുടെ യഥാർഥ മുഖം പുറത്തുവന്നത് പരാജയ ഭീതിയിലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പോകുന്ന പോക്കിൽ 200 ഓളം ബാറുകൾക്ക് ലൈസൻസ് നീട്ടിക്കൊടുത്തു.
പരാജയം ആദ്യം തിരിച്ചറിഞ്ഞത് പിണറായി ആണെന്നും അതുകൊണ്ടാണ് പിണറായിയുടെ യഥാർഥ മുഖം പുറത്തുവന്നതെന്നും പിആര് വര്ക്കുകൊണ്ടൊന്നും കാര്യമില്ലെന്നും പോകുന്ന പോക്കിൽ കടുംവെട്ട് നടത്തുന്നുവെന്നും 200 ബാറുകള്ക്ക് ക്ലാസിഫിക്കേഷനില്ലാതെ അനുമതി നൽകിയെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. പിന്നിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്നും കെ.സി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന് കീഴടങ്ങി, പിണറായി മോദിക്കും കീഴടങ്ങി. ഇതാണ് ഇരുവരും തമ്മിലുള്ള ഡീലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഗവർണർ വായിക്കാത്ത ഭാഗം മുഖ്യമന്ത്രി സഭയിൽ വായിച്ചു. സംസ്ഥാനം പാസാക്കിയ ബില്ലുകളുടെ കാര്യത്തിലുള്ള ഭാഗമാണ് ഗവർണർ വായിക്കാതിരുന്നത്.
ഗവർണർ നയപ്രഖ്യാപനം നടത്തി മടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ഗവർണറുടെ നടപടിയെ സഭ അംഗീകരിക്കുന്നില്ലെന്നു സ്പീക്കർ എ.എൻ.ഷംസീറും വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തിയത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറും ചൂണ്ടിക്കാട്ടിയത്.
Kerala
ചേർത്തല: മുസ്ലിം ലീഗിനെതിരെ കടന്നാക്രമണവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്. മത കലഹമുണ്ടാക്കാന് ലീഗ് ശ്രമിക്കുകയാണ്. മാറാട് ആവര്ത്തിക്കാനാണ് ശ്രമം.
മുസ്ലിം സമുദായത്തെ ഈഴവര്ക്കെതിരെ തിരിക്കാന് നോക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. ചേർത്തലയിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. ലീഗ് സാമൂഹിക നീതി നടപ്പിലാക്കിയില്ലെന്നും മലപ്പുറത്ത് മുസ്ലിം സമുദായത്തിനു മുട്ടിനുമുട്ടിനു കോളജുണ്ട്.
ഈഴവ സമുദായത്തിനു നല്കിയത് ഒരു എയ്ഡഡ് കോളജാണ്. ഭരണത്തിലിരുന്നപ്പോള് ലീഗ് എന്ത് ചെയ്തുവെന്ന് ആത്മപരിശോധന നടത്താന് വെല്ലുവിളിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന് സത്യം പറഞ്ഞതിനു തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിലെ തോല്വി സിപിഐ പരിശോധിക്കണമെന്ന വിമര്ശനം ഉയര്ത്തിയ വെള്ളാപ്പള്ളി താന് പിണറായിയുടെ ജിഹ്വയല്ലെന്നും പ്രശ്നാധിഷ്ഠിത പിന്തുണ മാത്രമാണ് നല്കുന്നതെന്നും പറഞ്ഞു.
Kerala
പിണറായി: കണ്ണൂർ പിണറായിയിൽ സിപിഎം പ്രവർത്തകൻ വിപിൻ രാജിന്റെ കൈപ്പത്തി തകർന്നതിന് കാരണമായ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അനധികൃതമായി നിർമ്മിച്ച സ്ഫോടക വസ്തുവാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
റീൽസ് ചിത്രീകരണത്തിനിടെയാണ് സ്ഫോടനം. പൊട്ടിയത് പടക്കം എന്നായിരുന്നു പോലീസിന്റെയും സിപിഎമ്മിന്റെയും വാദം. കനാല്ക്കരയില് ആളൊഴിഞ്ഞ ഭാഗത്തുണ്ടായ സ്ഫോടനത്തിലാണ് വിപിന് രാജിന്റെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്.
ഇയാളെ ഉടന് തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഓലപ്പടക്കം പൊട്ടിക്കുമ്പോള് അപകടമുണ്ടായെന്നാണ് യുവാവ് ആശുപത്രിയിലും പോലീസിലും അറിയിച്ചത്.
പോലീസ് എഫ്ഐആറിലും അപകട കാരണം പടക്കം പൊട്ടിയതാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പാനൂര് ഉള്പ്പടെയുളള മേഖലയില് പ്രയോഗിക്കാന് സിപിഎം വ്യാപകമായി ബോംബ് നിര്മിക്കുകയാണെന്ന് കോണ്ഗ്രസ് ആരോപണം രൂക്ഷമായ സമയത്താണ് സ്ഫോടനം നടന്നത്.
Leader Page
കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡി മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും നോട്ടീസ് അയച്ചു വാർത്തയുണ്ടാക്കി. ബോണ്ടിന്റെ അണിയറ ശില്പികളായ ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാം എന്നിവർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കുറി ചെന്നൈയിലെ അവരുടെ അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിയാണ് കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. മൂന്നു വർഷത്തെ അന്വേഷണത്തിനൊടുവിൽ ഇഡി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റിൽ കള്ളപ്പണ കേസിൽ സുപ്രധാന തീരുമാനം എടുക്കുന്ന അർധ ജുഡീഷൽ സംവിധാനമാണ് അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി. കേസന്വേഷണത്തിന്റെ ഭാഗമായി ഇഡി നടത്തിയിട്ടുള്ള കണ്ടുകെട്ടലുകൾക്ക് അംഗീകാരം കൊടുക്കുന്ന സംവിധാനമാണിത്. ഒരു ചെയർമാനും രണ്ടംഗങ്ങളുംഅടങ്ങിയതാണ് അഥോറിറ്റി. നിയമം, ഭരണം, ധനാകാര്യം വിഷയങ്ങളിൽ വിദഗ്ധരാണ് ഇതിലുള്ളത്. ഇവരാണ് ഇഡിയുടെ നടപടികളിൽ അന്തിമ തീരുമാനമെടുക്കുന്നത്.
180 ദിവസത്തിനകം ഇവർ തീരുമാനമെടുത്തില്ലെങ്കിൽ ഇഡിയുടെ നടപടി ലാപ്സാകും. ഇഡിയുടെ റിപ്പോർട്ടനുസരിച്ച് കുറ്റം ചെയ്തതായി ബോർഡിന് തോന്നുന്നവർക്കാണ് നോട്ടീസ് അയയ്ക്കുന്നത്. അതുകൊണ്ട് ഇഡിയുടെ കിഫ്ബി വിവാദത്തിൽ സുപ്രധാനമായ തീരുമാനം ഉണ്ടാകാൻ പോകുകയാണെന്നു കരുതാം. ലണ്ടൻ, സിംഗപ്പുർ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി 50,000 കോടി രൂപ സമാഹരിക്കുന്നതിനാണ് കിഫ്ബി 2019ൽ 9.72 ശതമാനം പലിശയ്ക്ക് മസാല ബോണ്ട് ഇറക്കിയത്. 2672 കോടി രൂപ സമാഹരിച്ചു.
ലാവ്ലിൻ ബന്ധം വീണ്ടും
ലോകബാങ്ക് 2.5 ശതമാനം പലിശയ്ക്കു പണം നല്കുന്ന കാലത്താണ് കിഫ്ബി 9.72 ശതമാനം പലിശയ്ക്കു ബോണ്ട് വിറ്റത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത 16 ഇന്ത്യൻ കന്പനികൾ 5.5 ശതമാനം മുതൽ 7.7 ശതമാനം വരെ പലിശയ്ക്ക് മസാല ബോണ്ട് ഇറക്കിയപ്പോഴാണ് കിഫ്ബി 9.2 ശതമാനം പലിശ വാഗ്ദാനം ചെയ്തത്.
കുപ്രസിദ്ധമായ ലാവ്ലിൻ കന്പനിയുമായി അടുത്ത ബന്ധമുള്ള സിഡിപിക്യു എന്ന കന്പനിക്കാണ് ബോണ്ട് വിറ്റതെന്ന് വിഷയം സഗൗരവം പഠിച്ചിട്ടുള്ള മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. ഈ കന്പനിക്ക് ലാവ്ലിൻ കന്പനിയിൽ 20 ശതമാനം ഷെയറുണ്ട്. ഈ കന്പനിയുടെ ഉദ്യോഗസ്ഥരും കേരള സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ രഹസ്യചർച്ച നടത്തിയശേഷമാണ് മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ചതും അതിന് 9.72 ശതമാനം പലിശ നിശ്ചയിച്ചതും പ്രൈവറ്റ് പ്ലേസ്മെന്റിലൂടെ ഇവർക്ക് ബോണ്ട് വിറ്റതും തുടങ്ങി രമേശ് പറയുന്നത് ഞെട്ടിക്കുന്ന കഥകളാണ്.
2019 മാർച്ച് 29നു മുന്പേതന്നെ കച്ചവടം നടന്നു, കാശും കിട്ടി. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിൽ അതു വന്നിരുന്നു എന്നാണ് രമേശ് പറയുന്നത്. അതിനു ശേഷമാണ് 2019 ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി ലണ്ടനിൽ പോയതും ബോണ്ട് കച്ചവടം ഉദ്ഘാടനം ചെയ്തതും. രമേശ് വലിയ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സ്പ്രിംഗ്ളർ ഇടപാടു മുതൽ രമേശ് ഉന്നയിച്ച എല്ലാ ആരോപണവും ശരിയെന്ന് തെളിഞ്ഞിട്ടുമുണ്ട്. അതായത്, ഇഡിയുടെ കൈയിൽ നല്ല തെളിവുണ്ടെന്ന് സാരം. മസാല ബോണ്ടിൽ ഒരു കിംഗ് പിൻ ഉണ്ടെന്ന് ചെന്നൈ വ്യവസായി മുഹമ്മദ് എർഷാദ് ഡൽഹി കോടതിയിൽ വെളിപ്പെടുത്തി. നേതാക്കളുടെ കള്ളപ്പണം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ ഇടനിലക്കാരനായ ഇയാളുടെ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിയെ ധരിപ്പിക്കാം എന്നും എർഷാദ് പറഞ്ഞു.
പതിവ് പരിപാടി ആകുമോ?
മസാല ബോണ്ടിൽ ഇഡി കിഫ്ബിക്കു നോട്ടീസ് അയയ്ക്കുന്നത് നടാടെയല്ല. 2024ൽ അയച്ച സമൻസ് പിൻവലിച്ചതാണ്. സമൻസ് അയച്ച് വാർത്തയുണ്ടാക്കുന്നു എന്നല്ലാതെ ഒന്നും ചെയ്യാത്ത ചടങ്ങായിട്ടുണ്ട് ഇഡിയുടെ നോട്ടീസുകൾ. അതുകൊണ്ട് ആ നോട്ടീസുകളോട് നാട്ടുകാർക്ക് ഒരുതരം പുച്ഛവുമായി. അത്തരത്തിൽ ഒന്നാകുമോ ഈ സമൻസ് എന്ന് കാത്തിരുന്നു കാണണം.
കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട്രോളർ ആന്ഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. രാജ്യത്തിനു പുറത്തുനിന്നു സംസ്ഥാനങ്ങൾ കടമെടുക്കരുതെന്ന ഭരണഘടനയുടെ അനുശാസനത്തിനു വിരുദ്ധമാണ് മസാല ബോണ്ട് എന്ന് സിഎജി കുറ്റപ്പെടുത്തി. എന്നാൽ, ഇത്തരം കാര്യങ്ങളിൽ അനുമതി നൽകാനുള്ള അവകാശം റിസർബ് ബാങ്കിനാണെന്നും അതു കിഫ്ബിക്ക് ഉണ്ടെന്നും കിഫ്ബി വാദിച്ചു. ഇതുവരെയുള്ള കടമെടുപ്പിലൂടെ 3100 കോടിയുടെ ബാധ്യത സർക്കാരിന് ഉണ്ടാക്കിയെന്നും വ്യക്തമാക്കി. ഇതിന്റെ വെളിച്ചത്തിലാണ് ഇഡി 2022ൽ കിഫ്ബിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്.
കിഫ്ബി സമാഹരിക്കുന്ന പണം സംസ്ഥാനത്തിന്റെ കടത്തിലാണ് കേന്ദ്രം ഉൾപ്പെടുത്തുന്നത്. എന്നാൽ, കേന്ദ്രത്തിലെ നാഷണൽ ഹൈവേസ് അഥോറിറ്റി സമാഹരിക്കുന്ന പണം ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുന്നതിനാൽ അവർ സമാഹരിക്കുന്ന തുക കേന്ദ്രസർക്കാരിന്റെ കടത്തിൽ ഉൾപ്പെടുത്തുന്നില്ല. യുസർ ഫീ ഏർപ്പെടുത്തിക്കഴിഞ്ഞാൽ കിഫ്ബിയുടെ കടങ്ങൾക്കും ഈ പരിഗണന കിട്ടും എന്ന ന്യായവും കേരള സർക്കാർ പുറത്തുവിട്ടിരുന്നു.
ആത്മാർഥതയിൽ വിശ്വാസമില്ല
കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡിയും സിബിഐയും പിണറായിക്കുവേണ്ടി പണിയെടുക്കുന്നവരാണ് എന്ന ധാരണ കേരളത്തിൽ ശക്തമാണ്. പിണറായി സർക്കാർ പലതരം സംഘർഷങ്ങളിൽ പെടുന്പോൾ അവർ അന്വേഷണം പ്രഖ്യാപിച്ച് വാർത്തയുണ്ടാക്കും. ജനം മറ്റു വിഷയങ്ങൾ ഉപേക്ഷിക്കുന്പോൾ അവർ പിൻവാങ്ങും. ചുരുക്കത്തിൽ, ഇതെല്ലാം ‘വെറും ചക്കളത്തിപ്പോരാട്ടം’ മാത്രം. ജനത്തിന് ഇഡിയെയും വിശ്വാസമില്ല.
ലാവ്ലിൻ ഇടപാടിലെ കേസ് പത്തു വർഷത്തിലേറെയായി സുപ്രീംകോടതിയിൽ അനങ്ങാതെ കിടക്കുന്നത് സിബിഐ കാരണമാണ്. അവർക്ക് കേസ് വാദിക്കാൻ സാധിക്കുന്നില്ല. 41 തവണയാണ് കേസ് മാറ്റിവച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ അടക്കമുള്ളവർ പ്രതിയായുള്ള സ്വർണക്കള്ളക്കടത്ത് കേസ് സ്വതന്ത്രവും നീതി പൂർവവുമായ വിചാരണയ്ക്കായി കർണാടകത്തിലേക്ക് മാറ്റണം എന്ന കേസും 2022 മുതൽ തീരുമാനമാകാതെ നീങ്ങുകയാണ്.
കോവിഡ് കാലത്ത് സ്പ്രിംഗ്ളർ കന്പനിക്ക് കേരളത്തിലെ 1.75 ലക്ഷം ജനങ്ങളുടെ ആരോഗ്യരഹസ്യം കൈമാറിയതു മുതലുള്ള ഇടപാടു മുതൽ കേന്ദ്ര ഏജൻസികൾ പിണറായിയുടെ ഇടപാടുകളോട് കാണിക്കുന്ന ഉദാര സമീപനം കേരളത്തിലെ സാധാരണക്കാരനും മനസിലാകുന്നുണ്ട്. ഈ ഡേറ്റകിട്ടിയതിനെത്തുടർന്നാണ് വിദേശഭീമൻ ആശുപത്രികൾ കേരളത്തിലെ വൻകിട ആശുപത്രികൾ കച്ചവടം ചെയ്തത്.
കൊച്ചിയിലെ സിഎംആർഎൽ കന്പനിക്കു വീണ തായ്ക്കണ്ടിയുടെ സ്ഥാപനമായ എക്സാലോജിക് ഒരു സേവനവും കൊടുക്കാതെ കൈപ്പറ്റിയ 1.71 കോടി രൂപ സംബന്ധിച്ച നടപടിക്രമങ്ങളും എവിടെ എത്തുമെന്ന് ആർക്കും ഉറപ്പില്ല. ബിജെപി നേതാവായ ഷോണ് ജോർജ് ഹൈക്കോടതിയിൽ പൊതുതാത്പര്യ പരാതി കൊടുത്തപ്പോൾ വല്ലതും സംഭവിച്ചേക്കുമെന്ന് കരുതി. സംഭവം സീരിയസ് ഫ്രോഡായി കണക്കാക്കി നടത്തിയ അന്വേഷണവും എവിടെയും എത്തുന്നില്ല. എല്ലാം ഒന്നും സംഭവിക്കാതെ അവസാനിക്കുന്നു.
ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ഇഡി വരുന്നു എന്നു കേട്ട് ജനം പേടിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടന്ന കേസന്വേഷണത്തിൽ കുടുങ്ങിയ കൊള്ളക്കാർ രക്ഷപ്പെടാൻ പോകുന്നു എന്നായിരുന്നു ഭയം. ഏതായലും ഇതുവരെ ഇഡിയുടെ അന്വേഷണം വരാത്തതുകൊണ്ട് പല പ്രതികളും അറസ്റ്റിലായി. വേറെ പലരും അറസ്റ്റ് ചെയ്യപ്പെടും എന്നു കരുതപ്പെടുന്നു.
പിണറായിയുടെ മാതൃക
സിപിഎം കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയുമൊക്കെ എന്തെല്ലാം വരട്ടുതത്വവാദങ്ങൾ പറഞ്ഞു സാധാരണക്കാരെ കബളിപ്പിച്ചാലും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരുമായി നല്ല ബന്ധത്തിൽ കഴിയുന്നതാണ് കേരളത്തിനു നല്ലതെന്നു തിരിച്ചറിയുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
പ്രധാനമന്ത്രി മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം കുറ്റപ്പെടുത്തിയും വിമർശിച്ചും പലതും പറയും. പക്ഷേ, കാര്യത്തോടടുക്കുന്പോൾ പരസ്പരം സഹായിക്കും. ഇപ്പോൾ രാജ്യസഭാഗം ജോണ് ബ്രിട്ടാസാണ് മധ്യസ്ഥൻ. കേന്ദ്രവുമായി പാലം പണിതാൽ എന്താണു തെറ്റെന്ന എം.വി. ഗോവിന്ദന്റെ ചോദ്യം വലിയ സൂചനയല്ലേ? ഫെഡറൽ സംവിധാനത്തിൽ അത് അനിവാര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Kerala
കൊച്ചി: മോദി സര്ക്കാരിന്റെ പരിപാടികള് നടപ്പിലാക്കാനുള്ള തിടുക്കമാണ് മിഖ്യമന്ത്രി പിണറായി വിജയനെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് എംപി.
മോദിക്ക് വിധേയനായ പിണറായി വിജയന് സര്ക്കാര് ജനവിരുദ്ധ, വര്ഗീയ നയങ്ങള് കേരളത്തില് നടപ്പിലാക്കുകയാണ്. ബിജെപിയുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പില് സിപിഎം മുന്നോട്ടു പോകുന്നത്.
പരാജയം തിരിച്ചറിഞ്ഞ് വിഷയം മാറ്റാനുള്ള ശ്രമമാണ് സിപിഎം ഇപ്പോള് നടത്തുന്നത്. രാഹുല് മാങ്കൂട്ടത്തില് വിഷയത്തില് കോണ്ഗ്രസ് ഒളിച്ചോടിയിട്ടില്ല. മറ്റേത് പാര്ട്ടിയേക്കാളും കൃത്യമായ നിലപാടും നടപടിയും കോണ്ഗ്രസ് എടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പില് ജനങ്ങളുടെ മനസ് യുഡിഎഫിനൊപ്പമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും സാമ്പത്തികവിഹിതവും എല്ഡിഎഫ് സര്ക്കാര് വെട്ടിക്കുറച്ചു.
പ്രതിവര്ഷം 2000 കോടിയുടെ പദ്ധതിവിഹിതമാണ് സര്ക്കാര് വെട്ടിമാറ്റിയത്. ജനങ്ങള് ഈ സര്ക്കാരിനെ മടുത്തു.പിഎം ശ്രീ വിവാദം യുഡിഎഫ് ഉണ്ടാക്കിയതല്ലെന്നും വേണുഗോപാല് പറഞ്ഞു.
Leader Page
2022 സെപ്റ്റംബർ ഏഴു മുതൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ‘പിഎം ശ്രീ സ്കൂൾസ് ഫോർ റെയ്സിംഗ് ഇന്ത്യ’ പദ്ധതി കേരളവും നടപ്പിലാക്കുകയാണെന്ന് പ്രഖ്യാപിച്ചത് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആണെങ്കിലും തീരുമാനം പിണറായിയുടെ വകയായിരുന്നു എന്നു പിൽക്കാല സംഭവങ്ങൾ തെളിയിച്ചു.
ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐ നഖശിഖാന്തം എതിർത്തിട്ടും സിപിഎമ്മിന്റെ ദേശീയ സെക്രട്ടറി എം.എ. ബേബി പോലും ആശങ്ക പ്രകടിപ്പിച്ചിട്ടും കേരളത്തിന്റെ പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഡൽഹിയിൽ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത് അതുകൊണ്ടു മാത്രമാണ്. ഇടതുമുന്നണിയിൽ പിണറായി എടുക്കുന്ന തീരുമാനം ആരെതിർത്താലും നടപ്പാക്കിയിരിക്കും എന്ന് ഒരിക്കൽകൂടി തെളിയുന്നു.
പ്രധാനമന്ത്രി മോദിയും പിണറായിയും തമ്മിൽ ഉണ്ടാക്കിയ കരാറുകളുടെ ഫലമാണ് ഈ നയംമാറ്റം എന്ന് ചിത്രീകരിക്കപ്പെടുന്പോഴും ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള രാഷ്ട്രീയമായ എതിർപ്പുമൂലം കേരളത്തിലെ വിദ്യാർഥികൾക്ക് ലഭിക്കേണ്ട 1,500 കോടി രൂപയുടെ കേന്ദ്രസഹായം പാഴാക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമായി. പ്രതിപക്ഷത്തും ഇക്കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അനുകൂലിക്കുന്പോൾ കെ.സി. വേണുഗോപാൽ എതിർക്കുന്നു.
പിഎം ശ്രീ സ്കൂൾ പദ്ധതി
ഇന്ത്യയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 27,360 കോടി രൂപയുടെ വിദ്യാഭ്യാസ നവീകരണ പദ്ധതിയാണ് പിഎം ശ്രീ. 2022-23 മുതൽ 2026-27 വരെയാണ് പദ്ധതിയുടെ കാലാവധി. 2026-2027നു ശേഷം പദ്ധതിയുടെ മുഴുവൻ ചെലവും സംസ്ഥാനത്തിനാണ്. ഇപ്പോൾ ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും. അതായത് കേന്ദ്രം ഈ ഇനത്തിൽ 18,128 കോടി രൂപ വിതരണം ചെയ്യുന്നു. ഈ ഇനത്തിൽ കേരളത്തിന് ലഭിക്കാവുന്നത് 1,500 കോടിയോളം രൂപയാണ്. വിദ്യാഭ്യാസമന്ത്രി പറഞ്ഞത് 1,466 കോടി രൂപ കിട്ടാനുണ്ട് എന്നാണ്. ഈ തുകയുടെ മുഴുവൻ ഭാഗവും പിഎം ശ്രീ പദ്ധതിയുടേതല്ല. ഈ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്ന സമഗ്രശിക്ഷാപദ്ധതിയുടെതാണ്.
സുപ്രീംകോടതി വിധിയിലൂടെ തമിഴ്നാട് പിഎം ശ്രീ പദ്ധതി നടപ്പാക്കാതെതന്നെ സമഗ്രശിക്ഷാപദ്ധതിയുടെ 700 കോടി രൂപ കേന്ദ്രത്തിൽനിന്നു നേടി. അതുപോലെ കേരളത്തിനും ശ്രമിക്കാവുന്നതാണ് എന്നു ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, വെറുതെ സമയം കളയുന്ന പരിപാടിയാണ് നിയമയുദ്ധം എന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. സമഗ്രശിക്ഷയിൽ 2,152 കോടി രൂപയുടെ ഫണ്ടാണ് തമിഴ്നാടിനു കിട്ടാനുള്ളത്. കോടതിവിധി മൂലം കിട്ടിയത് 700 കോടി മാത്രമാണ്.
കേരളവും തമിഴ്നാടും പശ്ചിമ ബംഗാളും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപ്പാക്കിയ പദ്ധതിയാണ് പിഎം ശ്രീ. ഇന്ത്യയിലെ 670 ജില്ലകളിലെ 12,400 വിദ്യാലയങ്ങളിൽ പദ്ധതി നടപ്പാക്കുന്നു. ഇതു നടപ്പാക്കാത്തതുമൂലം 2023-24ൽ സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് തടഞ്ഞപ്പോൾതന്നെ പുതിയ പദ്ധതി നടപ്പാക്കാം എന്നു കേരളം കത്തു നൽകിയിരുന്നു. എന്നാൽ, ധാരണാപത്രം ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രം സഹായം തടഞ്ഞു. വിദ്യാലയങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാക്കുക, മാനവവിഭവശേഷി വികസനം, സ്കൂൾ ലീഡർഷിപ്, സ്കൂളിന്റെ മാനേജ്മെന്റ് മോണിട്ടറിംഗ്, ഉപഭോക്താക്കളുടെ സംതൃപ്തി, കരിക്കുലം, പെഡഗോഗി, ജെൻഡർ ഇക്വാലിറ്റി തുടങ്ങിയവയ്ക്കായാണ് പണം നൽകുന്നത്. ഈ മേഖലകളിൽ കേരളം അല്ലാതെതന്നെ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. 40,000 സ്മാർട്ട് ക്ലാസ്റൂമുകൾ ഇപ്പോൾതന്നെ ഉണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതുകൊണ്ട് കേരള സർക്കാരിന്റെ വിഹിതം പണ്ടേ നടപ്പാക്കിയിട്ടുണ്ട്.
ഒരു ബ്ലോക്കിൽ രണ്ടു വിദ്യാലയങ്ങളാണ് പിഎം ശ്രീ പദ്ധതിക്ക് അർഹരാവുക. ഒരു എലമെന്ററി സ്കൂളും ഒരു സെക്കൻഡറി സ്കൂളും. കേരളത്തിൽ 336 സ്കുളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കാം. ഇപ്പോൾ കേരളത്തിലുള്ള 33 കേന്ദ്രീയ വിദ്യാലയങ്ങളിലും 14 നവോദയ സ്കൂളുകളിലും ഈ സഹായം ലഭിക്കുന്നുണ്ട്.
പദ്ധതി നടപ്പാക്കുന്പോൾ 2020ലെ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും. ദീർഘകാലമായി നിലനിന്ന 10 + 2 രീതി മാറി. 5+3+3+4 ആണ് പുതിയ പദ്ധതി. ഇതിനപ്പുറം എന്തു വ്യത്യാസമാണ് ദേശീയനയത്തിൽ എതിർക്കപ്പെടേണ്ടതായി ഉള്ളതെന്ന് വ്യക്തമല്ല. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കും എന്നാണു പൊതുവെ പറയുന്നത്.
കേരളത്തിലെ ആരോഗ്യവകുപ്പിലും കൃഷിവകുപ്പിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്പോൾ എന്തിന് പൊതു വിദ്യാഭ്യാസ വകുപ്പു മാത്രം മാറിനിൽക്കണം എന്നാണ് ശിവൻകുട്ടിയുടെ ചോദ്യം. കേന്ദ്രത്തിൽനിന്നു തുക വാങ്ങി വകമാറ്റിച്ചെലവാക്കാൻ ഉദ്ദേശിച്ചാകും ഇക്കാര്യത്തിലും വെപ്രാളം കാണിക്കുന്നത്. കൃഷിവകുപ്പിൽ അങ്ങനെ ചെയ്തതു പുറത്തറിഞ്ഞതിനാണ് കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് അപ്രീതി നേരിടേണ്ടി വന്നത്.
ശിവൻകുട്ടിയുടെ മനസുമാറ്റം ഇടതുമുന്നണിയിൽ വിഷയമായി. സിപിഐ ഈ തീരുമാനത്തെ രൂക്ഷമായി എതിർത്തു. സിപിഎമ്മിനും മറ്റു ഘടകകക്ഷികൾക്കും എതിർപ്പില്ല. അതുകൊണ്ട് മുന്നണി മര്യാദ അനുസരിച്ച് സിപിഐ ശിവൻകുട്ടിയുടെ മനസുമാറ്റത്തെ അംഗീകരിക്കേണ്ടതാണ്. എങ്കിലും സിപിഐയുടെ പ്രതിഷേധത്തെ സിപിഎം സംസ്ഥാന സെക്രട്ടറി വല്ലാതെ പുച്ഛിച്ചത് സിപിഐയെ വേദനിപ്പിച്ചു. “ഏതു സിപിഐ” എന്നാണ് ഗോവിന്ദൻ ചോദിച്ചത്.
സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി വിഷയത്തിൽ ഇടപെട്ടത് ഗൂഢലക്ഷ്യങ്ങളോടെ ആണെന്ന വ്യാഖ്യാനം ഉണ്ടായിട്ടുണ്ട്. പിണറായിയുടെ കൈയിൽനിന്ന് പാർട്ടി പിടിച്ചെടുക്കാൻ ബേബി നടത്തുന്ന നീക്കത്തിന്റെ ഭാഗം എന്നുവരെയാണ് വ്യാഖ്യാനം. മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ എതിർപ്പ് പ്രകടിപ്പിച്ചു. 1969ലെ പോലെ ഒരു കുറുമുന്നണി ഉണ്ടാക്കാനൊന്നും ഇപ്പോൾ സിപിഐക്കാവില്ല. കാരണം ഇടതുമുന്നണിയിലെ മറ്റു കക്ഷികളെല്ലാം കടുത്ത പിണറായിപക്ഷക്കാരാണ്. അതുകൊണ്ട് സിപിഐ ഓടിയാൽ ഇത്രദൂരം എന്ന സമീപനം സിപിഎമ്മിനും കാണും. ഗ്രഹണ കാലത്ത് നീർക്കോലിക്കും വിഷം എന്ന ചൊല്ലുപോലെ തെരഞ്ഞെടുപ്പ് അടുക്കുന്പോൾ സിപിഐക്കും ശക്തി ഉണ്ടല്ലോ.
ശബരിമലയിൽ സർക്കാർ വെള്ളംകുടിക്കുന്നു
ശബരിമലയിലെ സ്വർണക്കൊള്ളയിൽ സർക്കാർ വെള്ളംകുടിക്കുകയാണ്. അടച്ചിട്ട മുറിയിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി മാത്രം സസാരിക്കുകയും, മുദ്രവച്ച കവറിൽ ഹാജരാക്കിയ രേഖകൾ പരിശോധിക്കുകയും ചെയ്തശേഷം ഹൈക്കോടതി പുറപ്പെടുവിച്ച നിരീക്ഷണങ്ങൾ ഇപ്പോഴത്തെ ദേവസ്വം ബോർഡിനും അതിലൂടെ സർക്കാരിനും തലവേദന ഉണ്ടാക്കുന്നതാണ്. സ്വർണക്കവർച്ചയുടെ ഉത്തരവാദിത്വത്തിൽനിന്ന് ഇപ്പോഴത്തെ ബോർഡിന് ഒഴിഞ്ഞു നിൽക്കാനാകില്ലെന്നു ഹൈക്കോടതി പറഞ്ഞു. സ്വർണക്കവർച്ചയിൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഏറ്റവും ഉന്നതർ മുതൽ താഴെത്തട്ടിൽ വരെയുള്ള ഓരോരുത്തരുടെയും പങ്ക് വിശദമായി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ബോർഡ് ഉന്നതർക്കു മോഷണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മാറാനാകില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ദേവസ്വം ബോർഡ് യോഗത്തിന്റെ മിനിറ്റ്സ് പിടിച്ചെടുക്കാൻ കോടതി നിർദേശം കൊടുത്തു. കോടതി നടത്തിയ ‘ഏറ്റവും ഉന്നതൻ’ എന്ന പ്രയോഗത്തിൽ ദേവസ്വം മന്ത്രിയും ഉണ്ടെന്ന് പ്രതിപക്ഷം വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനം കേട്ട് ആരും രാജിവയ്ക്കാൻ പോകുന്നില്ല എന്നത് സത്യം. പക്ഷേ, അതിലേക്ക് കാര്യങ്ങൾ എത്തുമോ എന്നു സംശയിക്കണം. വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് എല്ലാക്കാര്യവും ഹൈക്കോടതിയെ ബോധ്യപ്പെടുത്തും എന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് പഴയ ആത്മവിശ്വാസം ഇല്ല. എപ്പോഴും സർക്കാരിനെ പ്രതിരോധിക്കുന്ന വെള്ളാപ്പള്ളി നടേശൻ, മന്ത്രി വാസവനെ ന്യായീകരിച്ചുകൊണ്ട് കേരളത്തിലെ എല്ലാ ദേവസ്വം ബോർഡും പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടത് വെറുതെയാവില്ലല്ലോ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലാണ് പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ദൈവത്തിന്റെ സ്വര്ണം മോഷ്ടിച്ച ലോകത്തിലെ ആദ്യ സര്ക്കാരാണ് പിണറായി വിജയന് സര്ക്കാരെന്ന് പി.കെ. കൃഷ്ണദാസ്. ശബരിമലയിലെ സ്വര്ണക്കൊള്ളയ്ക്കെതിരെ ബിജെപിയുടെ രാപ്പകല് സമരത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വര്ണക്കൊള്ളയ്ക്കെതിരെ രാത്രി ഏഴോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരഗേറ്റിലേക്ക് പ്രകടനമായെത്തിയ ബിജെപി പ്രവര്ത്തകരും നേതാക്കളും ഉപരോധ സമരം ആരംഭിച്ചു. സംസ്ഥാന നേതാക്കള് പ്രവര്ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു.
വിവിധ ജില്ലകളില് നിന്നെത്തിയ പ്രവര്ത്തകര് രാത്രി വൈകിയും സമരഗേറ്റിന് മുന്നില് തുടരുകയാണ്. ഉപരോധ സമരം ശനിയാഴ്ച രാവിലെ 11ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ഉദ്ഘാടനം ചെയ്യും.
സ്വര്ണക്കടത്തിന് പിന്നില് പ്രവര്ത്തിച്ചവര് നിയമത്തിന്റെ മുന്നില് വരണമെന്നും രാജിവച്ച് പുറത്തുവന്ന് സര്ക്കാര് ഉത്തരം പറയണമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. രാപ്പകല് സമരത്തില് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, അനൂപ് ആന്റണി, എസ്. സുരേഷ് എന്നിവര് പങ്കെടുത്തു. കനത്ത മഴ നനഞ്ഞ് സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ഉള്പ്പെടെയുള്ള മുതിര്ന്ന നേതാക്കളും പ്രവര്ത്തകരും രാപകല് സമരത്തിന്റെ ഭാഗമായി.