Kerala
കൊച്ചി: സിഎംആര്എല്-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്സ് അന്വേഷണത്തിന് അനുമതി നല്കിയ സിംഗിള് ബെഞ്ച് വിധിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് നല്കിയ അപ്പീലിന് അനുമതിയില്ല. അപ്പീല് നല്കാനുള്ള അപേക്ഷ ഹൈക്കോടതി തള്ളി. നിയമപരമായി വിജിലന്സ് എഫ്ഐആര് രജിസ്റ്റര് ചെയ്ത സാഹചര്യത്തില് അപ്പീല് നല്കാന് അനുമതിയില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അപ്പീല് സാങ്കേതികമായി നിലനില്ക്കില്ലെന്ന് ജസ്റ്റിസുമാരായ കെ നടരാജന്, ജോണ്സണ് ജോണ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. പിണറായി വിജയന്, മകള് ടി. വീണ, മുന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള് ഉള്പ്പെടെയുള്ളവരാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് എഫ്ഐആര് റജിസ്റ്റര് ചെയ്യാനായിരുന്നു ജസ്റ്റിസ് എ. ബദറുദീന് അധ്യക്ഷനായ സിംഗിള് ബെഞ്ച് ഉത്തരവിട്ടത്. ഇതനുസരിച്ച് വിജിലന്സ് രണ്ടു കേസുകള് റജിസ്റ്റര് ചെയ്തിരുന്നു. സിംഗിള് ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഹര്ജിയില് തീര്പ്പാകുന്നതു വരെ സ്റ്റേ അനുവദിക്കണമെന്നുമായിരുന്നു അപ്പീലിലെ ആവശ്യം.
സിംഗിള് ബെഞ്ച് പരിഗണിച്ച കേസില് കക്ഷികളല്ലാത്തവര്ക്ക് അപ്പീലുമായി സമീപിക്കാനാകുമോ എന്ന കാര്യത്തിലാണ് വാദം നടന്നത്. സംസ്ഥാന സര്ക്കാര് തീരുമാനിച്ച പ്രാഥമികാന്വേഷണത്തിനായുള്ള എസ്ഐടി റദ്ദാക്കി, ഇഡി നല്കിയ കത്തില് വിജിലന്സ് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷിക്കാനാണ് സിംഗിള് ബെഞ്ച് ഉത്തരവിട്ടത്. കെഎം ഷാജഹാനാണ് സിംഗിള് ബെഞ്ചില് ഹര്ജി നല്കിയത്.
സിഎംആര്എല് ഇടപാടില് വിജിലന്സ് രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര് ചെയ്തത്. വിജിലന്സ് എടുത്ത ആദ്യ കേസില് പിണറായി വിജയന് ഒന്നാം പ്രതിയും മകള് രണ്ടാം പ്രതിയുമാണ്. സിഎംആര്എല് കമ്പനി ഉടമ ശശിധരന് കര്ത്ത ഉള്പ്പടെ ഏഴ് പ്രതികളാണ് ഈ കേസിലുള്ളത്. മന്ത്രിയായിരിക്കെ മുഹമ്മദ് റിയാസ് അനധികൃതമായി ഉണ്ടാക്കിയ പണം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന ഇഡി കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ്. ഇതിലും വീണയാണ് രണ്ടാം പ്രതി.
Kerala
തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തെ വർഗീയവത്കരിക്കാൻ സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രമം നടക്കുന്നതിനെതിരെ നിയമസഭയിൽ ശക്തമായ പ്രതിഷേധം.
വിഷയം സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനും, ഇത്തരം പ്രചാരണങ്ങൾ മനുഷ്യത്വരഹിതവും സംസ്കാരത്തിന് നിരക്കാത്തതുമാണെന്ന് വ്യക്തമാക്കിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
അപകടത്തെ വർഗീയമായി സമീപിച്ച് അങ്ങേയറ്റം വൃത്തികെട്ട പ്രചാരണങ്ങൾ നടത്തിയവരെ പൂർണമായി അപലപിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും, ദുരന്തത്തെ പോലും വർഗീയവത്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണത്തിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. ഡിഐജി തോംസൺ ജോസിന്റെ മേൽനോട്ടത്തിലാണ് രണ്ട് കേസുകളുടെയും അന്വേഷണം നടക്കുന്നത്. ഇഡി നൽകിയ റിപ്പോർട്ടിന്റെയും ഹൈക്കോടതി നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് വിജിലൻസ് രണ്ട് വെവ്വേറെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.
പിണറായി വിജയൻ ഒന്നാം പ്രതിയായ മാസപ്പടി കേസ് എസ്പി ഇ.എൻ സുരേഷും, മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കള്ളപ്പണ-ഹവാല ഇടപാട് കേസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്പി ബാലകൃഷ്ണനുമാണ് അന്വേഷിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം എടുത്ത ഈ രണ്ട് കേസുകളിലും മുഖ്യമന്ത്രിയുടെ മകളും മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയൻ രണ്ടാം പ്രതിയാണ്. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും കേസിൽ കുടുക്കാനാണ് നീക്കം നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇഡിക്കെതിരെ സർക്കാർ അപ്പീലിന് പോകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയെ തുറന്ന് കാട്ടാൻ നാളെയും മറ്റന്നാളുമായി രണ്ട് സെമിനാറുകൾ സംഘടിപ്പിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. തിരുവനന്തപുരത്തും കോഴിക്കോടുമായാണ് സെമിനാർ സംഘടിപ്പിക്കുക. ഇഡിയെ ഉപയോഗിച്ച് ഏത് സർക്കാരിനെയും വീഴ്ത്താമെന്നതാണവസ്ഥയെന്നും അദ്ദേഹം ആരോപിച്ചു.
ഇലക്ഷൻ കമ്മിഷൻ ആർഎസ്എസിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനും ബിജെപി വിരുദ്ധ സർക്കാരുകളെ അസ്ഥിരപ്പെടുത്താനും കേന്ദ്ര സർക്കാർ നീക്കം നടത്തുകയാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് അനുകൂലമായ സംസ്ഥാന സർക്കാരിന്റെ നിലപാടിന് പിന്നാലെ രൂക്ഷവിമർശനവുമായി കേസിലെ ഹർജിക്കാരൻ കെ.എം. ഷാജഹാൻ.
ജനം പുറംകാലുകണ്ട് ചവിട്ടി പുറത്താക്കിയ പിണറായിയെ രക്ഷിക്കാനുള്ള ദൗത്യമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുത്തിരിക്കുന്നതെന്ന് കെ.എം. ഷാജഹാൻ ആരോപിച്ചു. ഞെട്ടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷം യുഡിഎഫ് ചെയ്ത സമരങ്ങളെ അധികാരത്തിൽ വന്നപ്പോൾ സതീശൻ റദ്ദ് ചെയ്യുകയാണെന്നും ഷാജഹാൻ അഭിപ്രായപ്പെട്ടു. തെളിവുണ്ടെന്ന് കണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: സിഎംആര്എല്-എക്സാലോജിക് ഇടപാടില് വിജിലന്സിന് കേസ് എടുക്കാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. സിംഗിള് ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേയില്ല. ഗുരുതര കുറ്റമെങ്കില് എഫ്ഐആര് രജിസ്റ്റര് ചെയ്യാമെന്നും സിംഗിള് ബെഞ്ച് ഉത്തരവിനെ എതിര്ക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
പിണറായി വിജയന് ഉള്പ്പെടെയുള്ളവര് നല്കിയ അപ്പീല് അനുമതി അപേക്ഷ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പറയാന് മാറ്റി. അതേസമയം, ഇഡി നല്കിയ കത്തില് പിണറായി വിജയനെതിരെ കേസെടുക്കാന് മതിയായ തെളിവുകള് ഇല്ലെന്ന് സര്ക്കാര് ഡിവിഷന് ബെഞ്ചിലും ആവര്ത്തിച്ചു.
ഹര്ജിക്കാരനായ കെ.എം. ഷാജഹാനെതിരെ സര്ക്കാര് രംഗത്തെത്തി. കോടതിയലക്ഷ്യ നടപടി നേരിടുന്നയാളാണ് ഷാജഹാനെന്നും വിശ്വാസ്യതയുള്ള ഹര്ജിക്കാരന് അല്ലെന്നും കോടതിയില് അറിയിച്ചു. പിണറായി വിജയനെതിരെ എഫ്ഐആര് ഇട്ടതില് എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി ആവര്ത്തിച്ചു. സിംഗിള് ബെഞ്ചിന്റെ വിധി ഇല്ലെങ്കിലും എഫ്ഐആര് ഇടാമല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
ലഭിച്ച തെളിവുകള് കേസെടുക്കാന് തൃപ്തികരം അല്ലായിരുന്നുവെന്നാണ് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചത്. എന്നാല് പിണറായി അടക്കമുള്ള പ്രതികളുടെ ഹര്ജിയെ ഇഡി കോടതിയില് എതിര്ത്തു. സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ പ്രതികള്ക്ക് എങ്ങനെ അപ്പീല് നല്കാന് കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം.
Kerala
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട കത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് സമർപ്പിച്ച ഹർജിയിൽ അനുകൂല നിലപാടുമായി സംസ്ഥാന സര്ക്കാര്.
കേസെടുക്കാന് മതിയായ തെളിവുകള് ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില് വ്യക്തമാക്കി.
ലഭിച്ച തെളിവുകൾ കേസെടുക്കാൻ തൃപ്തികരം അല്ലായിരുന്നുവെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇഡി നല്കിയ തെളിവുകള് കേസെടുക്കാന് പര്യാപ്തമല്ലെന്നും പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നും സര്ക്കാര് കോടതിയെ അറിയിച്ചു.
അതേസമയം, പിണറായി അടക്കമുള്ള പ്രതികളുടെ ഹർജിയെ ഇഡി കോടതിയില് എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം. അപ്പീലില് വാദം തുടരുകയാണ്.
Kerala
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്തതിനെ പരിഹസിച്ച് സിപിഎം നേതാവ് പി. രാജീവ്. എഫ്ഐആർ വേണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും അത് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യം ആണെന്നും പി. രാജീവ് പറഞ്ഞു.
അതിലാണ് കോടതി കൈകടത്തിയതെന്ന് പി. രാജീവ് ആരോപിച്ചു. കേസിൽ ഉൾപ്പെടുന്ന കക്ഷികൾക്ക് ഒരു നോട്ടിസ് പോലും നൽകിയില്ല. ഇതിലെ രാഷ്ട്രീയം കോൺഗ്രസ് മനസിലാക്കുന്നില്ലെന്നും ബിജെപിക്ക് വിധേയമാകാനാണ് കേരളത്തിലെ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യമാകെ എസ്ഐആർ ക്രമക്കേടിൽ പ്രതിഷേധം ശക്തമാകുമ്പോൾ ഇവിടെ എഫ്ഐആറിലാണ് ശ്രദ്ധയെന്നും ഇതിന് പിന്നിൽ ബിജെപി ഡീൽ ആണെന്നും രാജീവ് വിമർശനം ഉന്നയിച്ചു. നാളെ രാഹുൽ ഗാന്ധിക്ക് എതിരെ ഇഡി ഒരു റിപ്പോർട്ട് എവിടെയെങ്കിലും കൊടുത്താൽ എഫ്ഐആർ ഇടുമോയെന്നും പി.രാജീവ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: സിഎംആര്എല്- എക്സാലോജിക് കേസില് ഹൈക്കോടതിയില് അപ്പീല് നല്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാസപ്പടി കേസില് വിജിലന്സ് എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്ന സിംഗിള് ബെഞ്ച് വിധി റദ്ദാക്കണമെന്നാണ് ഹര്ജിയിലെ ആവശ്യം.
പിണറായി വിജയന് അടക്കമുള്ളവര്ക്ക് അപ്പീല് നല്കാന് ഡിവിഷന് ബെഞ്ച് അനുമതി നല്കി. ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും. ഇഡി റിപ്പോര്ട്ടില് നേരിട്ട് എഫ്ഐആര് രജിസ്റ്റര് ചെയ്യുന്നത് തെറ്റാണ് എന്ന വാദം ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ അപ്പീല്.
പിണറായി വിജയന് വേണ്ടി മുന് അഡ്വക്കേറ്റ് ജനറല് ഗോപാലകൃഷ്ണ കുറുപ്പ് ഹാജരാകും. മകൾ വീണയ്ക്ക് വേണ്ടി മുന് ഡിജിപി ടി.എ. ഷാജിയും, ഭര്ത്താവും മുന്മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിനു വേണ്ടി എസ്. ശ്രീകുമാറും ഹാജരാകും.
അതേസമയം, ഹവാല കള്ളപ്പണ ഇടപാട് കേസില് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്ക്ക് വേണ്ടി അഡ്വ. ബി. രാമന്പിള്ളയും ഹാജരാകും.
രണ്ട് എഫ്ഐആറുകളാണ് വിജിലന്സ് രജിസ്റ്റര് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. രണ്ടാമത്തേത് കുഴല്പ്പണ കേസാണ്. രണ്ട് കേസിലും പിണറായി വിജയന്റെ മകള് ടി. വീണ പ്രതിയാണ്. മാസപ്പടി കേസില് പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കല് കേസില് മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി.
Kerala
തിരുവനന്തപുരം∙ സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മരുമകൻ മുഹമ്മദ് റിയാസ് രണ്ടാംപ്രതിയും മകൾ വീണ വിജയൻ മൂന്നാം പ്രതിയുമാണ്.
ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെ ഉത്തരവ്.
ക്രൈംബ്രാഞ്ച് രേഖകളെല്ലാം വിജിലൻസിന് കൈമാറി. വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്യുന്ന പ്രത്യേക സംഘത്തിന് സർക്കാർ അനുമതി നൽകി ഉത്തരവിറക്കും.
Kerala
തിരുവനന്തപുരം: ഡൽഹി പൂർണമായും ഒരു പൊലിസ് സ്റ്റേറ്റായി മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യതലസ്ഥാനത്ത് ജനാധിപത്യവിരുദ്ധമായ നടപടികളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹിയിൽ ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി തന്നെ വിഷയത്തിൽ ഇടപെട്ടിട്ടും, കോടതിയുടെ വാക്കുകൾക്ക് വില നൽകാൻ കേന്ദ്ര സർക്കാർ തയാറായില്ലെന്ന് പിണറായി പറഞ്ഞു.
ഡൽഹിയിൽ എല്ലായിടത്തും പൊലിസും കേന്ദ്ര സേനകളും നിറഞ്ഞിരിക്കുകയാണെന്നും സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം.എ. ബേബി അടക്കമുള്ള നേതാക്കൾ കേരള ഹൗസിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ പൊലിസ് തടയുകയും ഓരോരുത്തരെയായി റാഞ്ചിയെടുത്തെന്നും പിണറായി വ്യക്തമാക്കി.
ജനറൽ സെക്രട്ടറിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്നതുപോലെയാണ് ആദ്യം അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ഡല്ഹിയില് സമരത്തിനിറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഒരുമിച്ച് കേരള സര്ക്കാരിനെ പിരിച്ചുവിടാന് ഗവര്ണറോട് ശിപാര്ശ ചെയ്യണമെന്ന് ട്വന്റി 20 സംസ്ഥാന അധ്യക്ഷന് സാബു എം. ജേക്കബ്.
എസ്ഐആര് നടപടികള് വ്യാജമാണെന്ന നിലപാടുള്ള ഇരുവരും അധികാരസ്ഥാനങ്ങളില് ഒരുനിമിഷം പോലും തുടരാന് അര്ഹരല്ലെന്നും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന് തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില് എസ്ഐആര് മികച്ചതും മറ്റു സംസ്ഥാനങ്ങളില് മോശവുമെന്ന നിലപാട് തികഞ്ഞ കാപട്യമാണ്. ജനങ്ങളെ കബളിപ്പിക്കാനാണ് ഈ നാടകം. കേരളത്തില് ചീഫ് ഇലക്ടറല് ഓഫിസറായിരുന്ന രത്തന് യു. ഖേല്ക്കറെയാണ് മുഖ്യമന്ത്രി വി.ഡി. സതീശന് തന്റെ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ഇങ്ങനെയൊരു പശ്ചാത്തലമുള്ള മുഖ്യമന്ത്രിക്ക് എന്ത് ധാര്മ്മികതയുടെ പേരിലാണ് ഡല്ഹിയില് പോയി സമരം നടത്താന് കഴിയുന്നതെന്നും സാബു എം. ജേക്കബ് ചോദിച്ചു.
ജനങ്ങളെ പറ്റിക്കുന്ന കാര്യത്തില് വി.ഡി. സതീശനും പിണറായി വിജയനും ഒരമ്മപെറ്റ മക്കളെപ്പോലെയാണ് പ്രവര്ത്തിക്കുന്നത്. ഡല്ഹിയില് സമരം ചെയ്ത ഇരുവരും ധൈര്യമുണ്ടെങ്കില് കേരളത്തിലും എസ്ഐആറിനെതിരെ ഒരുമിച്ച് സമരത്തിനിറങ്ങണമെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് പണമിടപാടു കേസിൽ അഴിമതിതടയൽ നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും മരുമകനും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ മുഹമ്മദ് റിയാസിനെതിരെയും കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി വിധി സിപിഎമ്മിനു രാഷ്ട്രീയമായി വലിയ തിരിച്ചടിയായി.
മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തലുകൾ ഗൗരവമാണെന്ന നിഗമനത്തിലാണു കോടതി കേസെടുത്ത് അന്വേഷിക്കാൻ നിർദേശം നൽകിയത്.
കോടതിയുടെ ഈ ഇടപെടൽ നിയമപരമായി നേരിടുകയെന്നതും സിപിഎമ്മിനും പിണറായി വിജയനും ഇനി അഗ്നിപരീക്ഷണമാണ്.
പതിവ് ആവർത്തിച്ച് സിപിഎം
മാസപ്പടി കേസിൽ ഹൈക്കോടതി വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന പതിവു പല്ലവി സിപിഎം ഇന്നലെയും ആവർത്തിച്ചു. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി തന്നെ പിണറായിക്കും മുഹമ്മദ് റിയാസിനും പിന്തുണയുമായെത്തി. പിന്നാലെ പാർട്ടി സംസ്ഥാന നേതൃത്വവും ഇതേ നിലപാട് ആവർത്തിച്ചു. ഇതോടെ മാസപ്പടി കേസിൽ പാർട്ടി പിണറായി വിജയനു പൂർണ സംരക്ഷണ കവചമൊരുക്കുകയാണ്.
കോടതി നിർദേശ പ്രകാരം വിജലൻസ് സ്വാഭാവികമായും പിണറായി വിജയനെതിരേയും മുഹമ്മദ് റിയാസിനെതിരേ യും കേസെടുത്ത് അന്വേഷണം തുടങ്ങും. കോടതി വിധിയായിനാൽ നിയമരപായി നേരിടാനാൻ തന്നെയാണു സിപിഎം തീരുമാനം.
അപ്പീലിന് പാർട്ടി
സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിലേക്കു അപ്പീൽ പോകാനുള്ള നടപടികൾ പാർട്ടി ആരംഭിച്ചുകഴിഞ്ഞു. ഇനി ഡിവിഷൻ ബഞ്ച് വിധി അനുകൂലമല്ലെങ്കിൽ സുപ്രീംകോടതിയിൽ പോകാനാനുള്ള സാധ്യതകളും പാർട്ടി നോക്കുന്നുണ്ട്. കേസിൽ സർക്കാർ എന്തായാലും അപ്പീൽ പോകാൻ സാധ്യതയില്ല.പിണറായിക്കെതിരേ വിജിലൻസ് അന്വേഷണം തുടങ്ങിയാൽ അതു സിപിഎമ്മിന് രാഷ്ട്രീയമായി വലിയ പ്രതിസന്ധിയൊന്നും സൃഷ്ടിക്കാൻ ഇടയില്ല.
ലാവ്ലിൻ കേസിനെ പിണറായിയും സിപിഎമ്മും നേരിട്ട അനുഭവം രാഷ്ട്രീയ കേരളത്തിനുണ്ട്. അത്രയൊന്നും രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കാനുള്ള ശക്തി മാസപ്പടി കേസിന് ഇല്ലായെന്നാണു സിപിഎമ്മും കരുതുന്നത്. അതുകൊണ്ടുതന്നെ കേസ് അതിന്റെ വഴിക്കു പോകട്ടേയെന്ന ധാരണയിലാണു പാർട്ടി നേതൃത്വം.
സ്ഥാനമൊഴിയാൻ സമ്മർദമേറും
വിജിലൻസ് കേസെടുത്താൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണമെന്ന ആവശ്യം പ്രതിപക്ഷത്തുനിന്നും പൊതുവെ ഉയരാം. എന്നാൽ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നവർ ഉൾപ്പെടെ മന്ത്രിമാരടക്കം ധാരാളം പേർ വിജിലൻസ് കേസിൽ പ്രതിയായിട്ടുണ്ട്. പ്രതിയായവരൊന്നും സ്ഥാനങ്ങൾ രാജിവച്ചിട്ടില്ല. ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അങ്ങനെയൊരു പ്രതിസന്ധി ഉണ്ടാകുന്നുള്ളൂ. മാസപ്പടി കേസിലും ഇതുതന്നെയാകും ഉണ്ടാകാൻ പോകുക.
സിപിഎമ്മിൽ പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണമെന്ന് ഈ ഘട്ടത്തിൽ ആരും ആവശ്യപ്പെടില്ലെന്നു മാത്രമല്ല, അങ്ങനെയൊരു ചർച്ചപോലും ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.
ഇപ്പോൾ നടന്നുവരുന്ന വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഏറെ വിമർശിക്കപ്പെടുന്നുണ്ടെങ്കിലും പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതു തെറ്റായിപ്പോയെന്ന തരത്തിലുള്ള ഒരു ചർച്ചയും ഉണ്ടായിട്ടില്ല.
സിപിഎമ്മിന്റെ ഉൾപാർട്ടി രാഷ്ട്രീയം പിണറായി വിജയന് ഇത്രത്തോളം അനുകൂലമായി നിൽക്കുന്പോൾ ഒരു തരത്തിലുമുള്ള രാഷ്ട്രീയ പ്രതിസന്ധിയും വരാൻ പോകുന്ന വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ അദ്ദേഹത്തിനോ പാർട്ടിക്കോ ഉണ്ടാകാനിടയില്ല.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നല്കിയേക്കില്ല. കോടതി ഉത്തരവനുസരിച്ച് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും. അതേസമയം കേസിൽ നേരിട്ടുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പകരം പ്രാഥമിക അന്വേഷണം നടത്താനുള്ള സർക്കാർ നീക്കം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇഡി കൈമാറിയ കത്തും തെളിവുകളും പരിഗണിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ തയാറായിരുന്നില്ല. പകരം, ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ പ്രാഥമിക അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു.
എന്നാൽ എസ്ഐടി രൂപീകരിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശം. ഇതോടെ കേസിൽ തുടർനടപടികൾ സ്വീകരിക്കേണ്ട ഉത്തരവാദിത്തം വിജിലൻസിനാകും. നിലവിൽ വിജിലൻസിന്റെ പക്കൽ കേസുമായി ബന്ധപ്പെട്ട ഫയലുകളില്ല.
എസ്ഐടിയിൽനിന്ന് രേഖകൾ ഏറ്റുവാങ്ങിയശേഷമായിരിക്കും വിജിലൻസ് തുടർനടപടികളിലേക്ക് കടക്കുക. എസ്ഐടി രേഖപ്പെടുത്തിയ മൊഴികളും ഇഡി കൈമാറിയ കത്തും മറ്റ് തെളിവുകളും വിജിലൻസ് പരിശോധിക്കും.
Kerala
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പിണറായി വിജയനെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. കോടതിയും പൊലിസും അന്വേഷണ ഏജൻസികളും പിണറായി വിജയനെ ഏറെക്കാലമായി വേട്ടയാടുകയാണ്. ലാവ്ലിൻ കേസ് ഇതിന് ഉദാഹരണമാണെന്നും ഇത്തരം നീക്കങ്ങൾ ഉണ്ടായിട്ടും പിണറായി വിജയന് ഒരു പോറലുപോലും ഏറ്റിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിലെ കോടതി വിധി രാഷ്ട്രീയമായും നിയമപരമായും നേരിടുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കും. കോടതി വിധി അംഗീകരിക്കാനുള്ള ബാധ്യതയുണ്ടെന്നും അതേസമയം വിധിയെ വിമർശിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഉത്തരവ് അന്തിമവിധിയാണെന്ന് കരുതുന്നില്ല.
കേസുമായി ബന്ധപ്പെട്ട നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു. എക്സാലോജിക് ഇടപാടിൽ ക്രമക്കേടുണ്ടെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേസെടുക്കാമായിരുന്നുവെന്നും ഇഡി കേസ് എടുക്കാത്തത് ആരോപണങ്ങളിൽ കഴമ്പില്ലെന്നതിന്റെ സൂചനയാണെന്നും ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.
കേസിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവരെക്കുറിച്ചും അന്വേഷണം നടത്തണം. ഒരു വിഷയം തുടർച്ചയായി സജീവമാക്കി നിർത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും പിണറായി വിജയനെ ലക്ഷ്യമിട്ട് സിപിഎമ്മിനെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Kerala
കൊച്ചി: മാസപ്പടിക്കേസിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച എസ്ഐടി അന്വേഷണം ഹൈക്കോടതി റദ്ദാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
വിജിലൻസ് ഡയറക്ടർ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇഡി റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കേണ്ടിയിരുന്നത് വിജിലൻസ് ഡയറക്ടറായിരുന്നുവെന്നും വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലവിലെ നടപടികൾ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇഡി റിപ്പോർട്ട് സംസ്ഥാന പൊലിസ് മേധാവി വിജിലൻസ് ഡയറക്ടർക്ക് കൈമാറണം.
വിജിലൻസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേസ് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. ഇഡി ശേഖരിച്ച തെളിവുകൾ, മൊഴികൾ, ഡിജിറ്റൽ രേഖകൾ എന്നിവ പരിശോധിക്കുമ്പോൾ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം നടന്നിട്ടുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകളും പ്രാഥമിക വിവരങ്ങളും ഇഡി കൈമാറിയ രേഖകളിലുണ്ടെന്നും അതിനാൽ പ്രത്യേക പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെ ഇഡി റിപ്പോർട്ടിൽ പരാമർശിക്കുന്ന 13 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതിയുടെ നിർദേശം.
Kerala
കൊച്ചി: മാസപ്പടി കേസിലെ കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും വിധി വിശദമായി പഠിച്ചശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം തുടരുന്ന നടപടിക്കെതിരെയാണ് കോടതിയുടെ ഇടപെടൽ.
അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനുപകരം, ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രാഥമിക അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തെയാണ് ഹർജിക്കാരൻ കോടതിയിൽ ചോദ്യം ചെയ്തത്. തുടർന്ന് കോടതിയിൽ മുദ്രവെച്ച കവറിൽ ഇഡി സമർപ്പിച്ച വിവരങ്ങൾ പരിഗണിച്ചാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനുള്ള ഉത്തരവിട്ടത്.
Kerala
കൊച്ചി: ഇഡി റിപ്പോര്ട്ടില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് അടക്കമുള്ളവര്ക്കെതിരെ അഴിമതി തടയല് നിയമപ്രകാരം എഫ്ഐആര് രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുന് എംപി അഡ്വ. സെബാസ്റ്റ്യന് പോള്. കേസില് ഉഴപ്പിക്കളയാനുള്ള നീക്കം സര്ക്കാരിനുണ്ടോ എന്ന് സംശയിക്കണമെന്ന് സെബാസ്റ്റ്യന് പോള് ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചു.
സാമ്പത്തിക ഇടപാടില് ആരോപിക്കപ്പെടുന്ന പ്രതികള്ക്കുള്ള ഉത്തരവാദിത്തത്തില് ഒരു അന്വേഷണ ഏജന്സി അന്വേഷണം നത്തിക്കഴിഞ്ഞു. ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അവര്ക്ക് ലഭ്യമായ എല്ലാ വിവരങ്ങളും ചേര്ന്ന ഒരു കത്ത് അവര് പൊലിസ് മേധാവിക്ക് നല്കിയത്.
അതില് വീണ്ടും അന്വേഷണം നടത്തേണ്ടതായ അവ്യക്തത അക്കാര്യത്തില് ഇല്ല. വളരെ വാര്ത്താ പ്രധാന്യം നേടിയ സംഭവം എന്ന നിലയ്ക്ക് എഫഐആര് ഇട്ട് മുന്നോട്ട് പോവുകയായിരുന്നു പൊലിസ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്യാതെ ഉഴപ്പിക്കളയാനുള്ള നീക്കം കേരളത്തിന്റെ ഇപ്പോഴത്തെ സര്ക്കാരിന് ഉണ്ടോ എന്ന് സംശയിക്കണം.
കാരണം അവരില് പലരുടെയും, മന്ത്രിസഭയില് ഉള്പ്പെടെയുള്ളവരുടെ പേരുകള് പരാമര്ശിക്കുന്ന ഒരു ഡയറിയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് ഈ ഘട്ടത്തില് എത്തി നില്ക്കുന്നത്. അന്വേഷണം നടക്കട്ടെ എന്നും സെബാസ്റ്റ്യന് പോള് വ്യക്തമാക്കി.
Kerala
കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയൻ കുറ്റക്കാരനെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. രേഖകൾ പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കും. വിഷയത്തിൽ സിപിഎം ഉന്നയിക്കുന്ന ന്യായീകരണങ്ങളും വാദങ്ങളും ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിണറായി രാജിവെക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം.
National
ന്യൂഡൽഹി: വോട്ടർ പട്ടികയില് നിന്നും വോട്ടർമാരെ ഒഴിവാക്കുന്ന നടപടിക്ക് പിന്നിൽ ഗൂഢാലോചന നടന്നതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേരളത്തിലെ പിണറായിയുടെ തോൽവിയും തമിഴ്നാട്ടിൽ സ്റ്റാലിന്റെ തോൽവിയും ആസൂത്രിതമാണെന്നും ഈ തോൽവികൾ യാദൃശ്ചികമായി സംഭവിച്ചതെന്ന് കരുതാനാകില്ലെന്നും അഭിജീത് ദീപ്കെ പറഞ്ഞു.
വോട്ടർമാർ ഒഴിവാക്കപ്പെടുന്നതു കൊണ്ട് ഗുണം ബിജെപിക്ക് മാത്രമാണ്, ജീവിച്ചരിക്കുന്നവരെ മരിച്ചവരാക്കി മാറ്റുന്നത് എങ്ങനെയാണ്? എന്ന് അഭിജീത് ദീപ്കെ ചോദിച്ചു. അനുവാദമില്ലാതെ സമരം സംഘടിപ്പിച്ചെന്ന ആരോപണത്തിനും അഭിജീത് മറുപടി പറഞ്ഞു. സമരം ചെയ്യുക എന്നത് അവകാശമാണ് ഔദാര്യമല്ലെന്നും അമിത് ഷാ അനുവാദം നൽകാൻ അത് കുടുംബസ്വത്തല്ല, ബംഗളൂരുവിൽ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിച്ചത്. ഡൽഹിയിൽ എന്തുകൊണ്ട് അത് അനുവദിക്കുന്നില്ല എന്നും ആദ്ദേഹം ചോദിച്ചു.
Kerala
കൊച്ചി: ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും നിർണായകം. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്. പൊതുപ്രവർത്തകനായ കെ. എം. ഷാജഹാൻ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന നിലപാടാണ് ഇഡി കോടതിയിൽ സ്വീകരിച്ചത്. എന്നാൽ, പ്രാഥമിക പരിശോധന നടക്കുകയാണെന്നും ആദ്യം തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ലെന്നുമാണ് സർക്കാർ ഭാഗം കോടതിയിൽ വാദിച്ചത്.
അഴിമതിക്ക് കൃത്യമായ തെളിവുകളുണ്ടെന്നും അന്വേഷണ ഏജൻസി ശേഖരിച്ച വിവരങ്ങൾ തന്നെയാണ് കൈമാറിയതെന്നും ചൂണ്ടിക്കാട്ടി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ ആവശ്യം.
Kerala
കോഴിക്കോട്: മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണസംഘം. ഹവാല ഇടപാട് ആരോപണത്തിലാണ് കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫിസിൽ വച്ച് ഹസൻ വാരിസിന്റെ മൊഴിയെടുത്തത്.
എസ്പി വിക്രമന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മുഹമ്മദ് റിയാസുമായി തനിക്ക് ബിസിനസ് ബന്ധങ്ങൾ ഇല്ലെന്നും റിയാസ് നല്ല സുഹൃത്ത് മാത്രമാണെന്നും ഹസൻ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
ഇഡി പുലർച്ചെ ജിമ്മിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയാണ് മൊഴിയെടുത്തത്. ഭീഷണിപ്പെടുത്തി ചില രേഖകളിൽ ഒപ്പിടിപ്പിച്ചു. ഈ മൊഴികൾ പിൻവലിച്ചു താൻ ഇഡിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഹസൻ വാരിസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പരിഹസിച്ച് മന്ത്രി രമേശ് ചെന്നിത്തല. ബിജെപി-കോൺഗ്രസ് ഒത്തുകളിയെന്ന എൽഡിഎഫ് ആരോപണത്തിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്.
സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും ബിജെപി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന അവസ്ഥയിലാണ് എൽഡിഎഫ് നേതാക്കളെന്ന് അദ്ദേഹം പരിഹസിച്ചു. സൈക്കിൾ തട്ടി നായ ചത്താൽ പോലും ബിജെപി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന നിലയിലേക്കാണ് ഇടത് നേതാക്കൾ എത്തിയിരിക്കുന്നത്.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ കോൺഗ്രസിനെതിരെ ഒത്തുകളി ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇടത് നേതാക്കളുടെ ആരോപണങ്ങളെല്ലാം ഉണ്ടയില്ലാ വെടി മാത്രമാണെന്ന് ജനങ്ങൾക്ക് അറിയാം.
സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള ഒത്തുകളിയും നടന്നിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ഒത്തുകളി നടത്തിയവരാണ് ഇപ്പോൾ ആരോപണവുമായി രംഗത്തെത്തുന്നത്. എന്തുപറഞ്ഞാലും ഇപ്പോൾ ഒത്തുകളിയാണെന്നാണ് ഇവരുടെ വാദം. സ്വന്തം പാപം കഴുകിക്കളയാൻ ഒത്തുകളിച്ചവർ ഞങ്ങളെ കൂട്ടുപിടിക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പൊലിസും ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നും വിഷയത്തില് അടിയന്തരശ്രദ്ധയും കർശന ഇടപെടലും വേണമെന്ന് പിണറായി കത്തില് ആവശ്യപ്പെട്ടു.
കൂടാതെ ഹോസ്റ്റൽ പരിസരത്തുനിന്ന് യൂത്ത് കോൺഗ്രസ് സമരം തുടങ്ങിയതില് ദുരൂഹതയുണ്ടെന്നും ഇതിന് പൊലിസ് അനുമതി ഉണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണം, സംഘർഷം നോക്കി നിൽക്കുകയല്ലാതെ അക്രമികളെ പൊലിസ് തടഞ്ഞില്ല, ഇത് ഗുരുതരമായ കൃത്യവിലോപമാണ് എന്നും അദ്ദേഹം കത്തില് ചൂണ്ടിക്കാട്ടി.
പൊലിസ് തേർവാഴ്ചക്കെതിരെ പ്രതിഷേധിച്ച കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എന്നിവർക്കെതിരെ പൊലിസ് ജാമ്യമില്ല വകുപ്പുകൾ ചുമത്തിയെന്നും എന്നാൽ യൂത്ത് കോൺഗ്രസിനോട് സ്വീകരിക്കുന്നത് മൃദു സമീപനമാണ്. പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യും എന്നുള്ള എസ്ഐയുടെ ഭീഷണി രാഷ്ട്രീയ പ്രവർത്തനത്തിന് വിഘാതമുണ്ടാക്കും.
പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം, കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാവണമെന്നും പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ടതില്ലെന്നും എഐസിസി ജനറൽ കെ.സി. വേണുഗോപാൽ. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്വന്തം പാർട്ടിയിൽ എതിർപ്പുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടാണ് മുന്നോട്ട് പോകുന്നത്. എല്ലാ എതിരഭിപ്രായങ്ങളെയും തമസ്കരിക്കുകയായിരുന്നു. അതുകൊണ്ടാണ് ടി.പി. ചന്ദ്രശേഖരനെ കൊല്ലാൻ പോലും ആ പാർട്ടി തയാറായത്.
കോൺഗ്രസിൽ ചില അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകും. അത് വലിയ തലത്തിലേക്ക് പോകുന്ന പ്രശ്നമില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകും. അക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് സമാധാനമായി ഇരിക്കാമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: കണ്ണൂരില് തനിക്കുനേരേ നടന്ന അക്രമത്തിന് പിന്നില് ഗൂഢാലോചനയുണ്ടെന്നും പിണറായി വിജയന്റെ നിര്ദേശപ്രകാരമാണ് പ്രതിഷേധങ്ങള് നടക്കുന്നതെന്നും മന്ത്രി ഒ.ജെ. ജനീഷ്. മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
മാസപ്പടിയാണോ, ഇഡി ആണോ പിണറായിക്ക് എന്താണ് ഒളിക്കാനുള്ളതെന്ന് മന്ത്രി ചോദിച്ചു. താനും കൂടി പ്രതിഷേധക്കാര്ക്കെതിരേ ഇറങ്ങി നിന്നാല് എന്താകും അവസ്ഥ. കോടിയേരിയുടെ ഫ്ളക്സ് പോലും നശിപ്പിക്കുന്ന വകതിരിവ് ഇല്ലാത്തവരാണ് സമരക്കാരെന്ന് മന്ത്രി പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിനെതിരേ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. മോദിക്കെതിരേ, അമിത്ഷാക്കെതിരേയെല്ലാം പ്രതിഷേധം നടക്കുന്നു.
വോട്ടവകാശം അട്ടിമറിക്കാന് ഉള്ള നീക്കത്തിനെതിരേയാണ് യൂത്ത് കോണ്ഗ്രസിന്റെ പോരാട്ടം. അതിന്റെ ഭാഗമായാണ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തില് കൊല്ലത്ത് പ്രതിഷേധം നടന്നതെന്നും കണ്ണൂരില് തനിക്ക് നേരേ നടന്ന അക്രമം സ്വാഭാവികമായി കാണാന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കോടിയേരി അനുസ്മരണത്തിന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്പ്പടെ ഉള്ളവര് കണ്ണൂരില് പോയില്ല. തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഇങ്ങനെ അക്രമം അഴിച്ചുവിട്ടാല് എങ്ങനെ നാട്ടില് ക്രമസമാധാനം ഉണ്ടാകുമെന്ന് മന്ത്രി ചോദിച്ചു.
അവര് നിലവിലെ സാഹചര്യത്തെ സുവര്ണാവസരമായി മാറ്റാന് ഉള്ള നീക്കത്തിലായിരുന്നു. കോണ്ഗ്രസ് പ്രതിപക്ഷത്ത് ഇരുന്നപ്പോള് കരിങ്കൊടി പ്രതിഷേധം നടത്തിയിട്ടുണ്ട്. പക്ഷേ ആരുടെയും വാഹനം തകര്ത്തിട്ടില്ല.
കഴിഞ്ഞ ദിവസം തന്റെ വാഹനം ആക്രമിച്ചു. കഴുത്ത് ഉളുക്കിയെന്ന് പറഞ്ഞു ഞാന് ആശുപത്രിയില് പോയി കിടന്നില്ലെന്നും പത്തിടത്താണ് തനിക്കെതിരേ പ്രതിഷേധം നടന്നതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം സുവർണാവസരമാക്കി മാറ്റാൻ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ശ്രമിച്ചെന്ന് മന്ത്രി ഒ.ജെ.ജനീഷ്. എസ്എഫ്ഐ സംഘർഷം ആസൂത്രണം ചെയ്തതാണെന്നും തന്റെ വാഹനത്തിന് നേരെ പത്ത് സ്ഥലങ്ങളിൽ ആക്രമണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ വോട്ടവകാശത്തെ അട്ടിമറിച്ചാണ് അധികാരത്തിലെത്തിയതെന്നാരോപിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം നടത്തുകയാണ്. അതിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കരിങ്കൊടി കാണിച്ചതെന്നും ജനീഷ് പറഞ്ഞു. തുടർന്ന് ബിജെപി അക്രമം അഴിച്ചുവിട്ടെന്നും അദ്ദേഹം ആരോപിച്ചു.
യൂണിവേഴ്സിറ്റി കോളജിന് മുന്നിലൂടെ യൂത്ത്കോൺഗ്രസ് പ്രതിഷേധം കടന്നു പോകുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ ബിയർ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രതിഷേധം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. കോടിയേരിയെ തിരിച്ചറിയാത്തവർക്ക് എന്ത് ഗ്യാനേഷ് കുമാറെന്നും മന്ത്രി ചോദിച്ചു.
ദേശീയപതാക തകർക്കാനാണ് ഡിവൈഎഫ്ഐ ശ്രമിച്ചത്. ഡി.വൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ മാത്രമല്ല, പിണറായി വിജയനും ആക്രമണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് ജനീഷിന്റെ ആരോപണം. പിണറായിയെ രക്ഷിക്കാനും മാസപ്പടി കേസിലെയും ഇഡി അന്വേഷണത്തിലെയും ശ്രദ്ധ തിരിക്കാനുമാണ് സംഘർഷം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Kerala
ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ജി. സുധാകരൻ. പിണറായി വിജയനെ ഇല്ലാതാക്കാൻ വി.എസ്. നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി. സുധാകരന്റെ പരാമർശം.
അന്ന് വി.എസിന്റെ നടപടികളോട് താൻ യോജിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പലപ്പുഴയിൽ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു സുധാകരന് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മന്ത്രിസഭ യോഗം ചേർന്നു കൊണ്ടിരുന്ന സമയത്ത് വി.എസ്. അച്യുതാനന്ദൻ തന്റെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്ത് വായിച്ചതായി സുധാകരൻ ഓർമിച്ചു. കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു എന്നായിരുന്നു ആ പേപ്പറിൽ ഉണ്ടായിരുന്നത്. എന്നാൽ ആ നീക്കത്തെ അന്ന് താൻ ശക്തമായി എതിർത്തു. തനിക്കൊപ്പം എസ്. ശർമയും ജെ. മേഴ്സിക്കുട്ടിയമ്മയും അന്ന് പ്രോസിക്യൂഷൻ അനുമതിയെ എതിർത്ത് രംഗത്തു വന്നിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
മന്ത്രിമാരുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുയർന്നതോടെ "എന്നാൽ ഇത് ഇവിടെ കിടന്നോട്ടെ" എന്ന് പറഞ്ഞ് വി.എസ്. ആ പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ തന്നെ വയ്ക്കുകയാണുണ്ടായതെന്നും സുധാകരൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികത്തിന് വികാരനിർഭരമായ കുറിപ്പുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
കോടിയേരി ബാലകൃഷ്ണന്റെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. നാൾവഴികളിൽ എക്കാലവും വലിയ കരുത്തായി സഖാവ് ഒപ്പമുണ്ടായിരുന്നെന്നും പിണറായി അനുസ്മരിച്ചു.
ആഞ്ഞടിച്ച കൊടുങ്കാറ്റിനു മുന്നിലും പാർട്ടിയെ ഉലയാതെ കാത്ത കപ്പിത്താനായിരുന്നു കോടിയേരിയെന്ന് കുറിച്ച പിണറായി വിജയൻ തലശേരി കലാപകാലത്ത് മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയംവച്ച് കോടിയേരി മുൻപന്തിയിലുണ്ടായിരുന്നെന്നും കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം;
പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാല് വർഷം തികയുകയാണ്. സഖാവിന്റെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്. എങ്കിലും ഒരു വഴിവിളക്കുപോലെ അദ്ദേഹത്തിന്റെ സ്മരണകൾ നമുക്ക് മുന്നിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു.
ഏതു പ്രതിസന്ധിയേയും വൈഷമ്യങ്ങളെയും സൗമ്യമായ ചിരിയോടു കൂടി നേരിടാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു. പാർട്ടിക്കെതിരെ ഉയർന്ന ആക്രമണങ്ങളെ കാരിരുമ്പിന്റെ കാർക്കശ്യത്തോടെ സഖാവ് പ്രതിരോധിച്ചു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.
വിദ്യാർത്ഥി സംഘടനാ രംഗത്തു നിന്നും വളർന്നു വന്ന്, അടിയന്തരാവസ്ഥയുടെ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി, ജനകീയ സമരങ്ങളുടെ മൂശയിൽ വാർത്തെടുക്കപ്പെട്ട ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതമായിരുന്നു കോടിയേരിയുടേത്. തലശ്ശേരി കലാപകാലത്ത് മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് സഖാവ് മുൻപന്തിയിലുണ്ടായിരുന്നു.
മികച്ച ഭരണാധികാരി, ശ്രദ്ധേയനായ പാർലമെന്റേറിയൻ, സംഘാടകൻ എന്നീ നിലകളിലെല്ലാം കോടിയേരി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആഞ്ഞടിച്ച കൊടുങ്കാറ്റിനു മുന്നിലും പാർടിയെ ഉലയാതെ കാത്ത കപ്പിത്താനായിരുന്നു സഖാവ് കോടിയേരി. നിയമസഭയിൽ ജനങ്ങളുടെ ശബ്ദമായി മാറിയ അദ്ദേഹം, ഭരണ-പ്രതിപക്ഷ ബഞ്ചുകളിലായി മികച്ച പാർലമെന്റേറിയനെന്ന നിലയിൽ വലിയ അംഗീകാരം നേടി.
ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പോലീസ് സേനയിൽ നടപ്പിലാക്കിയ സമഗ്രമായ പരിഷ്കാരങ്ങളും, ടൂറിസം മേഖലയ്ക്ക് നൽകിയ പുതിയ ഉണർവും മികച്ച ഭരണാധികാരി എന്ന വിശേഷണം കോടിയേരിക്ക് നേടിക്കൊടുത്തു.
വ്യക്തിപരമായി വലിയൊരു നഷ്ടമാണ് സഖാവിന്റെ വിയോഗം സൃഷ്ടിച്ചത്. നാൾവഴികളിൽ എക്കാലവും വലിയ കരുത്തായി സഖാവ് ഒപ്പമുണ്ടായിരുന്നു. ഏതു കടുത്ത പ്രതിസന്ധി ഘട്ടത്തിലും പരസ്പരം താങ്ങായി നിന്ന ആ ആത്മബന്ധം വാക്കുകൾക്ക് അതീതമാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച കോടിയേരിയുടെ സ്മരണകൾ സമത്വപൂർണമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് എക്കാലവും ഊർജം പകരും. സഖാവിന്റെ ഓർമ്മകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാം. അഭിവാദ്യങ്ങൾ.
Kerala
ചേർത്തല: സിപിഎം നേതൃത്വത്തിനെതിരെയും പിണറായി വിജയനെതിരെയും രൂക്ഷ വിമർശനവുമായി ജി.സുധാകരൻ എംഎൽഎ. കമ്മ്യൂണിസത്തിന്റെ സുഗന്ധം ഹൃദയത്തിലുള്ള ഒരാൾക്ക് നിലവിലെ സിപിഎമ്മിൽ തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പാർട്ടി ഇപ്പോൾ ബൂർഷ്വാ ദുർഗന്ധം വമിപ്പിക്കുകയാണെന്നും സുധാകരൻ വിമർശിച്ചു.
കമ്മ്യൂണിസത്തിന്റെ സുഗന്ധമില്ലാത്ത സിപിഎം നേതാക്കൾ സാധാരണക്കാരുടെ വീടുകളിലേക്ക് പോകുന്നില്ലെന്നും സമ്പന്നരുടെ വീടുകളിലും ഹോട്ടലുകളിലുമാണ് ഭക്ഷണവും താമസവുമെന്നും സുധാകരൻ പറഞ്ഞു. ഒരുകാലത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ നടന്നിരുന്ന പലരും ഇന്ന് വലിയ സമ്പന്നരായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. ചേർത്തലയിൽ കെ.കെ. രമയ്ക്കൊപ്പം ആർഎംപി നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
പിണറായി വിജയന് മാർക്സിസ്റ്റ് ടെക്നോളജി അറിയില്ലെന്നും പകയും പ്രതികാരവുമാണ് അറിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവവും സുധാകരൻ പരാമർശിച്ചു. ചന്ദ്രശേഖരനെ 52 വെട്ടുവെട്ടി കൊലപ്പെടുത്തിയത് എന്ത് കുറ്റത്തിനാണ്. കൊലപാതകത്തെ ന്യായീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകം സാംസ്കാരിക കേരളം മറക്കില്ല.
ഇക്കാര്യത്തിൽ സിപിഎം ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും സുധാകരൻ ആരോപിച്ചു. അതേസമയം താൻ സിപിഎമ്മിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും വർഷങ്ങളോളം പ്രവർത്തിച്ച പ്രസ്ഥാനമായതിനാൽ പിണറായി വിജയനെ അസഭ്യം പറയില്ലെന്നും സുധാകരൻ വ്യക്തമാക്കി. എന്നാൽ സ്വയം വിമർശനത്തിന് ഇടയാക്കുന്ന രീതിയിലാണ് പിണറായി വിജയന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: സിഎംആര്എല്-എക്സാലോജിക് ഇടപാടില് ഇഡി നല്കിയ കത്തില് പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആര് രജിസ്റ്റർ ചെയ്ത് കേസെടുക്കാമെന്ന് സര്ക്കാര് ഹൈക്കോടതിയില്. ഒരു ഡയറി മാത്രമാണ് ഇഡി നല്കിയത്. ഡയറി മാത്രം തെളിവാക്കി കേസെടുക്കാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറല് കോടതിയെ അറിയിച്ചു.
എന്നാല് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ ആവശ്യം. കേസെടുക്കാന് ആവശ്യമുള്ള രേഖകള് നല്കിയിട്ടുണ്ട് എന്നാണ് ഇഡിയുടെ വാദം. കേസിലെ കണ്ടെത്തലുകളും മൊഴി പകര്പ്പുകളും ഇഡി കോടതിയില് മുദ്ര വച്ച കവറില് ഹാജരാക്കി.
സര്ക്കാര് ആവശ്യപ്പെട്ടാല് മൊഴി പകര്പ്പകളും നല്കാമെന്ന് ഇഡി വ്യക്തമാക്കി. പ്രാഥമിക പരിശോധന നടത്തി അഴിമതി നിരോധന പ്രകാരം കേസ് നിലനില്ക്കുമെന്ന് മനസിലായതിനാലാണ് വിവരങ്ങള് സംസ്ഥാന പൊലിസിന് കൈമാറിയത്. അതില് ഇനിയും പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഇഡി വ്യക്തമാക്കി.
ഹര്ജി കോടതി ഉത്തരവ് പറയാനായി മാറ്റി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശിപാര്ശ.
Kerala
കൊച്ചി: സിഎംആര്എല്-എക്സാലോജിക് ഇടപാടില് സംസ്ഥാന സര്ക്കാരിന് നല്കിയ കത്തില് കേസെടുക്കണമെന്ന് ഹൈക്കോടതിയില് ആവര്ത്തിച്ച് ഇഡി. സര്ക്കാരിന് നല്കിയ കത്തും കേസിലെ കണ്ടെത്തലുകളും മൊഴിപകര്പ്പുകളും ഇഡി കോടതിയില് മുദ്ര വച്ച കവറില് ഹാജരാക്കി.
ഇഡി നല്കിയ കത്തിന്റെ അടിസ്ഥാനത്തില് എഫ്ഐആര് ഇടാതെ പ്രാഥമിക അന്വേഷണമാണ് സര്ക്കാര് നടത്തുന്നത്. എന്നാല് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ ആവശ്യം. കേസില് ആവശ്യമെങ്കില് മൊഴിപകര്പ്പുകള് അന്വേഷണസംഘത്തിന് കൈമാറാമെന്നും ഇഡി കോടതിയില് വ്യക്തമാക്കി.
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന നിലപാട് ആണോ ഈ വിഷയത്തില് സ്വീകരിച്ചിട്ടുള്ളതെന്ന് കോടതി ചോദിച്ചു. ഹര്ജിയില് വാദം തുടരുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശിപാര്ശ.
Kerala
ആലപ്പുഴ: വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വെള്ളാപ്പള്ളി നടേശന്റെ പേര് പരാമർശിക്കാതെ വിമർശനവുമായി പിണറായി വിജയൻ. ബിഡിജെഎസ് വഴിയും മറ്റും അന്യമതവിദ്വേഷം കുത്തിവച്ച് ആർഎസ്എസിന്റെ കടന്നുകയറ്റത്തിന് എസ്എൻഡിപി യോഗനേതൃത്വം കൂട്ടുനിന്നെന്ന് പിണറായി പറഞ്ഞു.
എസ്എൻഡിപിയിലെ ഭൂരിപക്ഷവും മതേതര നിലപാടും ഇടതുപക്ഷ മനസുമുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിന് വിപരീതമാണ് എൻഎസ്എസിലെ സ്ഥിതിയെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
എൻഎസ്എസ് നേതൃത്വം വർഗീയ ശക്തികൾക്കെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും താഴെത്തട്ടിൽ കാവിവത്കരണം ശക്തമായെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സമിതിയുടെ തിരുത്തൽ രേഖയിലാണ് പിണറായി എസ്എൻഡിപി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
Kerala
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമിതി യോഗത്തില് ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയന്. ജി. സുധാകരന് ജീര്ണിച്ച നേതാവാണെന്നും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് മാധ്യമങ്ങള്ക്ക് മുന്നില് കൂടുതൽ പ്രാധാന്യവും സ്ഥാനവും നല്കേണ്ടതില്ലെന്നും അദ്ദേഹം യോഗത്തില് വ്യക്തമാക്കി.
സുധാകരനുമായി ബന്ധപ്പെട്ട വിഷയം പാര്ട്ടിയെ സംബന്ധിച്ച് പൂര്ണമായും അവസാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില് തിരുത്തല് രേഖ അടങ്ങിയ മാര്ഗരേഖ പിണറായി വിജയൻ അവതരിപ്പിച്ചു.
എം.വി. ഗോവിന്ദനെതിരായ ശാസന വിഷയം കമ്മിറ്റിയില് റിപ്പോര്ട്ട് ചെയ്തു. ആലപ്പുഴയിലെ പാര്ട്ടി പ്രവര്ത്തനങ്ങളില് ഗുരുതര വീഴ്ചയുണ്ടായെന്നും സാമുദായിക സംഘടനകളോട് പാര്ട്ടി അകന്നുപോയെന്നും റിപ്പോര്ട്ടില് കുറ്റപ്പെടുത്തുന്നു.
എസ്എന്ഡിപി, കെപിഎംഎസ് സംഘടനകളുടെ പേരെടുത്ത് പരാമര്ശിച്ച റിപ്പോര്ട്ടില്, ഇരു വിഭാഗങ്ങള്ക്കും ശക്തമായ സ്വാധീനമുള്ള ജില്ലയായിട്ടും അവരെ വേണ്ട രീതിയില് പരിഗണിച്ചില്ലെന്നും വ്യക്തമാക്കുന്നു. ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മറ്റികളിലെ വിഭാഗീയത ഉടൻ പരിഹരിക്കണമെന്നും നിര്ദേശമുണ്ട്.
Kerala
ആലപ്പുഴ: മാസപ്പടി കേസ് തനിക്കെതിരെയും പാർട്ടിക്കെതിരെയുമുള്ള രാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇഡിയുടെ നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു. സിപിഎം ആലപ്പുഴ വിശാലസമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എക്സാലോജിക്കിന് ലഭിച്ച പണം സേവനം നൽകിയതിനുള്ള പ്രതിഫലമാണ്. കേസിന് പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്നും തന്നിലൂടെ സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ള നീക്കമാണ് നടക്കുന്നത്. നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നു എന്ന തരത്തിലാണ് വീണയ്ക്കെതിരായ മാസപ്പടി കേസ് ഉണ്ടായത്. ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ താൻ മുമ്പും കണ്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത സംബന്ധിച്ചും പിണറായി വിമർശനം ഉന്നയിച്ചു. കമ്മീഷന്റെ തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും ജനാധിപത്യത്തെ സംബന്ധിച്ച് ഗൗരവമുള്ള ചോദ്യങ്ങൾ ഉയരുകയാണ്. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കും. സെൻസസ് നടപടിക്രമങ്ങൾ സ്വകാര്യതയ്ക്ക് ഭീഷണിയാകരുത്.
ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയത്തിൽ നഷ്ടമുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യവ്യാപക പ്രതിഷേധത്തിനുള്ള സൂചനയാണ് കഴിഞ്ഞ ദിവസം കണ്ടതെന്നും ഇടതുപക്ഷം ദേശീയതലത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎമ്മിനെതിരെ കടന്നാക്രമണം നടത്തുന്നത് മോദി, ഇഡി, വിഡി കൂട്ടുകെട്ടാണെന്നും ഇതിനെതിരെ അതിശക്തമായ ജനകീയ മുന്നേറ്റം ഉയർന്നുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയനെതിരായ അന്വേഷണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള തെളിവുകളുടെ അംശം പോലുമില്ല. എസ്ഐടി അന്വേഷണത്തിലൂടെ പാർട്ടിയെ തകർക്കാനാണ് ശ്രമിക്കുന്നത്.
മുഖ്യമന്ത്രി വി.ഡി.സതീശൻ സ്വകാര്യ മുതലാളിമാരുടെ സ്പോൺസർഷിപ്പിലാണ് കേരളം ഭരിക്കുന്നത്. സ്പോൺസറുടെ വിമാനത്തിൽത്തന്നെ ഇനിയും സഞ്ചരിക്കുമെന്നും മന്ത്രിമാർ വിദേശയാത്രകൾ തുടരുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. വൈദ്യുതി മന്ത്രി ഉൾപ്പെടെ നാല് മന്ത്രിമാർ വിദേശത്ത് പോകാനുള്ള ഉത്തരവിറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില മുതലാളിമാരുടെ സഹായവും സൗജന്യവും പറ്റിയാണ് ഈ യാത്രകളെല്ലാം നടത്തുന്നത്.
ഇത് കേരളത്തിന് വളരെ അപകടകരമായ ദിശയാണ്. വിദേശയാത്രകൾ വഴി പെട്രോൾ, ഡ്രൈവർ, മെയിന്റനൻസ് ചെലവുകൾ ഇല്ലാത്തതിനാൽ സർക്കാരിന് ലാഭമാണെന്ന് മുൻപ് കെപിസിസി പ്രസിഡന്റ് പറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രിയും സംസാരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും കാട്ടാൻ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും തുറന്ന സർട്ടിഫിക്കറ്റാണ് ഇതിലൂടെ നൽകിയിരിക്കുന്നത്.
മാധ്യമങ്ങൾക്കെതിരായുള്ള മോദിയുടെ കാടത്തം ഇവിടെ സതീശനും ചെയ്യുന്നു. സർക്കാരിനെ വിമർശിക്കുന്ന വാർത്തകളിൽ മുഖ്യമന്ത്രിയുടെ പേരോ ഫോട്ടോയോ ഉപയോഗിക്കാൻ അനുവദിക്കാത്ത കാടത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് കൈമാറിയ പരാതി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി പി. വിക്രമൻ മാസപ്പടി കേസിലും കുഴൽപ്പണ കേസിലും അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയ ഇഡി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഇഡി കൈമാറിയ വസ്തുകള് പരിശോധിച്ച ശേഷം അന്വേഷണ സംഘം റിപ്പോർട്ട് ഡിജിപിക്ക് കൈമാറും.
എഫ്ഐആർ രജിസ്റ്റർ ചെയ്താൽ 15 ദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് നൽകേണ്ടിവരും. എന്നാൽ നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനാൽ ആദ്യഘട്ട അന്വേഷണത്തിന് എത്ര സമയം വേണ്ടിവരുമെന്നതിൽ വ്യക്തതയില്ല.
Kerala
തിരുവനന്തപുരം: മുന് മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്എയ്ക്കുമെതിരായ അന്വേഷണം ആരെയെങ്കിലും വേട്ടയാടാനല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
ആരുടെയും പിറകെ നടന്നു പ്രതികാരബുദ്ധിയോടുകൂടി പ്രവര്ത്തിക്കാനുള്ളതല്ല സര്ക്കാര്. നിയമം നിയമത്തിന്റെ വഴിക്കു പോകും. അന്വേഷണം നടക്കുമ്പോള് അവര്ക്ക് പറയാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടാകും.
മോദി -ഇഡി- വിഡി കൂട്ടുകെട്ട് എന്നൊക്കെ കേള്ക്കാന് നല്ല രസമാണ്. പക്ഷേ ഈ കാര്യങ്ങളൊക്കെ ചെയ്യുമ്പോള് അതില് നമ്മളാരുമില്ലല്ലോ. ചട്ടം 66(2) പ്രകാരം ഇഡി പൊലിസിനു കത്തു നല്കിയാല് നിര്ബന്ധമായും അന്വേഷണം നടത്തിയേ മതിയാകൂ എന്നാണ് സുപ്രീംകോടതി ഉത്തരവുള്ളത്.
ലളിതകുമാരി കേസിലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് അഴിമതി അടക്കമുള്ളവയ്ക്ക് എഫ്ഐആര് രജിസ്റ്റര് ചെയ്യുംമുമ്പ് പ്രാഥമിക അന്വേഷണം നടത്തണം. അതിനാലാണ് കേസെടുക്കും മുമ്പ് പ്രാഥമികാന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Kerala
കണ്ണൂർ: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടിക്ക് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബിജെപിയുമായി ചേർന്ന് നടത്തിയ ഉന്നത ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജൻ.
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. പഞ്ചാബിലും തമിഴ്നാട്ടിലും ഇഡി കത്തുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വിസമ്മതിച്ചത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേരളത്തിൽ ഈ അസാധാരണ നീക്കം നടന്നതിന് പിന്നിൽ ഇഡിയും നരേന്ദ്ര മോദിയും യുഡിഎഫ് നേതാക്കളും തമ്മിലുള്ള കൂട്ടുകെട്ടാണെന്നും കുറ്റപ്പെടുത്തി.
സതീശനും ചെന്നിത്തലയും ഇഡിയുടെ ബിനാമികളായി മാറിയെന്നും ബിജെപിയും യുഡിഎഫും തമ്മിലുള്ള 22-ാമത്തെ ഡീലിന്റെ ഭാഗമാണ് ഈ കേസെന്നും ജയരാജൻ വ്യക്തമാക്കി. നിലവിലെ രണ്ട് കേരള മന്ത്രിമാർക്കെതിരെയുള്ള അന്വേഷണം മുന്നോട്ടുപോകില്ലെന്ന ഉറപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയിട്ടുണ്ട്.
സതീശൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പിണറായി വിജയനെതിരെയുള്ള അന്വേഷണം പ്രഖ്യാപിച്ചതെന്നത് ഇതിന് തെളിവാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: സിഎംആർഎൽ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനും എതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് മേൽനോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
കരിമണൽ കന്പനിയിൽനിന്നുള്ള മാസപ്പടിയും ദുബായിലേക്കുള്ള ഹവാല ഇടപാടുമെല്ലാം അന്വേഷിക്കും. തെളിവുണ്ടെങ്കിൽ കേസെടുക്കും. ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിൽ അഴിമതിക്കു തെളിവു കണ്ടെത്തിയാൽ വിജിലൻസ് അന്വേഷണവുമുണ്ടാകും.
മാസപ്പടിക്കേസിലെ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിണറായിക്കും റിയാസിനുമെതിരേ കേസെടുക്കണമെന്ന് ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാസപ്പടി ആരോപണത്തിൽ വിജിലൻസും ഹവാല ഇടപാടിൽ ക്രൈംബ്രാഞ്ചിനും പ്രാഥമികാന്വേഷണം നടത്താമെന്നായിരുന്നു അഡ്വക്കേറ്റ് ജനറൽ ജാജുബാബുവിന്റെ നിയമോപദേശം.
ഇഡിയുടെ കത്തിൽ അഴിമതിനിരോധന നിയമം, ബിഎൻഎസ്എസ്, ബിഎൻഎസ് അടക്കം ചുമത്തി കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളുണ്ട്. വിജിലൻസിന് വിട്ടാൽ മറ്റു കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാകില്ലെന്നും എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നും ആഭ്യന്തരമന്ത്രി നിലപാടെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുശേഷം ക്രിമിനൽ, അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്യാനുമാകും. ഇതോടെയാണ് അന്വേഷണത്തിന് പൊലിസ് മേധാവിയെ ചുമതലപ്പെടുത്താൻ തീരുമാനമായത്.
സിഎംആർഎല്ലുമായി 2017 മാർച്ച് നാലിനും 2019 മേയ് 18നുമിടയിൽ വീണ നടത്തിയ 3.28 കോടിയുടെ പണമിടപാടുകളിൽ പിണറായിയെ ബന്ധിപ്പിക്കാനുള്ള തെളിവുകളുണ്ടെന്ന് ഇഡി കത്തിൽ ഡിജിപി അറിയിച്ചത്.
Kerala
തിരുവനന്തപുരം : മാസപ്പടി കേസിൽ സർക്കാർ ഒരു തിടുക്കവും കാട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള പൊലിസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിയാലേ മതിയാകൂ. അത് സർക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും വേട്ടയാടില്ലെന്നും പ്രതികാര നടപടി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിലും മുഖ്യമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. വിമാനയാത്രയിൽ സർക്കാരിന്റെ ഒരു പണവും ചെലവാക്കിയിട്ടില്ലെന്നും വിമാനം ഏർപ്പാടാക്കി നൽകിയത് ഒരു പരിചയക്കാരനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആളിന്റെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പണം മുടക്കിയ ആൾക്ക് ഒരു ഔദാര്യവും ചെയ്തുനല്കിയിട്ടില്ല. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു മുഖ്യമന്ത്രിമാരും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. അതിൽ ഒരു കുഴപ്പവുമില്ല, ഇനിയും താൻ ഇത്തരത്തിലുള്ള വിമാനയാത്ര നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും റിയാസിനുമെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദൻ. മൂവർക്കുമെതിരേ തെളിവിന്റെ കണിക പോലുമില്ലെന്നും പിന്നെന്തിന് ഒളിച്ചോടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
തെളിവുകളില്ലാതെ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തുകയാണ്. ശക്തമായ പ്രതിഷേധം ഇനിയും ഉണ്ടാകും. ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ല. എൽഡിഎഫ് യോഗം ഉടൻ വിളിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം, മാസപ്പടി കേസിലെ ഇഡി കത്തിന്മേൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇഡി കത്ത് നൽകി 15 ദിവസത്തിന് ശേഷമാണ് നിർണായക നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. ഇതു സംബന്ധിച്ച് സർക്കാർ തീരുമാനം കത്തായി ഇന്ന് ഡിജിപിക്ക് കൈമാറും. തുടർന്ന് എസ്ഐടി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കും.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ ശിപാർശ പ്രകാരം സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാണ് അന്വേഷണം നടക്കുക. മൂവർക്കുമെതിരെ പ്രാഥമിക അന്വേഷണവും രജിസ്റ്റർ ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തിയശേഷമാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
നേരത്തെ സിഎംആർഎൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അഴിമതി നിരോധ നിയമപ്രകാരം അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണമടക്കം റിപ്പോർട്ടിലുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. അന്വേഷണം ആകാമെന്നാണ് എജി നിയമോപദേശം നൽകിയത്. തുടർന്നാണ് മുഖ്യമന്ത്രി ആഭ്യന്ത്രമന്ത്രിയും ചർച്ച നടത്തി അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് എന്നിവരെ ആഭ്യന്തരമന്ത്രി വിളിച്ചുവരുത്തിയിരുന്നു.
കേസിലെ അന്വേഷണം ഏത് രീതിയിലാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് സംസ്ഥാന പൊലിസ് മേധാവി തീരുമാനിക്കും. ഹവാലാ ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കേണ്ടതുള്ളതിനാൽ വിജിലൻസ് എടിഎസ് ഉൾപ്പെടെയുള്ള ഏജൻസികളുടെ പരിശോധനയും വേണ്ടി വന്നേക്കാം.
Kerala
തിരുവനന്തപുരം: മാസപ്പടിക്കേസിലെ ഇഡി ശിപാർശക്കത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടായേക്കും. ഇതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തുകയാണ്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ പ്രധാന ശിപാർശ.
അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി ചൂണ്ടിക്കാട്ടുന്നവിവരങ്ങൾ വിശദീകരിച്ചുകൊണ്ട് സംസ്ഥാന പൊലിസ് മേധാവിക്ക് അന്വേഷണ ഏജൻസി ഔദ്യോഗികമായി കത്ത് നൽകിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് സർക്കാർ തലത്തിൽ ചർച്ച നടക്കുന്നത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കും. കേസിൽ ഉൾപ്പെട്ട 28 പ്രതികളിൽ 27 പേർക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
നിയമോപദേശം ലഭിച്ചാലുടൻ ഇത് കോടതിയിൽ സമർപ്പിക്കും. വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഭവത്തിനുശേഷം ഒളിവിൽ കഴിയുന്ന സിപിഎം പ്രവർത്തകൻ പാളയം സന്തോഷിനെ തൽക്കാലം ഒഴിവാക്കിയാണ് കുറ്റപത്രം നൽകുക. ഗൂഢാലോചനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഇയാൾക്കെതിരെ രണ്ടാം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് ആര്എസ്എസിന് കീഴ്പ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം വിഷയം അതിനുദാഹരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തില് കോണ്ഗ്രസ് പ്രഖ്യാപിത നിലപാടില് നിന്നും പിന്നോട്ടുപോയെന്നും പിണറായി ആരോപിച്ചു.
ഏക സിവില്കോഡും പൗരത്വഭേദഗതിയുമായി കേന്ദ്രം വന്നപ്പോള് അത് ഇവിടെ നടപ്പിലാക്കില്ലന്ന് പറഞ്ഞ ഒരു സര്ക്കാര് ഇവിടെയുണ്ടായിരുന്നു. ആര്എസ്എസിന്റെ അജണ്ട എങ്ങനെ കേരളത്തില് ബാധകമായെന്നത് പ്രധാനമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ശുദ്ധമായ കാവിവത്കരണമാണ് പിഎംശ്രീയിലൂടെ ലക്ഷ്യമിടുന്നത്. സര്വകലാശാലകളില് ആര്എസ്എസുകാരെ നോക്കി നിയമിക്കുകയാണ്. ആര്എസ്എസുകാരെ വി സിമാരാക്കുന്നു. ഇതിനെതിരെ ശബ്ദിക്കാന് മുഖ്യമന്ത്രിക്കോ വിദ്യാഭ്യാസ മന്ത്രിക്കോ കഴിയുന്നില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണ്. ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റ് ബിജെപിക്ക് കിട്ടി. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും ഭരണം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.
കേരളം കീഴടക്കണമെങ്കിൽ സിപിഎമ്മിനെ തകർക്കണം. അതിന്റെ ഭാഗമായാണ് ഇഡി കേരളത്തിലെത്തിയത്. അതാണ് പിണറായിയെയും റിയാസിനെയും കേസിൽ പെടുത്തുന്നത്. അതിൽ വി.ഡി. സതീശൻ സന്തോഷത്തിലാണെന്നും ജയരാജൻ പറഞ്ഞു.
അതേസമയം, പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ തോൽവിയെ കുറിച്ച് കേന്ദ്ര കമ്മിറ്റി കൃത്യമായി പറഞ്ഞെന്നും അദ്ദേഹം പ്രതികരിച്ചു. തെറ്റിദ്ധരിക്കപ്പെട്ട ആളുകളെ പാർട്ടിയുടെ ധാരണയ്ക്ക് അനുസരിച്ച് ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. സിപിഎമ്മിനകത്ത് എന്തെങ്കിലും ആശയ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ തിരുത്താനുള്ള ശക്തി സിപിഎമ്മിനുണ്ടെന്നും ജയരാജൻ അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണ വിഷയം മന്ത്രിസഭയിലും ചർച്ച ചെയ്തേക്കും.
വരുന്ന തിങ്കളോ ചൊവ്വയോ മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള പ്രധാന യുഡിഎഫ് നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യും. തുടർന്ന് ആവശ്യമെങ്കിൽ മന്ത്രിസഭയെ കൂടി അന്വേഷണ വിഷയം ബോധ്യപ്പെടുത്തിയ ശേഷമാകും പ്രഖ്യാപനമുണ്ടാകുക.
പിണറായി വിജയനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
എന്നാൽ, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറയിൽ ചില മന്ത്രിമാർ അടക്കമുള്ളവരുടെ പേരുകൾ ഉള്ള സാഹചര്യത്തിൽ ഈ വിഷയത്തിൽ പിണറായി വിജയനെതിരേ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് ഭൂരിഭാഗം പേരും സ്വീകരിക്കുക.
Kerala
ആലപ്പുഴ: കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം. നെൽകർഷകരെ സഹായിക്കാൻ പത്തുവർഷത്തെ പിണറായി സർക്കാർ ഒന്നുംചെയ്തില്ലെന്ന് വിമർശനം ഉയർന്നു.
പിണറായി സർക്കാർ കർഷകരെ തഴഞ്ഞെന്നും കർഷകസംഘം ഭരണവിലാസം സംഘടനായി മാറിയെന്നുമാണ് സമ്മേളനത്തിലെ ഗ്രൂപ്പ് ചർച്ചയിൽ ആരോപണമുയർന്നത്. ആലപ്പുഴയിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു. എന്നാൽ കർഷകർ ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നും ചർച്ചയിൽ വിമർശനം ഉയർന്നു.
എന്നാൽ കേരളം താങ്ങുവില താഴ്ത്തി. കർഷകരെ തഴഞ്ഞവരെ തെരഞ്ഞെടുപ്പിൽ ജനങ്ങളും കൈവിട്ടുവെന്നും ചർച്ചയിൽ ആരോപണമുണ്ടായി.
സർക്കാർ വൻകിട പദ്ധതികളിൽ അഭിരമിച്ചു. അടിസ്ഥാനവിഭാഗങ്ങളെ തഴഞ്ഞു. സാധാരണക്കാരെ മറന്നു. ഇതിനാലാണ് ജനം തിരിച്ചടി നൽകിയത്. ഇനിയെങ്കിലും പഠിക്കണമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: ഇഡിയുടെ കത്തിലെ പിണറായി വിജയനെതിരേയായ നടപടി യുഡിഎഫ് ഘടകകക്ഷി നേതാക്കൾ അടക്കം എല്ലാവരുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനിക്കുക. ഇതുസംബന്ധിച്ചു മുസ്ലിം ലീഗ് അടക്കമുള്ള പ്രധാന ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചർച്ച നടത്തും.
പിണറായി വിജയനെതിരേ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താനുള്ള സാധ്യത കുറവാണ്. പ്രാഥമികാന്വേഷണത്തിനാണ് സാധ്യത. നിയമോപദേശത്തിന്റെയും യുഡിഎഫിലെ പ്രധാന നേതാക്കളുടെ ചർച്ചകൾക്കും ശേഷമാകും പിണറായി വിജയന്റെ കാര്യത്തിൽ വിജിലൻസിന്റെ ഏത് അന്വേഷണം വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
സിഎംആർഎൽ ഡയറിയിൽ രണ്ടു മന്ത്രിമാരുടെ പേരുള്ള സാഹചര്യത്തിൽ പിണറായി വിജയനെതിരേ കേസെടുത്ത് വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് ഭൂരിഭാഗം യുഡിഎഫ് നേതാക്കളുടെയും അഭിപ്രായം. എജി നൽകിയ നിയമോപദേശത്തിലും പിണറായിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യമായ തെളിവ് ഇല്ലെന്നു വ്യക്തമാക്കിയിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലായതിനാൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നില്ല. വൈകുന്നേരത്തോടെ രമേശ് ചെന്നിത്തല ഹരിപ്പാട്ടേക്കു പോയി. ഇനി ചൊവ്വാഴ്ചയോടെ മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളൂ. മുഖ്യമന്ത്രിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അടുത്ത ആഴ്ച മാത്രമേ തിരുവനന്തപുരത്ത് എത്തുകയുള്ളു. അതിനാൽ ഇക്കാര്യത്തിൽ തുടർ നടപടി വൈകാനാണ് സാധ്യത.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്.
Kerala
കൊച്ചി: സിഎംആർഎൽ എക്സാലോജിക് കേസിൽ ഇഡി നൽകിയ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. എജി. ആഭ്യന്തരവകുപ്പിന് നിയമോപദേശം കൈമാറി. പിഎംഎൽഎ പ്രകാരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ റിപ്പോർട്ട്.
25 പേജുള്ള വിശദമായ റിപ്പോർട്ട് ആണ് ഇഡി. നൽകിയത്. ഇതിലെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയ്ക്ക് കൈക്കൂലി വാങ്ങി. ഇതിന് മകളുടെ കമ്പനിയെ ഉപയോഗപ്പെടുത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് അയച്ച കത്തിൽ ഉണ്ടായിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ തുടങ്ങി 12-ലധികം പേർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഇതിന്മേലാണ് എജി നിയമോപദേശം നൽകിയിരിക്കുന്നത്.
Kerala
തളിപ്പറമ്പ്: യഥാർഥ വർഗവഞ്ചകർ പിണറായിയും എം.വി. ഗോവിന്ദനുമെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ. സംസ്ഥാന സമിതിയിൽ എം.വി. ഗോവിന്ദനെ ശാസിച്ചത് താനും കുഞ്ഞികൃഷ്ണനും പറഞ്ഞതു ശരിയെന്ന് തെളിയിക്കുന്നതാണെന്നും ടി.കെ. ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.
‘പാർട്ടിതാത്പര്യത്തിനു പകരം വ്യക്തിതാത്പര്യം ഉയർത്തിയ വഞ്ചകൻ പാർട്ടി സെക്രട്ടറിയാണ്. സംസ്ഥാനസമിതിയിലെ തീരുമാനങ്ങൾ സിപിഎം അണികളെ കബളിപ്പിക്കുന്നതിന്റെ തെളിവാണ്.
തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കിയത് അവരുടെ അഭിപ്രായം തുറന്നുപറഞ്ഞത് മേലാളന്മാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ്. പി. ജയരാജനെ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തിയത് അണികളെ താത്കാലികമായി തൃപ്തിപ്പെടുത്താനാണ്.
ഏറെക്കാലം അദ്ദേഹത്തെ പാർട്ടി അവഗണിച്ചെന്ന് അണികൾക്കിടയിൽ അഭിപ്രായം ഉണ്ടായതിനാലാണ് ഇപ്പോൾ പി. ജയരാജനെ ഉൾപ്പെടുത്തിയത്’- ടി.കെ. ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സംസാരിക്കുകയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തെന്ന് കാട്ടി മുതിർന്ന സിപിഐ നേതാവ് സി. ദിവാകരന് കാരണം കാണിക്കൽ നോട്ടീസ്.
സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ദിവാകരനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. പാർട്ടിക്ക് ലഭിക്കുന്ന വിശദീകരണം പരിശോധിച്ചശേഷമായിരിക്കും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുക.
നേരത്തെ, ദിവാകരൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കണമായിരുന്നുവെന്ന് ദിവാകരൻ വിമർശിച്ചിരുന്നു.
പിണറായി സ്വയം മാറിനിന്നിരുന്നെങ്കിൽ വി.എസ്. അച്യുതാനന്ദനെപ്പോലെ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ തിരികെ വിളിക്കുമായിരുന്നുവെന്നും ദിവാകരൻ പറയുകയുണ്ടായി.
മുഖ്യമന്ത്രി വി.ഡി. സതീശനെ ദിവാകരൻ പരസ്യമായി പുകഴ്ത്തുകയും ചെയ്തിരുന്നു. വി.ഡി. സതീശൻ കേരളത്തിന്റെ സ്പന്ദനമാണെന്നും അദ്ദേഹത്തിന്റെ കൈകളിൽ കേരളം ഭദ്രമാണെന്നും 100 ദിവസം കൊണ്ട് അദ്ദേഹം അത് തെളിയിച്ചുവെന്നും ദിവാകരൻ പറഞ്ഞിരുന്നു.
Kerala
തിരുവനനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി, സംസ്ഥാന പൊലിസ് മേധാവിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനും എതിരേയുള്ള നടപടി ഇനിയും വൈകും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ മടങ്ങിയെത്തിയെങ്കിലും ഇതുസംബന്ധിച്ച തീരുമാനം വൈകും.
മുഖ്യമന്ത്രി വി.ഡി. സതീശൻ ശനിയാഴ്ച ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ ശേഷം ചർച്ചകൾക്കുശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂവെന്നാണു വിവരം.
തുടർന്നു നടത്തുന്ന ചർച്ചകൾക്കു ശേഷമാകും വിജിലൻസിന്റെ ഏതു തരത്തിലുള്ള അന്വേഷണം വേണം എന്ന കാര്യത്തിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുക.
ഹവാല ഇടപാടുമായി ബന്ധപ്പെട്ടു മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ മൊഴിയുണ്ടെന്നാണ് ഇഡി, സംസ്ഥാന പൊലിസ് മേധാവിക്കു നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിനങ്ങളെന്നു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.
സിഎംആർഎൽ മാസപ്പടി കേസിൽ ഒരാളെ മാത്രം ചോദ്യം ചെയ്താൽ പോരാ. ഇതിൽ കൂട്ടു നിന്ന സിൻഡിക്കറ്റിനെ മൊത്തം ചോദ്യം ചെയ്താലേ യഥാർഥ വസ്തുത വ്യക്തമാകൂ.
സിഎംആർഎൽ മാസപ്പടി വിവാദത്തിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേരള പൊലിസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണ്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ അഴിമതിനിരോധന നിയമ പ്രകാരം എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ആവശ്യം ഗൗരവത്തോടെ കണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: തെറ്റുതിരുത്തൽ പ്രക്രിയയിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനു പൂർണമായി വഴങ്ങാതെ സിപിഎം പോളിറ്റ് ബ്യൂറോ. നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയിലും കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിലും പാർട്ടി കേരള ഘടകത്തിനു ഗുരുതരമായ സംഘടനാ വീഴ്ചയുണ്ടായെന്നു സമ്മതിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്നലത്തെ പാർട്ടി നടപടികൾ.
സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പിഴവുകൾ ഒന്നൊന്നായി പ്രത്യേക സംസ്ഥാന കമ്മിറ്റിയിലെ ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ചൂണ്ടിക്കാണിച്ചതോടെ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിക്കു കാര്യങ്ങൾ എളുപ്പമായി.
സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ചില കൂട്ടിച്ചേർക്കലുകൾ നടത്തി. ചില തിരുത്തലുകൾക്കു സിപിഎം മുതിർന്നതു സാധാരണ പാർട്ടി പ്രവർത്തകർക്കു വലിയ പ്രതീക്ഷയാണു നൽകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വത്തില്നിന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ നിലപാട് അദ്ദേഹത്തിനും പാർട്ടി സംസ്ഥാന നേതൃത്വത്തിനും കനത്ത പ്രഹരമായി.
കണ്ണൂരിൽ പാർട്ടിയുടെ ഉറച്ച സീറ്റുകളായ പയ്യന്നൂരിലും തളിപ്പറന്പിലും തോറ്റത് എം.വി. ഗോവിന്ദന്റെ പാളിച്ചയാണെന്നു ബേബി ചർച്ചയ്ക്കു മറുപടിയായി പറഞ്ഞതും മേലിൽ ഇത്തരം നടപടികൾ പാർട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നു നിർദേശിച്ചതു വാസ്തവത്തിൽ അതു ഗോവിന്ദനുള്ള ശാസനയായി മാറി. മറ്റൊന്നും ഈ അവസരത്തിൽ പാർട്ടി ആലോചിക്കുന്നില്ലെന്നും പാർട്ടി സെക്രട്ടറിയെന്ന നിലയിൽ തിരുത്തിയേ മതിയാകൂവെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
മുതിർന്ന നേതാവെന്ന നിലയിൽ പിണറായി വിജയനും മാറ്റങ്ങൾ ആവശ്യമാണെന്നു പിബി നിർദേശിച്ചു. പിണറായിക്കതിരേ ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾ അദ്ദേഹവും ഉൾക്കൊണ്ടു തിരുത്താൻ തയാറാകണമെന്നും പിബി നിർദേശിച്ചു.
ചുരുക്കത്തിൽ, ഗോവിന്ദനോടു കടുകട്ടിയായും പിണറായിയോടു കടുപ്പിച്ചും തന്നെയാണു പാർട്ടി പോളിറ്റ് ബ്യൂറോ നിലപാടു സ്വീകരിച്ചത്.
പി. ജയരാജനെയും വി. ശിവൻകുട്ടിയെയും എം.ബി. രാജേഷിനെയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതു നേതൃതലത്തിൽ വന്ന ഒരു വലിയ തിരുത്തലായി വ്യാഖ്യാനിക്കാനാകില്ല.
പി. ജയരാജൻ അടുത്ത സമ്മേളനത്തിൽ പ്രായത്തിന്റെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽനിന്നും ഒഴിയേണ്ടിവരും. അതിനുമുന്പായുള്ള ഒരു പരിഗണനയായി മാത്രമെ പുതിയ നിയോഗത്തെ കാണാനാകൂ. പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിനെതിരേ രൂക്ഷമായ വിമർശനമാണുണ്ടായത്. എന്നാൽ ചർച്ചയുടെ ഗൗരവമനുസരിച്ചുള്ള ഒരു തിരുത്തൽ ഉണ്ടായിട്ടില്ലായെന്നു തന്നെ പറയേണ്ടി വരും.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കു പൂർണമായും പ്രതിസ്ഥാനത്തു നിൽക്കുന്ന പാർട്ടി നേതൃത്വത്തിനെതിരേ ഒരു നടപടിയും കോഴിക്കോട്ട് സ്വീകരിച്ചുകണ്ടില്ല. ഇനി പ്രത്യേക ജില്ലാ കമ്മിറ്റികൾ ചേർന്നു തെറ്റുതിരുത്തൽ ചർച്ച നടത്തുമെന്നാണു ബേബിയും ഗോവിന്ദനും പറയുന്നത്. അപ്പോഴേക്കും സിപിഎം അതിന്റെ സംഘടനാ സമ്മേളനങ്ങളിലേക്കു കടക്കും.
Kerala
കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ തനിക്കെതിരെയും വിമർശനം ഉയർന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വർഗീയ ശക്തികൾക്കെതിരെയും കേന്ദ്ര ഏജൻസിയായ ഇഡിക്കെതിരെയും ശക്തമായ പോരാട്ടത്തിനും പ്രചാരണങ്ങൾക്കും നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ചേർന്ന സിപിഎം വിശാല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി. മൂന്ന് പ്രധാന പ്രമേയങ്ങൾ യോഗം അംഗീകരിച്ചതായും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെക്കൂടി കൂട്ടുപിടിച്ച് ഇഡി കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ പോലും റെയ്ഡ് നടത്തുന്ന ഇഡിയുടെ കടന്നാക്രമണങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിച്ച് തോൽപിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: മാസപ്പടി കേസിൽ പിണറായി വിജയനെ പിന്തുണച്ച് ടി.കെ.ഗോവിന്ദൻ എംഎൽഎ. പിണറായിക്ക് മകള് മുഖേന മൂന്ന് കോടി വാങ്ങേണ്ട ആവശ്യമില്ലെന്ന് ടി.കെ.ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് ആളെ ചേര്ക്കുന്ന പണിയാണ് ഇഡി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസര്ക്കാരിന്റെ ആയുധം നിലവാരം ഇല്ലാത്ത ഏജന്സിയാണെന്നും ഇഡിയുടേത് രാഷ്ട്രീയ പക പോക്കാലാണെന്നും എംഎല്എ പറഞ്ഞു. കേസില് പിണറായിക്കെതിരെ അന്വേഷണം നടക്കട്ടെയെന്നും കുറ്റമുണ്ടെങ്കില് ശിക്ഷിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇഡി പറയുന്ന കാര്യങ്ങള് അന്നം തിന്നുന്നവര്ക്ക് വിശ്വസിക്കാന് സാധിക്കില്ലെന്നും ടി.കെ.ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ എംഎല്എ രൂക്ഷവിമർശനം ഉന്നയിച്ചു.
സംസ്ഥാന സെക്രട്ടറി പരമ യോഗ്യന് ആണെന്ന നിലപാട് തനിക്കില്ലെന്ന് പറഞ്ഞ എംഎൽഎ സംസ്ഥാന സെക്രട്ടറിയാകാന് യോഗ്യതയുള്ള നിരവധി ആളുകള് പാര്ട്ടിയിലുണ്ടെന്നും കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിൽ ഗൂഢാലോചനയുടെ സാധ്യതകളും പരിശോധിക്കുന്നു.
അഡ്വക്കറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും സംയുക്തമായാണ്, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിലെ നിയമവശം പരിശോധിക്കുന്നത്.
എജി നടത്തിയ നിയമപരിശോധനയിൽ, ഇഡിയുടെ കത്തിൽ പിണറായിക്കെതിരേ വിജിലൻസ് കേസെടുക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നായിരുന്നു പ്രാഥമിക നിഗമനം. അദ്ദേഹം ഇക്കാര്യം സർക്കാരിനെ അറിയിച്ചു. തുടർന്നാണ് ഡിജിപിയുമായി ചർച്ച ചെയ്തു നിയമോപദേശം തയാറാക്കാൻ നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത നിയമപരിശോധനയിലാണ് ഗൂഢാലോചനയിലെ നിയമവശം പരിശോധിക്കുന്നത്. അങ്ങനെയെങ്കിൽ 120(ബി) പ്രകാരം കേസെടുക്കാനാകും.
എന്നാൽ, പിണറായി വിജയന് ഗൂഢാലോചനയിലെ പങ്ക് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇഡിയുടെ കത്തിൽ ലഭ്യമാണോ എന്നു വ്യക്തമല്ല.
ഹവാല ഇടപാടിൽ ടി. വീണയ്ക്കെതിരേ കേസെടുക്കാനാകുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുൻ മന്ത്രി മുഹമ്മദ് റിയാസിനും പണം കൈമാറിയ സുഹൃത്തുക്കൾക്കുമെതിരേ കേസെടുക്കാനാകുമോ എന്നതിൽ പരിശോധന നടന്നുവരികയാണ്.
നിയമോപദേശം ഇന്നു സർക്കാരിനു കൈമാറിയേക്കും. വിദേശത്തുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17നു മടങ്ങിയെത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജിലൻസ് അന്വേഷണത്തിനാകും നൽകുക.