വയനാട്: തെരഞ്ഞെടുപ്പിൽ ചില നേതാക്കൾ തന്നെ ചതിച്ച് തോൽപ്പിച്ചെന്ന് കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി.കെ. ജയലക്ഷ്മി. മാനന്തവാടിയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും തനിക്കെതിരെ ചതിയുണ്ടായെന്നും ഈ ചതി തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ലെന്നും ജയലക്ഷ്മി ആരോപിച്ചു.
എന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പരിശ്രമിച്ചു. അവര് കെട്ട് കണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി. വാഹന പ്രചരണം നടത്താതെ നേതാക്കൾ കിടന്നുറങ്ങി. പി.കെ. ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് നേതാക്കൾ വീടുകയറി പറഞ്ഞുവെന്നും ആ ചതി ഇനി ആവർത്തിക്കരുതെന്ന് ജയലക്ഷ്മി പറഞ്ഞു. വെള്ളമുണ്ടയിലെ യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി.കെ. ജയലക്ഷ്മിയുടെ വിമർശനം.
ഉമ്മൻചാണ്ടി സർക്കാരിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു പി കെ ജയലക്ഷ്മി. 2016ലും 2021ലും മാനന്തവാടിയിൽ എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ. കേളുവിനോട് ജയലക്ഷ്മി പരാജയപ്പെട്ടു. ഇത്തവണ ഉഷ വിജയനാണ് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർഥി.