കൊച്ചി: കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് (സിഎസ്എല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി പത്തു വര്‍ഷം സേവനം ചെയ്ത മധു എസ്. നായര്‍ ഇന്നു വിരമിക്കുന്നു. വിവിധ മേഖലകളില്‍ കപ്പല്‍ശാലയെ മികവിലേക്കു കൈപിടിച്ചുയര്‍ത്തിയാണ് പടിയിറക്കം.
നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗില്‍ ബിരുദവും ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍നിന്നു നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിംഗില്‍ മാസ്റ്റര്‍ ബിരുദവുമുള്ള മധു എസ്. നായര്‍ ഗുരുവായൂര്‍ സ്വദേശിയാണ്. 1988 ജൂണില്‍ മാനേജ്മെന്റ് ട്രെയിനിയായാണു സിഎസ്എലില് എത്തിയത്. 2016 ജനുവരി ഒന്നിന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ നേതൃകാലയളവില്‍ സിഎസ്എല്‍ ശ്രദ്ധേയമായ വളര്‍ച്ചയ്ക്കും മാറ്റങ്ങള്‍ക്കും സാക്ഷിയായി. 2017 ഓഗസ്റ്റില്‍ വിജയകരമായി നടത്തിയ ഐപിഒയിലൂടെ 1,443 കോടി സമാഹരിച്ച് സിഎസ്എല്‍ ഒരു ലിസ്റ്റഡ് സ്ഥാപനമായി മാറി.
180 കോടി നിക്ഷേപത്തോടെ കോല്‍ക്കത്തയില്‍ സ്ഥാപിച്ച ആധുനിക ഇന്‍ലാന്‍ഡ് വാട്ടര്‍വേ ഷിപ്പ് യാര്‍ഡിലൂടെ ഹൂഗ്ലി കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് എന്ന പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ആരംഭിച്ച് പുതിയ മേഖലയിലേക്ക് ചുവടുവച്ചു. ചെറുതും വലുതുമായ കപ്പലുകള്‍ക്ക് ആവശ്യമായ നിര്‍മാണസാമഗ്രികള്‍ സജ്ജമാക്കുന്ന കര്‍ണാടക മാല്‍പെയിലെ ടെബ്മ ഷിപ്പ്യാര്ഡ് സിഎസ്എല്‍ ഏറ്റെടുത്തു. ഇതിപ്പോള്‍ ഉഡുപ്പി കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് എന്നപേരില്‍ പ്രവര്‍ത്തിച്ചു ലാഭകരമായി മുന്നേറുകയാണ്.
1,799 കോടി ചെലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് കൊച്ചിയില്‍ കമ്മീഷന് ചെയ്തു. 970 കോടി ചെലവില്‍ ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി വികസിപ്പിച്ചതും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. 2024- 25ല്‍ സിഎസ്എലിന്റെ ടേണോവര്‍ 4,820 കോടിയിലെത്തി. ചരിത്രത്തിലെ മികച്ച സാമ്പത്തിക പ്രകടനമാണ് ഇക്കാലയളവിലേത്.
മധു എസ്. നായര്‍ വിരമിക്കുന്ന സാഹചര്യത്തില്‍ ഡയറക്ടര്‍ (ഫിനാന്‍സ്) വി.ജെ. ജോസ് കൊച്ചി കപ്പല്‍ശാലയുടെ ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും.