പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി(88) അന്തരിച്ചു. വ്യാഴാഴ്ച ബംഗളൂരുവിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽ 1938 മെയ് 17-ന് ജനിച്ച ജമുനാ റാണി 1946-ൽ പുറത്തിറങ്ങിയ തെലുങ്ക് ക്ലാസിക് ചിത്രമായ ത്യാഗയ്യയിലൂടെ തന്റെ ഏഴാം വയസിലാണ് സംഗീതജീവിതം ആരംഭിക്കുന്നത്.
ഏകദേശം എട്ടു പതിറ്റാണ്ടോളം നീണ്ട കരിയറിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള എന്നീ ഭാഷകളിലായി 6,000-ത്തിലധികം ഗാനങ്ങൾ അവർ റിക്കാർഡ് ചെയ്തിട്ടുണ്ട്.
ജി. രാമനാഥൻ, വിശ്വനാഥൻ-രാമമൂർത്തി, വി. കുമാർ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകർക്കൊപ്പവും നിരവധി തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അവർ പ്രവർത്തിച്ചിട്ടുണ്ട്. എം.എൻ. രാജം, സൗക്കാർ ജാനകി തുടങ്ങി അക്കാലത്തെ പ്രമുഖരായ നിരവധി നടിമാർക്ക് അവരുടെ ശബ്ദം ഏറ്റവും അനുയോജ്യമായിരുന്നു.
ദൈവപ്പിറവി എന്ന ചിത്രത്തിലെ കാലൈ വയസു കട്ടാന മനസു, സെന്തമിഴ് തെൻമൊഴിയാൾ, പാട്ടൊൺഡ്രു കേട്ടേൻ, പരവശം ആനേൻ തുടങ്ങിയ ഗാനങ്ങൾ ജമുനയുടെ ശബ്ദം കൊണ്ട് ഹിറ്റുകളായി മാറിയവയാണ്.
ജെ.പി. ചന്ദ്രബാബുവിനൊപ്പം അവർ പാടിയ കുംഗമപൂവേ കൊഞ്ചും പുരാവേ എന്ന യുഗ്മഗാനം പുതിയ തലമുറയിലെ ആസ്വാദകരെയും ഇന്നും ആകർഷിക്കുന്നുണ്ട്. പി.ബി. ശ്രീനിവാസിനൊപ്പം അവർ പാടിയ ആഥിമനിതൻ കാതലുക്കുപിൻ എന്ന പ്രണയഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
ജിമ്മി, പി. ലീല, എം.എൽ. വവാസന്തകുമാരി, എം.എസ്. രാജേശ്വരി, എ.പി. കോമള തുടങ്ങിയ പ്രമുഖ ഗായികമാർ വാണിരുന്ന സിനിമാ ലോകത്തേക്ക് കടന്നുവന്ന ജമുനാ റാണിക്ക് തന്റെ ഇടം കണ്ടെത്താൻ അധികകാലം വേണ്ടിവന്നില്ല. ലളിത, പത്മിനി എന്നിവർക്ക് വേണ്ടിയുള്ള ഗാനങ്ങളിൽ സ്ഥിര സാന്നിധ്യമായി അവർ മാറി. കൂടാതെ ടി.എം. സൗന്ദരരാജൻ, ജെ.പി. ചന്ദ്രബാബു തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം നിരവധി യുഗ്മഗാനങ്ങളും പാടി.
കമലഹാസൻ നായകനായ നായകൻ എന്ന ചിത്രത്തിലെ നർത്തകിക്ക് വേണ്ടി നാൻ ചിരിതാൽ ദീപാവലി എന്ന ഗാനം കമ്പോസ് ചെയ്തപ്പോൾ സംഗീതസംവിധായകൻ ഇളയരാജ പ്രത്യേകമായി തെരഞ്ഞെടുത്തത് ജമുനാ റാണിയെയും എം.എസ്. രാജേശ്വരിയെയുമായിരുന്നു.
ഇന്ത്യൻ സിനിമയുടെ സുവർണകാലത്ത് ഏറ്റവും കൂടുതൽ തിരക്കുണ്ടായിരുന്ന ഗായികമാരിൽ ഒരാളായി ജമുനാ റാണിയെ വളർത്തിയത് അവരുടെ ഗാംഭീര്യമുള്ളതും വികാരം തുളുമ്പുന്നതുമായ ശബ്ദമായിരുന്നു.