തൃശൂര്‍: കൊച്ചി സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ചയ്ക്ക് പരിഹാരമായില്ല. പുതുക്കാട് പാലിയേക്കര മടവാക്കരയിലാണ് പാചകവാതക ചോര്‍ച്ചയുണ്ടായത്. ദേശീയപാതയിലും സമീപപ്രദേശങ്ങളിലും വാതകം വ്യാപിച്ചിട്ടുണ്ട്.
ഇതേ തുടർന്ന് സമീപത്തെ മൂന്ന് കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി പാർപ്പിച്ചു. കെഎസ്പിപിഎല്‍ കമ്പനിയുടെ ചെലവിലാണ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്. നേരത്തേ മാറി താമസിച്ചിരുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും കമ്പനി നല്കി തുടങ്ങിയിട്ടുണ്ട്.
അതേസമയം പാചകവാതക പൈപ്പിലെ ചോര്‍ച്ച കണ്ടെത്തുന്നതിന് ഒൻപത് മീറ്റര്‍ താഴ്ചയില്‍ മണ്ണ് മാറ്റുന്ന ജോലികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പ്രദേശത്ത് കുഴിക്കുമ്പോള്‍ വെള്ളം നിറയുന്നതാണ് പണികള്‍ക്ക് തടസമാകുന്നത്.
കുഴിക്കുന്ന ഭാഗത്തെ വെള്ളം പമ്പ് ചെയ്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്. ചോര്‍ച്ച കണ്ടെത്തി പൈപ്പിലെ ഗ്യാസ് പൂര്‍ണമായി നീക്കി കഴിഞ്ഞാല്‍ ക്ലാമ്പ് ചെയ്തു ചോര്‍ച്ച അടയ്ക്കുന്നതിനുള്ള തീരുമാനത്തിലാണ് കമ്പനി.