ഛണ്ഡിഗഢ്: പഞ്ചാബിലെ സംഗ്രൂരിൽ ബിജെപി ഓഫീസിന് നേരെയുണ്ടായ പെട്രോൾ ബോംബാക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്നിനുണ്ടായ ആക്രമണത്തിൽ ഓഫീസിന്റെ മതിലിന് കേടുപാടുകൾ സംഭവിച്ചു.
ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് ഓഫീസിനുനേരെ എറിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കുപ്പി കെട്ടിടത്തിന്റെ പുറംമതിലിൽ തട്ടി തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
പ്രതികളെ കണ്ടെത്താനായി ഓഫീസിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. അതേസമയം സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായി തകർന്നുവെന്നും മുഖ്യമന്ത്രി ഉടൻ രാജി വെക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.