Kerala
കൊച്ചി: നെടുമ്പാശേരിയില് വാഹന പരിശോധനയ്ക്കിടെ പോലീസുകാരന് മര്ദനം. ട്രാഫിക് നിയമലംഘനം മൊബൈല് കാമറയില് പകര്ത്തിയ പോലീസുകാരനെയാണ് മൂന്നു യുവാക്കള് മര്ദിച്ചത്. കപ്രശേരി സ്വദേശികളായ റെനീഷ്, ശ്യാം, അഖില് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ യാത്രയെ തുടര്ന്ന് ദേശീയപാതയില് ഡ്യൂട്ടി ചെയ്യുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്. ഇതിനിടെ ഹെല്മെറ്റ് വയ്ക്കാതെ ബൈക്കില് ട്രിപ്പിള്സ് അടിച്ച് പോയ യുവാക്കളുടെ ദൃശ്യം പോലീസുകാരന് മൊബൈലില് പകര്ത്തുകയായിരുന്നു.
ഇതില് പ്രകോപിതരായ യുവാക്കള് പോലീസുകാരനെ ആക്രമിച്ച് വീഴ്ത്തുകയും നെഞ്ചില് ചവിട്ടുകയുമായിരുന്നു. ഇവരെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്യും.
Kerala
കോഴിക്കോട്: ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ഫോണ് പിടിച്ചു വാങ്ങി എറിഞ്ഞുപൊട്ടിച്ച യുവാവ് അറസ്റ്റിൽ. താമരശേരി തച്ചംപൊയില് സ്വദേശി ഷാഹിദ് അലിയാണ് അറസ്റ്റിലായത്.
ബാലുശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്ഡ് പി.ദിനേഷ്, ഹൈവേ പോലീസിലെ സീനിയര് സിപിഒ സനോജ് കുമാര് എന്നിവരുടെ പരാതിയിലാണ് നടപടി. ചീനിമുക്ക് ഭാഗത്ത് വച്ചാണ് സംഭവം.
വാഹനം നിര്ത്തി ഡ്രൈവര് ഫോണില് സംസാരിക്കുന്നതിനിടെ ഇയാള് അസഭ്യം പറയുകയും വാഹനത്തിന്റെ പിന്സീറ്റില് ഇരുന്ന ദിനേഷിന്റെ 25,000 രൂപ വില വരുന്ന മൊബൈല് ഫോണ് പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു. മോട്ടോര് സൈക്കിളില് യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ ഫോട്ടോ മൊബൈല് ഫോണില് പകര്ത്തി എന്നാരോപിച്ചായിരുന്നു അതിക്രമം.
Kerala
കൊല്ലം: അഞ്ചൽ ആർച്ചലിൽ വീട്ട് മുറ്റത്ത് വച്ചിരുന്ന പോലീസുകാരന്റെ ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വിവേകിന്റെ ബുള്ളറ്റാണ് കത്തിച്ചത്.
കത്തിച്ചതാരാണെന്ന് കണ്ടെത്താനായിട്ടില്ല. വിവേകിനെ ഭീഷണിപ്പെടുത്തിയുള്ള കത്തും ബുള്ളറ്റിന് സമീപത്ത് നിന്ന് ലഭിച്ചു. പുനലൂരിലെ കോളജിൽ വച്ച് അടിച്ചതിനുള്ള മറുപടിയാണെന്ന് കത്തിൽ പറയുന്നു.
സിപിഎം കളിച്ചല്ലേ അടിച്ചതെന്നും ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോ എന്നും ഭീഷണിക്കത്തിലുണ്ട്. എന്നാൽ സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Kerala
മലപ്പുറം: ലഹരി കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തിയ പോലീസുകാരന് സസ്പെൻഷൻ. കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറം എസ്പിയുടേതാണ് നടപടി.
40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരിൽ പിടിയിലായ പ്രതികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെയും, കൊണ്ടോട്ടി എഎസ്പിയുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗോവിന് രാജിനെതിരെ തുടർനടപടിയുണ്ടാകുമെന്ന് മലപ്പുറം എസ്പി അറിയിച്ചു. ലഹരി സംഘവുമായുള്ള ബന്ധത്തിന്റെ പേരിൽ കരിപ്പൂർ സ്റ്റേഷനിലെ സിപിഒ ധനേഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് പരാതി പരിഹരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മറ്റൊരു പോലീസുകാരൻ ആക്രമിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.
തിരുവനന്തപുരം വികാസ് ഭവൻ പോലീസ് ക്വർട്ടേഴ്സിലാണ് സംഭവം. ഉദ്യോഗസ്ഥൻ ഭാര്യയുമായി വഴക്കുണ്ടാക്കുന്നു എന്ന് 112ൽ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനീഷ് കുത്തുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടിയില്ല. ബൈക്കിലെത്തില രണ്ടംഗ സംഘമാണ് പിന്നിലെന്ന് പോലീസ് അറിയിച്ചു. ബോംബ് വീടിനു മുന്നിൽ കൊണ്ടുവച്ചതാകാമെന്നും നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: മധ്യപ്രദേശില് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് സ്പെഷല് ട്രെയിനില് മടങ്ങുന്നതിനിടെ മാവോയിസ്റ്റ് മേഖലയില് വച്ച് പോലീസുകാരന്റെ തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തില് ഡെപ്യൂട്ടി കമന്ഡാന്റ് എസ്. ഷിബുവിനെതിരേ ആഭ്യന്തര വകുപ്പിന്റെ അച്ചടക്ക നടപടി. ഡെപ്യൂട്ടി കമന്ഡാന്റ് എന്ന നിലയില് കൃത്യനിര്വഹണത്തില് ജാഗ്രതക്കുറവ് കാട്ടിയതിനു താക്കീത് നല്കാനാണ് തീരുമാനം.
2023 നവംബര് 20ന് പുലര്ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശ്-രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ കെഎപി മൂന്നാം ബറ്റാലിയന് സംഘം മധ്യപ്രദേശിലെ നരിയോലി സ്റ്റേഷനില് എത്തിയപ്പോഴാണ് ഇന്ത്യറിസര്വ് ബറ്റാലിയനിലെ വിശാഖിന്റെ ബാഗും അതിനുള്ളിലുണ്ടായിരുന്ന ഒമ്പത് എംഎം പിസ്റ്റളും 20 തിരകളും നഷ്ടപ്പെട്ട വിവരം പുറത്തറിഞ്ഞത്.
തോക്ക് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന ആഭ്യന്തര അന്വേഷണത്തില് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ഗുരുതരവീഴ്ച ഉണ്ടായതായി സര്ക്കാര് കണ്ടെത്തി. നക്സല് ബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്രയായിരുന്നിട്ടും ഉദ്യോഗസ്ഥര് സഞ്ചരിച്ചിരുന്ന ബോഗികളില് മതിയായ സെന്ട്രി ഡ്യൂട്ടിയോ ആയുധങ്ങള് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമോ ഒരുക്കിയിരുന്നില്ലെന്നു കണ്ടെത്തിയിരുന്നു.
ആയുധങ്ങള് കേന്ദ്രീകൃതമായി സൂക്ഷിക്കണമെന്ന നിര്ദേശം ലംഘിച്ച് ഏതൊക്കെ ഉദ്യോഗസ്ഥര് ആയുധം കൈവശം വച്ചിട്ടുണ്ടെന്ന് പരിശോധിക്കുന്നതില് ഡെപ്യൂട്ടി കമന്ഡാന്റ് പരാജയപ്പെട്ടു, വിവരങ്ങള് മറച്ചുവച്ചു.
ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടന്തന്നെ സഹപ്രവര്ത്തകരെ വിളിച്ച് കാര്യങ്ങള് അന്വേഷിക്കുന്നതിലും ദുരൂഹത നീക്കുന്നതിലും വീഴ്ച സംഭവിച്ചു. യാത്രയ്ക്കിടെ സേനാംഗങ്ങള് മദ്യപിച്ചതുള്പ്പെടെയുള്ള അച്ചടക്കരഹിതമായ പ്രവൃത്തികള് തടയുന്നതിലും മേലുദ്യോഗസ്ഥന് സാധിച്ചില്ല എന്നീ കാര്യങ്ങളും പ്രാഥമിക അന്വേഷണത്തില് കണ്ടെത്തിയിരുന്നു.
എന്നാല് ഇതു സംബന്ധിച്ച് ആദ്യം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥ ഷിബുവിനെതിരായ കുറ്റങ്ങള് തെളിവില്ലാത്തതാണെന്നാണ് സൂചിപ്പിച്ചത്. ഈ റിപ്പോര്ട്ട് സര്ക്കാര് തള്ളിക്കളഞ്ഞാണ് അച്ചടക്ക നടപടി സ്വീകരിക്കാന് തീരുമാനിച്ചത്.
പോലീസുകാര് മാത്രം സഞ്ചരിച്ചിരുന്ന ബോഗിയില് നിന്ന് തോക്കും തിരകളും അടങ്ങിയ ബാഗ് നഷ്ടപ്പെടാന് കാരണം പോലീസുകാര്തന്നെയാണെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. സേനാംഗങ്ങളില് ഒരാള് ബാഗ് പുറത്തേക്കു വലിച്ചെറിയുന്നതു കണ്ടുവെന്ന് മറ്റൊരു സേനാംഗം മൊഴി നല്കിയിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില് പോലീസുകാരനെ എസ്എഫ്ഐ പ്രവര്ത്തകര് മര്ദിച്ച സംഭവത്തില് റിപ്പോര്ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര് കെ. കാര്ത്തിക്. പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില് വിശദീകരണം നല്കാനും നിര്ദേശമുണ്ട്.
ഔദ്യോഗിക ജോലിക്കിടയില് ഉണ്ടായ പ്രശ്നങ്ങളുടെ പേരില് പോലീസുകാരെ ആക്രമിക്കാന് സമ്മതിക്കില്ലെന്നും പ്രതികരണമുണ്ട്. അന്വേഷണ റിപ്പോര്ട്ടിന് ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്നാണ് വിവരം.
ഇരുകൂട്ടരില് നിന്നും പരാതി ലഭിച്ചു. ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനെന്ന് പരിശോധിക്കും. അടിയന്തരമായ നടപടി സ്വീകരിക്കും. ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി ഉപദ്രവിച്ചാല് അടിയന്തര നടപടി ഉണ്ടാകും.
പോലീസ് ഉദ്യോഗസ്ഥനെതിരെ മുന്കാലത്ത് പരാതി ലഭിച്ചിട്ടുണ്ട്. അത് വിശദമായി പരിശോധിക്കും. എസ്എഫ്ഐ പ്രവര്ത്തകര്ക്കെതിരായ പരാതിയിലും വൈകാതെ നടപടി സ്വീകരിക്കുമെന്നും കാര്ത്തിക് പറഞ്ഞു.
Kerala
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനു നേരെ മാളിലുണ്ടായ ആക്രമണം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് കേരള പോലീസ് അസോസിയേഷൻ. ഔദ്യോഗിക ഡ്യൂട്ടി നിർവഹിച്ചതിന്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും അസോസിയേഷൻ അറിയിച്ചു.
നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിൽ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
നിയമം നടപ്പിലാക്കുന്നതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയുന്നതിനു വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പൊതുസമൂഹം ഒറ്റക്കെട്ടായ പ്രതിരോധം തീർക്കണം.
സംഭവത്തിൽ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. നിയമപാലനം നിർവഹിക്കുന്ന ഉദ്യോഗസ്ഥനു സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: എസ്എഫ്ഐക്കാർ മർദിച്ച പോലീസുകാരനെതിരെ കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരനായ മിഥുൻ റോയിക്കെതിരെ കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പോലീകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഉന്നത നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസുകാരനെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയിയുടെ പരാതി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. എആർ ക്യാമ്പിലെ പോലീസുകാരനായ മിഥുൻ റോയിക്കാണ് മർദനമേറ്റത്.
പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്.
ഇതിന്റെ പ്രതികാരമാണ് മാളിലെ തല്ലെന്നാണ് പരാതി. പോലീസുകാരന്റെ പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തു.
District News
കൊട്ടിയം: സഹോദരങ്ങളെ ക്രൂരമായി മർദ്ദിച്ച പ്രതിയെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏഴിന് തന്റെ വീട്ടിലേക്കു സാധനങ്ങൾ വാങ്ങി കൊടുത്തില്ല എന്ന വൈരാഗ്യത്തിൽ സഹോദരങ്ങളെ ക്രൂരമായി ആക്രമിച്ച തഴുത്തല പുതുച്ചിറ കുന്നുംപുറത്ത് വീട്ടിൽ വട്ടോളി എന്ന് വിളിക്കുന്ന രഞ്ജിത്ത്(34) ആണ് പിടിയിലായത്.
പുതുച്ചിറ സ്വദേശികളായ സഹോദരങ്ങൾ അഖിൽ, അക്ഷയ് എന്നിവരെയാണ് രഞ്ജിത്ത് ക്രൂരമായി മർദ്ദിച്ചത്. മർദ്ദിക്കുന്ന ദൃശ്യങ്ങൾ മറ്റൊരാളെ കൊണ്ട് രഞ്ജിത്ത് വീഡിയോ എടുപ്പിക്കുകയും ചെയ്തു. സഹോദരങ്ങളുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് കൊട്ടിയം പോലീസ് വട്ടോളി രഞ്ജിത്തിനെ പുതുച്ചിറയിൽ നിന്നും അറസ്റ്റ് ചെയ്തത്.
രഞ്ജിത്ത് നേരത്തെയും കാപ്പാ കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ള ആളാണ്. എസ് ഐ നിതിൻനളന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leader Page
മരണക്കളിയാണു മുന്നിൽ. ആഗോള മുന്നറിയിപ്പ്. ഇസ്രേലി ആക്രമണത്തിൽ ചുരുങ്ങിയത് ആറ് ആണവശാസ്ത്രജ്ഞർ കൊല്ലപ്പെട്ടെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ പറയുന്നത്. ടെഹ്റാന്റെ ഹൃദയവേദന മനസിലാക്കാവുന്നതേയുള്ളൂ. ആക്രമണത്തിനു പിന്നിലെ അമേരിക്കൻ കൈക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും സൂചനകളുണ്ടെന്നാണ് ടെഹ്റാൻ ടൈംസിന്റെ വിലയിരുത്തൽ. ആക്രമണത്തിന് 24 മണിക്കൂർ മുന്പ് ഇറാനു സമീപം അമേരിക്കയുടെ എണ്ണടാങ്കറുകൾ ഇന്ധനവിതരണത്തിൽ പ്രവർത്തനനിരതമായിരുന്നു എന്നതൊരു സൂചന. കൂടാതെ, സഹകരണം ചൂണ്ടിക്കാണിച്ച് അനൗദ്യോഗിക റിപ്പോർട്ടുകളുമുണ്ട്.
ആരോപണം കേട്ടപാടെ കൈകഴുകാനായിരുന്നു അമേരിക്കൻ ശ്രമം. “ഇന്നു രാത്രി ഇസ്രയേൽ ഇറാനെതിരേ ഏകപക്ഷീയ നടപടിയെടുത്തു. ഞങ്ങൾക്കിതിൽ പങ്കില്ല. മേഖലയിലെ അമേരിക്കൻ സേനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ പ്രഥമ ദൗത്യം. സ്വയരക്ഷയ്ക്ക് ഈ ആക്രമണം അനിവാര്യമാണെന്നാണ് ഇസ്രയേൽ ഞങ്ങളോടു പറഞ്ഞത്’’-ഇതായിരുന്നു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റുബിയോയുടെ ആദ്യപ്രതികരണം.
‘കടുത്ത ശിക്ഷ’
ഇറാനെ ആക്രമിച്ച് നിരവധി ഉന്നത സേനാമേധാവികളെയും ആറ് ആണവ ശാസ്ത്രജ്ഞരെയും വധിച്ച കുറ്റത്തിന് ഇസ്രയേൽ ‘കടുത്ത ശിക്ഷ’ നേരിടേണ്ടിവരുമെന്നാണ് ഇറാന്റെ പരമാധികാരി ആയത്തൊള്ള അലി ഖമനയ് മുന്നറിയിപ്പു നല്കിയത്. വർധിച്ചുവരുന്ന സംഘർഷം ആഗോളതലത്തിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. വിശേഷിച്ചും അതുരുത്തിരിയുന്ന സമയം നോക്കുമ്പോൾ. “ഞങ്ങൾ ജാഗരൂകരായി’ എന്ന ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗിന്റെ വാക്കുകളിൽ എല്ലാം വ്യക്തം.
“ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഏറെ ആശങ്കാകുലരാണ്”. ഇന്ത്യയും പ്രസ്താവനയിൽ പറഞ്ഞു. “ആണവകേന്ദ്രങ്ങളിലെ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളടക്കം വിലയിരുത്തി സാഹചര്യങ്ങൾ ഞങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. കാര്യങ്ങൾ വഷളാക്കുന്ന നീക്കങ്ങൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകൾക്കും നയതന്ത്രത്തിനും നിലവിലുള്ള വഴികൾ സംഘർഷം ഒഴിവാക്കാനും പ്രശ്നപരിഹാരത്തിനും ഉപയോഗിക്കണം. ഇന്ത്യക്ക് ഇരുരാജ്യങ്ങളുമായും ഏറെ അടുപ്പവും സൗഹൃദവുമുണ്ട്. സംഘർഷമൊഴിവാക്കാൻ എല്ലാ പിന്തുണയ്ക്കും ഇന്ത്യ തയാറാണ്”- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അടിയന്തരാവസ്ഥ
ഇറാന്റെ ആണവപദ്ധതി പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ സംഘർഷമാണ് ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ ആക്രമണത്തിലേക്കു നയിച്ചത്. തിരിച്ചടി പ്രതീക്ഷിച്ച് ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറാന്റെ ആണവകേന്ദ്രങ്ങളെയും ബാലിസ്റ്റിക് മിസൈൽ ഫാക്ടറികളെയും വിവിധ സൈനിക ആസ്ഥാനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. “ഇസ്രയേലിന്റെ ചരിത്രത്തിലെ നിർണായക മുഹൂർത്തമാണിത്. ഭീഷണി അവസാനിപ്പിക്കുംവരെ ആക്രമണം തുടരും’’- വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു. ആക്രമണത്തിൽ ഇറാന്റെ റവലൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി കൊല്ലപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ പറയുന്നുണ്ട്.
ഈ ആക്രമണത്തെ വിലയിരുത്താൻ ഒന്നിലേറെ വഴികളുണ്ട്. ആഗോള സംഘർഷം കൂട്ടിയതിന് എല്ലാവരും ഇസ്രയേലിനെ കുറ്റപ്പെടുത്തുമ്പോൾ, നീക്കത്തിനു പിന്നിൽ അമേരിക്കയുടെ അനുഗ്രഹമുണ്ടെന്നു പലരും വിശ്വസിക്കുന്നു. “നിലവിലെ സാഹചര്യം ഉയർത്തിക്കാട്ടുന്നതു സങ്കീർണമായ അധികാരബലതന്ത്രമാണ്. രാജ്യങ്ങൾ ഒരുമിച്ചോ, അല്ലാതെയോ സ്വന്തം ലക്ഷ്യം നേടാൻ ശ്രമിക്കുകയാകാം-’’ മൂന്നു കരസേനാ കമാൻഡുകളെ നയിച്ച ലഫ്. ജനറൽ അഭയ് കൃഷ്ണ (റിട്ട.) പറയുന്നു.
പുതിയ, പോലീസുകാരൻ കളിയാണിത്. മാറുന്ന സാഹചര്യത്തിൽ തങ്ങളുടെ അധികാരം പരിമിതപ്പെടുന്നത് അമേരിക്ക തിരിച്ചറിയുന്നുണ്ട്. പ്രധാന രാജ്യങ്ങളുടെ കാഴ്ചപ്പാടുമായി യോജിച്ചു നീങ്ങിയില്ലെങ്കിൽ അവരോടൊപ്പം താത്പര്യമില്ലാതെ തുഴയേണ്ടിവരും. പക്ഷേ, സ്വന്തം പോലീസുകാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെടാൻ തടസമില്ല. ഈ വീക്ഷണമാണ് അമേരിക്ക- ഇസ്രയേൽ സഹകരണം സാധ്യമാക്കുന്നത്. തീർച്ചയായും ഇത് ഇസ്രയേൽ നടപടിക്കുള്ള അമേരിക്കയുടെ പരോക്ഷ പിന്തുണ തന്നെയാണ് അർഥമാക്കുന്നത്.
ആഗോള ആശങ്ക വ്യക്തം
ഗൾഫ് മേഖലയിലെ പ്രധാന രാജ്യമാണ് ഇറാൻ. സംഘർഷം സന്പൂർണമോ ഭാഗികമോ ആയ യുദ്ധത്തിലേക്കു നീങ്ങിയാൽ മറ്റു രാജ്യങ്ങളിലെ ജീവിതം മാറും. ഇന്ത്യയുടെ പ്രധാന ആശങ്ക പ്രവാസികളുടെ സുരക്ഷയാണ്. “രണ്ടു രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരോടും കരുതലോടെയിരിക്കാനും പ്രാദേശിക സുരക്ഷാ നിർദേശങ്ങൾ പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്”- വിദേശകാര്യ മന്ത്രാലയം പറയുന്നു.
വൈറ്റ് ഹൗസ് സൈനികനടപടിയിൽനിന്ന് പരസ്യമായി അകലം പാലിക്കുകയാണെന്ന് ബിബിസി റിപ്പോർട്ട് പറയുന്നു. എന്നാൽ, ഈ പോരാട്ടത്തിൽനിന്ന് തത്കാലം വിട്ടുനിൽക്കാൻ അവർ ഉദ്ദേശിക്കുന്നുവെന്ന സൂചന നൽകാനാണ് ട്രംപിന്റെ ശ്രമമെന്നും ബിബിസി കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞവർഷം ഈ മേഖലയിൽ ഇസ്രയേൽ സംഘർഷമുണ്ടാക്കിയപ്പോഴും ഇതുപോലൊരു ബലതന്ത്രമുണ്ടായിരുന്നു. ഇപ്രാവശ്യം ആക്രമണത്തിനു മണിക്കൂറുകൾക്കു മുന്പ് അമേരിക്ക പറഞ്ഞത് ഇസ്രേലി നടപടിയുണ്ടായാൽ പിന്തുണയ്ക്കില്ല എന്നാണ്.
പക്ഷേ, അമേരിക്ക ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തെന്നാണ് ഇറാൻ ആരോപിക്കുന്നത്. അതുകൊണ്ട് കാര്യങ്ങൾ കൈവിട്ടു പോയേക്കുമെന്ന ഭയം കൂടുതലാണ്. ഇസ്രേലി തീരുമാനത്തോട് സുരക്ഷിതമായ അകലം പാലിച്ചാണ് യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ നില. അതേസമയം, ഇസ്രയേൽ മറിച്ചുള്ള കഥകൾ പറയുന്നുമുണ്ട്. എന്തായാലും റൂബിയോയുടെ പ്രസ്താവനയിൽ മുന്നറിയിപ്പിന്റെ സ്വരഭേദമുണ്ട്. “ഞാൻ വ്യക്തമാക്കാനാഗ്രഹിക്കുന്നു: ഇറാൻ അമേരിക്കൻ താത്പര്യങ്ങളെയോ വ്യക്തികളെയോ ഉന്നംവയ്ക്കാൻ പാടില്ല”. ഇറാൻ തിരിച്ചടിക്കുന്പോൾ ചില അമേരിക്കൻ കേന്ദ്രങ്ങളെയും സൈനികരെയും ആക്രമിക്കാനുള്ള സാധ്യത അമേരിക്കയ്ക്ക് ബോധ്യമുണ്ട്.
ആഗോള ആണവനിരീക്ഷണ ഏജൻസി പാശ്ചാത്യ നേതൃത്വത്തിൽ ഇറാനെതിരേ മറ്റൊരു വിമർശനപ്രമേയം പാസാക്കിയതോടെ, ഇസ്രായേൽ ആക്രമണം അഴിച്ചുവിടുമെന്ന ആശങ്ക ഉയർന്നതാണ്. എന്നിട്ടും, ഇറാൻ അധികൃതർ ധിക്കാരം തുടർന്നു. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഒമാനിൽ അമേരിക്കയും ഇറാനും തമ്മിൽ ആറാംവട്ട ചർച്ച ഉദ്ദേശിച്ചിരുന്നു. അതേസമയം, ഇറാനെ ആക്രമിക്കാൻ അമേരിക്കയുടെ സൈനിക പിന്തുണ വേണ്ടെന്ന സൂചനയാണ് ഇസ്രയേൽ നല്കിയത്.
‘ഏറ്റവും ക്രൂരമായ ഭീകര ഭരണകൂടം’
ഇസ്രയേലിനെ “ഏറ്റവും ക്രൂരമായ ഭീകര ഭരണകൂട”മായി വിശേഷിപ്പിച്ച് ഇറേനിയന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതിയിട്ടുണ്ട്. അവർ എല്ലാ അപകടരേഖകളും ലംഘിച്ചെന്നും ഇറാന്റെമേലുള്ള കടന്നാക്രമണത്തിന് ശിക്ഷിക്കപ്പെടാതെ പോകാൻ രാജ്യാന്തര സമൂഹം അനുവദിക്കരുതെന്നുമാണ് കുത്തിലുള്ളത്. ഈ തുറന്ന ആക്രമണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തരയോഗം ചേരണമെന്നും അരാഗ്ചി ആവശ്യപ്പെട്ടു.
ട്രംപ് എങ്ങനെ വീണ്ടും പരാജയപ്പെട്ടു?
ട്രംപ് ഭരണകൂടം വ്യക്തമായ ചുവപ്പുകൊടി കാണിച്ചിരുന്നെങ്കിൽ നെതന്യാഹു ആക്രമണത്തിന് മുതിരുമായിരുന്നില്ല എന്നാണ് അമേരിക്കൻ നിലപാടിനെക്കുറിച്ച് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. “ഇപ്പോൾ അമേരിക്കൻ നിലപാടിൽ ചില സംശയങ്ങളുണ്ട്...രണ്ടു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകളിൽ ചില വ്യത്യാസങ്ങളും”- റഫീക് ഹരിരി സെന്റർ ആൻഡ് മിഡിൽ ഈസ്റ്റ് പ്രോഗ്രാംസ് സീനിയർ ഡയറക്ടർ വില്യം വെഷ്ലർ പറയുന്നു.
കാര്യങ്ങൾ വഷളായതിന് അമേരിക്കയെ ആണ് കുറ്റപ്പെടുത്തേണ്ടത് എന്നാണ് ആഗോളതലത്തിൽ വിദഗ്ധരുടെ അഭിപ്രായം. ഒന്നാമതായി, ആക്രമണമെന്ന സാഹസികതയ്ക്ക് അവർ ഇസ്രയേലിനെ പ്രേരിപ്പിച്ചിരിക്കാം. രണ്ടാമതായി, അങ്ങനെ ചെയ്തില്ലെങ്കിൽ, ട്രംപിന് ഇനി നെതന്യാഹുവിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഇതു തെളിയിക്കുന്നു.
മൂന്നാമതും പ്രധാനപ്പെട്ടതുമായ കാര്യം. ഒന്നാം ട്രംപ് ഭരണകൂടത്തിനു കീഴിലുണ്ടായിരുന്ന ഇറേനിയൻ ആണവകരാർ ട്രംപ് ഉപേക്ഷിച്ചതിനെത്തുടർന്ന് മേഖലയിൽനിന്ന് പിൻവാങ്ങാനുള്ള അമേരിക്കൻ തീരുമാനം അവിടെ സംഘർഷത്തിനുള്ള സാധ്യത വർധിപ്പിച്ചു. ‘ഇറാനുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ ചർച്ചകൾ അട്ടിമറിക്കാൻ വ്യക്തമായും ഉദ്ദേശിച്ചുള്ളതാണ് ഇസ്രയേലിന്റെ ആക്രമണം”-സെനറ്റർ ക്രിസ് മർഫി ഗാർഡിയൻ പത്രത്തോടു പറഞ്ഞു. “ഇത് ട്രംപും നെതന്യാഹുവും സ്വയം സൃഷ്ടിച്ച ദുരന്തമാണ്. ഇപ്പോൾ ഈ മേഖല പുതിയ, മാരകമായ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയിലുമാണ്” -അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
(ലേഖകൻ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനാണ്.)war