ഇരിട്ടി: രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നിർധന കുടുംബം നടത്തുന്ന തട്ടുകട ഇരിട്ടി നഗരസഭ പൂട്ടിച്ചതായി യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇരിട്ടി കീഴൂർകുന്നിൽ ചായക്കട എന്ന പേരിൽ തുടങ്ങിയ തട്ടുകടയാണ് നഗരസഭ അധികൃതർ ഇടപെട്ട് പൂട്ടിച്ചത്. തട്ടുകട തുടങ്ങുന്നതിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് പൂട്ടാൻ നിർദേശിച്ചതെന്നുമാണ് നഗരസഭാ അധികൃതർ പറയുന്നത്.
എല്ലാ നിബന്ധനകളും പാലിച്ചാണ് കട തുടങ്ങിയതെന്നും, എന്നാൽ കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ച കാരണത്താലാണ് കട പൂട്ടിക്കാനുള്ള തീരുമാനം ഉണ്ടായതെന്നും യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കീഴൂരിലെ കൊല്ലംപറമ്പിൽ ഷാജിയാണ് സ്വന്തം സ്ഥാപനത്തോട് ചേർന്ന് തട്ടുകട തുടങ്ങിയത്. ഏഴുദിവസം പ്രവർത്തിച്ചതിനുശേഷമാണ് കട പൂട്ടണമെന്ന നിർദേശവുമായി നഗരസഭ അധികൃതർ എത്തിയത്. ലക്ഷക്കണക്കിന് രൂപ ലോണെടുത്താണ് സ്ഥാപനം തുടങ്ങിയത്. കട തുടങ്ങാൻ അനുവദിച്ചില്ലെങ്കിൽ നഗരസഭാ പരിധിയിലെ അധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് യുഡിഎഫ് നേതാക്കളായ ഇബ്രാഹിം മുണ്ടേരി, പി.കെ. ജനാർദനൻ, കെ.പി. ഷാജി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.