കൊച്ചി: പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 20000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് ഗുരുതരമായ അവസ്ഥയാണ് ഇതെന്നും സംഭവം നിര്‍ഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്ത ആളുകളാണ് ഇവര്‍. വോട്ട് ചെയ്യാന്‍ അവസരം നല്‍കില്ല എന്നതില്‍ എന്തിനാണ് ഇത്ര പിടിവാശി, ഇത് നിര്‍ഭാഗ്യകരമാണ് എന്ന് ഹൈക്കോടതി പറഞ്ഞു. സെക്ഷന്‍ 27 പ്രകാരം തങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അധികാരമുണ്ട് എന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചത്.
എന്നാല്‍ സെക്ഷന്‍ 27 പ്രകാരം വോട്ട് അവകാശം നല്കാന് ആകില്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി. സ്ട്രോംഗ് റൂമുകള്‍ സീല്‍ ചെയ്തതിനാല്‍ ഇനി പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു.
പോസ്റ്റല്‍ ബാലറ്റ് നല്‍കിയിട്ടും വോട്ട് ചെയ്യാത്ത എത്ര പേരുണ്ട് എന്ന കണക്കുമായി ബന്ധപ്പെട്ട് സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ കഴിയുമോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ചോദിച്ചിട്ടുണ്ട്.