സുൽത്താൻ ബത്തേരി: പൂമല മക്ലോഡ്സ് ഇംഗ്ലീഷ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികൾ ബത്തേരി ഹെഡ് പോസ്റ്റോഫിസിലെത്തി കത്തുകൾ പോസ്റ്റ് ചെയ്തു. എഴുത്തിന്റെ ലോകം നേരിട്ടറിയുന്നതിന്റെ ഭാഗമായി കുട്ടികൾ തയാറാക്കിയ കത്തുകളാണ് പോസ്റ്റ് ചെയ്തത്. അധ്യാപകരോടൊപ്പം എത്തിയ 85 കുട്ടികളാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത്.
പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനരീതികളും കത്തുകളുടെ സഞ്ചാരവഴികളും പോസ്റ്റ്മാസ്റ്ററും മറ്റ് ജീവനക്കാരും കുട്ടികൾക്ക് വിശദീകരിച്ചു നൽകി. ഡിജിറ്റൽ കാലത്ത് പരന്പരാഗത ആശയവിനിമയ മാർഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ കോ-ഓഡിനേറ്റർ ധനേഷ് ചീരാൽ, അധ്യാപകരായ ടി.പി. ദീപ, സി.എസ്. സുധി, മിഞ്ചു സണ്ണി, പി.ടി. ഗീത തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.