ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിദേശ സംഭാവനാ നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബിൽ 2026 പാസാക്കിയേക്കുമെന്ന ആശങ്കകളെത്തുടർന്ന് 28ന് ഞായറാഴ്ച രാജ്യവ്യാപകമായി പ്രാർഥനാദിനമായി ആചരിക്കാൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) ആഹ്വാനം.
ഏപ്രിലിൽ നടന്ന പാർലമെന്റ് സമ്മേളനത്തിൽ ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും പ്രതിഷേധം മൂലം തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. എന്നാൽ ജൂലൈ മൂന്നാംവാരം ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ എല്ലാ മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായ വിശ്വാസികൾക്കുമായി അയച്ച സർക്കുലറിൽ സിബിസിഐ അധ്യക്ഷൻ കർദിനാൾ ഡോ. ആന്റണി പൂല പ്രാർഥനാദിനാചരണത്തിന് ആഹ്വാനം ചെയ്തത്.
ഇതര സഭാ വിഭാഗങ്ങളുമായി കൈകോർത്ത് സംയുക്ത പ്രാർഥനാക്കൂട്ടായ്മകൾ സംഘടിപ്പിക്കാനും വിശുദ്ധ കുർബാന, ആരാധന, ജപമാല, ഉപവാസം തുടങ്ങിയവ നടത്താനും നിർദേശമുണ്ട്.
കൂടാതെ സമാധാനപരവും ജനാധിപത്യപരവുമായ രീതിയിൽ ആശങ്കകൾ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി രൂപതകളും ഇടവകകളും ഒപ്പുകൾ ശേഖരിച്ച് നിവേദനങ്ങൾ ബന്ധപ്പെട്ട അധികാരികൾ മുഖേന കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.