മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നിലൂടെ നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംന്റ് 2025-26 സീസണ് പ്രീക്വാര്‍ട്ടറില്‍.
നിലവിലെ ഫൈനലിസ്റ്റുകളും ഇറ്റാലിയന്‍ കരുത്തരുമായ ഇന്റര്‍ മിലാനെ രണ്ടാം പാദ പ്ലേ ഓഫിലും (2-1) കീഴടക്കിയാണ് ബോഡോ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ബോഡോ ഗ്ലിംന്റ് 3-1ന്റെ ജയം നേടിയിരുന്നു. ഇതോടെ പ്ലേ ഓഫിന്റെ ഇരുപാദങ്ങളിലുമായി 5-2ന്റെ ആധികാരിക ജയത്തോടെ നോര്‍വീജിയന്‍ ക്ലബ് പ്രീക്വാര്‍ട്ടര്‍ ബുക്ക് ചെയ്തു.
ചരിത്ര പ്രീക്വാര്‍ട്ടര്‍
ചരിത്രത്തില്‍ ആദ്യമായാണ് ബോഡോ ഗ്ലിംന്റ് ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഇന്റര്‍ മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിറോയില്‍ നടന്ന രണ്ടാം പാദ പ്ലേ ഓഫിന്റെ ആദ്യപകുതിയില്‍ ഗോള്‍ പിറന്നില്ല.
ഇന്റര്‍ ആരാധകരുടെ ശബ്ദം നിലപ്പിച്ച് ജെന്‍സ് പീറ്റര്‍ ഹൗജും (58), ഹാക്കോണ്‍ എവ്ജെനും (72) ബോഡോ ഗ്ലിംന്റിന് 2-0ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്‍, 76-ാം മിനിറ്റില്‍ അലസാന്‍ഡ്രോ ബാസ്റ്റോണിയിലൂടെ ഇന്റര്‍ മിലാന് ഒരു ഗോള്‍ മടക്കി ആശ്വാസം കണ്ടെത്തി.