എടത്വ: ഗര്‍ഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ് ദോഹയില്‍നിന്ന് നാട്ടിലേക്കു മടങ്ങിയ യുവാവിനെ ബംഗളൂരുവിലെ ഒരു ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തന്‍വീട്ടില്‍ പി.എസ്. സനുക്കുട്ടന്‍ (30) ആണ് മരിച്ചത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മ(27)യെ രണ്ടു ദിവസം മുമ്പ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
നാലുമാസം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഹരീഷ്മ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. ഒരു മാസം മുന്‍പാണ് സനുക്കുട്ടന്‍ ജോലിക്കായി ദോഹയിലേക്കു പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞതോടെ സനുക്കുട്ടന്‍ അടിയന്തരമായി നാട്ടിലേക്കു മടങ്ങി. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു.
ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയില്‍ കാത്തുനിന്നെങ്കിലും സനുക്കുട്ടന്‍ അവിടെയെത്തിയില്ല. തുടര്‍ന്ന് ബംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സനുക്കുട്ടന്‍ അവിടെ എത്തിയതായി സ്ഥിരീകരിച്ചു. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബംഗളൂരുവിലെത്തി, മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും സഹായം തേടി. ഇതിനിടെ ഒരു ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിക്കുകയും ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുകയും ചെയ്തു.
വിവാഹശേഷം സനുക്കുട്ടന്‍ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഗാര്‍ഹിക പീഡനമാണ് മരണകാരണമെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഈ ആരോപണങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. സനുക്കുട്ടന്റെ വീട്ടില്‍ അമ്മയും സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും സഹോദരനും മാത്രമാണുള്ളത്.
പിതാവ് നേരത്തെ മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ബംഗളൂരുവിലെ വൈദേഹി ആശുപത്രിയില്‍ ഇന്നലെ രാവിലെ നടന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.
ഹരീഷ്മയുടെ സംസ്കാരം ഞായറാഴ്ച മാവേലിക്കരയില്‍ നടന്നു. സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ സനുക്കുട്ടന്റെ ബന്ധുക്കളെ ഹരീഷ്മയുടെ ബന്ധുക്കള്‍ തടഞ്ഞു തിരിച്ചയച്ചിരുന്നു.