ന്യൂഡൽഹി: ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ തങ്ങളുടെ നാല് പ്രീപേഡ് റീചാർജ് പ്ലാനുകൾ നിശബ്ദമായി പിൻവലിച്ചു. ഏറ്റവും ജനപ്രിയമായ 299 രൂപയുടെ പ്ലാൻ ഉൾപ്പെടെയാണ് എയർടെൽ നിർത്തലാക്കിയത്. യിരിക്കുന്നത്. ടെലികോം നിരക്കുകൾ വീണ്ടും വർധിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് കമ്പനിയുടെ ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
299 രൂപയ്ക്ക് പുറമേ 579, 619, 649 രൂപയുടെ പ്ലാനുകളാണ് എയർടെൽ നീക്കം ചെയ്തത്. നിലവിൽ ഈ പ്ലാനുകൾക്ക് പകരമായി കൂടുതൽ തുക നൽകേണ്ട പ്ലാനുകളാണ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. ഇത് മുൻപത്തെക്കാൾ 5 മുതൽ 16 ശതമാനം വരെ ഉയർന്ന തുകയാണ്.
ദിവസേന 1.5 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകിയിരുന്ന 299 രൂപയുടെ പ്ലാനിന് പകരം, ഇനി ഉപയോക്താക്കൾ 349 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കേണ്ടി വരും. ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാകുമെങ്കിലും തുകയിൽ 16 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ 199 രൂപയുടെയും (28 ദിവസത്തേക്ക് ആകെ 2 ജിബി ഡാറ്റ) 219 രൂപയുടെയും (28 ദിവസത്തേക്ക് ആകെ 3 ജിബി ഡാറ്റ) കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ മാറ്റമില്ലാതെ തുടരുന്നുണ്ട്.
വരും മാസങ്ങളിൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ തങ്ങളുടെ റീചാർജ് നിരക്കുകളിൽ 12 മുതൽ 15 ശതമാനം വരെ വർധനവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എയർടെലിന്റെ ഈ പെട്ടെന്നുള്ള നീക്കം വരാനിരിക്കുന്ന നിരക്ക് വർധനവിന്റെ സൂചനയായാണോ എന്ന് ഉപയോക്താക്കൾ ആശങ്ക ഉയർത്തുന്നുണ്ട്.