കൊട്ടിയം: അനധികൃതമായി ഇന്ത്യയിലെത്തുന്ന വിദേശ പൗരന്മാരെ പാർപ്പിക്കുന്നതിനുളള കൊട്ടിയത്തെ കരുതൽ തടങ്കൽ കേന്ദ്രത്തിലെ (ട്രാൻസിറ്റ്ഹോം) വിചാരണ തടവുകാരനായ വിദേശ പൗരൻ ചികിത്സയിലായിരിക്കെ മരിച്ചു. ഐവറി കോസ്റ്റ് പൗരൻ അബു ഡോംബിയ (41) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ശ്വാസ കോശ സംബന്ധമായി നേരത്തേ അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി പറയുന്നു. എന്നാൽ, ഇയാൾ ചികിത്സ നടത്താൻ തയാറായില്ല.രണ്ട് ദിവസം മുൻപു ശാരീരിക അവശത അനുഭവപ്പെട്ടപ്പോൾ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കൊട്ടിയം പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. എൻഡിപിഎസ് ആക്ട് പ്രകാരം വയനാട്ടിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. രണ്ടു വർഷമായി വിചാരണ നടന്നു വരികയായിരുന്നു.