പാലക്കാട്: ഓണത്തോടനുബന്ധിച്ച് അനധികൃതമായ വിലക്കയറ്റം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവയ്ക്കെതിരേ എല്ലാ വ്യാപാരികളും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും വ്യാപാരസ്ഥാപനങ്ങള്‍ കൃത്യമായ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ കെ. സുധീര്‍ നിര്‍ദേശിച്ചു.
സ്ഥാപനങ്ങളില്‍ കൈകാര്യം ചെയ്യുന്ന സാധനങ്ങളുടെ കൃത്യമായ രേഖകള്‍ കടകളില്‍ സൂക്ഷിക്കേണ്ടതും, ഗുണഭോക്താക്കള്‍ക്ക് വില്പന ചെയ്യുന്ന സാധനങ്ങളുടെ ബില്ല് കൃത്യമായി നല്‍കേണ്ടതുമാണ്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
സാധനങ്ങളുടെ ഗുണമേന്മ വ്യാപാരികള്‍ പ്രത്യേകം ഉറപ്പാക്കണം. പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിനായി ജില്ലാ- താലൂക്ക് തലങ്ങളില്‍ പൊതുവിതരണം, പോലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ ദിവസങ്ങളിലും പൊതുവിപണിയില്‍ പരിശോധന നടത്തുന്നുണ്ടെന്നും അറിയിച്ചു. അളവുതൂക്ക കൃത്യത, ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ എന്നിവയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ്. ബീന, വ്യാപാരി പ്രതിനിധികള്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി പൊതുജനാരോഗ്യസമിതി
പാലക്കാട്: ഓണക്കാലത്ത് ഭക്ഷ്യവിഷബാധ, ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍ പടരുന്നത് തടയുന്നതിനായി ജില്ലയിലെ പ്രധാന താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യം, ഭക്ഷ്യസുരക്ഷ, നഗരസഭാ ആരോഗ്യവിഭാഗം, തദ്ദേശസ്വയംഭരണം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന കര്‍ശനമാക്കാന്‍ തീരുമാനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി.രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുജനാരോഗ്യസമിതി യോഗമാണ് തീരുമാനമെടുത്തത്. ഹോട്ടലുകള്‍, ബേക്കറികള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ശീതള പാനീയ വിതരണ കേന്ദ്രങ്ങള്‍, മറ്റ് ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.
ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. എല്ലാ പഞ്ചായത്തുകളിലും പൊതുജനാരോഗ്യസമിതി യോഗംചേര്‍ന്ന് പ്രദേശത്തെ ഭക്ഷണനിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി ഭക്ഷ്യവിഷബാധ, പകര്‍ച്ച വ്യാധികള്‍ എന്നിവ സൃഷ്ടിക്കുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കും. ശുചിത്വ - സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), ജില്ലാ സര്‍വയലെന്‍സ് ഓഫീസര്‍, ഗവ. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം മേധാവി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് നോഡല്‍ ഓഫീസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ജില്ലാ ഫിഷറീസ് ഓഫീസര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.