കോട്ടയം: വേനല്‍ കടുത്ത് കിണറുകളും കുടിവെള്ള സ്രോതസുകളും വറ്റിയതോടെ കുടിവെള്ളത്തിന് ആവശ്യക്കാരേറി. ഇതോടെ ചൂടിനൊപ്പം കുടിവെള്ളത്തിന്റെ വിലയും കുതിക്കുകയാണ്. ഓരോ സ്ഥലത്തും വിതരണക്കാര്‍ ഓരോ വിലയാണ് ഈടാക്കുന്നത്. മലയോര മേഖലയിലാണ് വില കൂടുതൽ. 4000 ലിറ്റര്‍ വെള്ളത്തിനു 900 രൂപ മുതലാണ് ഈടാക്കുന്നത്.
ഫോണില്‍ വിളിച്ചറിയിച്ചാല്‍ ഏതാനും സമയത്തിനുള്ളില്‍ വിതരണക്കാര്‍ എത്തി വെള്ളം കിണറുകളിലേക്കു പമ്പ് ഉപയോഗിച്ച് അടിച്ചു നല്‍കുകയാണ് പതിവ്. മലയോര മേഖലകളിലെ ചില സ്ഥലങ്ങളില്‍ 4000 ലിറ്റര്‍ വെള്ളത്തിന് 1000 രൂപയ്ക്കു മുകളില്‍ ഈടാക്കുന്നതായി പറയപ്പെടുന്നു.
വെള്ളം എത്തിക്കേണ്ട സ്ഥലത്തേക്കുള്ള ദൂരത്തിനനുസരിച്ച് വിലയും കൂടുമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി നിരവധി വാഹനങ്ങളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. കുടിവെള്ള ടാങ്കറുകള്‍ക്കു പുറമെ പിക്ക് അപ്പ് വാനിലും ലോറികളിലുമുള്പ്പെടെ വെള്ളം നല്‍കുന്നവരുമുണ്ട്.
ശുദ്ധജലം പറയുന്ന വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആളെ കിട്ടാത്തതു പ്രതിസന്ധിയാണെന്നു പഞ്ചായത്ത് അധികൃതർ പറയുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്.
ഇവിടങ്ങളില്‍ ഒട്ടുമിക്ക ജലസ്രോതസുകളും മലിനമായിരിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ ലഭിച്ചെങ്കിലും ചൂടിനു കുറവില്ലെന്നും ആവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്.
കുടിവെള്ളം പരിശോധിക്കണമെന്ന്
ടാങ്കറുകളിലും മറ്റു വാഹനങ്ങളിലും ഏജന്‍സികള്‍ എത്തിച്ചുനല്‍കുന്ന വെള്ളം പരിശോധനകള്‍ക്കു വിധേയമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പണം കൊടുത്തു വാങ്ങുന്ന കുടിവെള്ളം ശുദ്ധമാണോയെന്നതില്‍ യാതൊരു ഗാരണ്ടിയുമില്ല. ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനയുമില്ല.
തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ലഭിക്കുന്ന ലൈസന്‍സുകളില്ലാതെയാണ് കുടിവെള്ള വിതരണം. ഇതോടെ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. ജില്ലയിലെ നദികളിലും തോടുകളിലും കിണറുകളിലും ജലനിരപ്പ് അപകടകരമായി താഴുകയാണെന്ന് ജലവകുപ്പ് പറയുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാക്കനിയാണ്. ആറുകളുടെ പല ഭാഗങ്ങളിലും വെള്ളം വറ്റി മണല്ക്കൂനകള് തെളിഞ്ഞു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് പരിധിയിലധികം താഴ്ന്നതോടെ വാട്ടര്‍ അഥോറിട്ടിയുടെ പമ്പിംഗിനെയും പ്രതികൂലമായി ബാധിച്ചു.
ആരോഗ്യ - ഭക്ഷ്യസുരക്ഷാ വകുപ്പുകളാണ് ടാങ്കറുകളും വെള്ളം എത്തിക്കുന്ന മറ്റു വാഹനങ്ങളും പരിശോധിക്കേണ്ടത്. എവിടെ നിന്നാണ് ശേഖരിക്കുന്നതെന്നോ വിതരണം ചെയ്യുന്ന വെള്ളം ഉപയോഗയോഗ്യമാണോ എന്നോ കണ്ടെത്താൻ സംവിധാനവുമില്ല. ടാങ്കറുകളില്‍ ജിപിഎസ് അടക്കം ഘടിപ്പിച്ച് നിരീക്ഷിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് ഉത്തരവാദിത്വമുണ്ടെങ്കിലും നടപ്പാക്കുന്നില്ല.