ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും എന്തുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം നൽകിയില്ലെന്നു കേന്ദ്രസർക്കാരിനോട് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുത്ത 2014 മേയ് 26ലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഔദ്യോഗിക പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു മോദി സർക്കാരിനെതിരേയുള്ള ഖാർഗെയുടെ കടന്നാക്രമണം.
ഖാർഗെ എക്സിൽ പങ്കുവച്ച പിഐബിയുടെ ഔദ്യോഗിക ഡാറ്റപ്രകാരം 2014 മേയ് 26ന് ഇന്ത്യൻ വിപണിയിലെ ക്രൂഡ് ഓയിലിന്റെ (ഇന്ത്യൻ ബാസ്കറ്റ്) ശരാശരി വില ബാരലിന് 108.05 ഡോളറായിരുന്നു.
ഡോളർ-രൂപ വിനിമയനിരക്കാകട്ടെ 58.59 രൂപയും. ആ സമയത്ത് പെട്രോളിന്റെ വില ലിറ്ററിന് 71.51 രൂപയും ഡീസലിന്റെ വില 56.71 രൂപയുമായിരുന്നുവെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.
എന്നാൽ ഇന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 99 ഡോളറിൽ താഴെയാണെന്നും പെട്രോൾ-ഡീസൽ വില യഥാക്രമം ലിറ്ററിന് 102.12 രൂപയിലേക്കും 95.20 രൂപയിലേക്കും എത്തിയെന്നും ഖാർഗെ പറഞ്ഞു.
മറ്റു വാക്കുകളിൽ പറഞ്ഞാൽ ക്രൂഡ് ഓയിൽ വില താഴ്ന്നപ്പോൾ പെട്രോളിന് 42.8 ശതമാനവും ഡീസലിന് 67.9 ശതമാനവും കൂടുതൽ ചെലവേറിയെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.
’പെട്രോൾ, ഡീസൽ വിലയിലെ പണപ്പെരുപ്പം എല്ലാ മേഖലകളെയും ബാധിക്കുമെന്ന് ഓരോ സാന്പത്തികവിദഗ്ധനും അറിയാം. ഗതാഗതം മുതൽ ഭക്ഷ്യവസ്തുക്കൾ വരെ സാധാരണക്കാരന്റെ ഭാരം വർധിക്കുന്നു. ഇതിനിടയിലും സർക്കാർ ലാഭം കൊയ്യുന്നത് തുടരുന്നു’-ഖാർഗെ കുറ്റപ്പെടുത്തി.