തിരൂര്‍: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത യുവാവിന് 51 വര്‍ഷം കഠിന തടവ്. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയാണ് വിവിധ വകുപ്പുകളിലായി 51 വര്‍ഷം കഠിന തടവും 1.9 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
തിരൂര്‍ അരിക്കാഞ്ചിറ മങ്ങാട്ടയില്‍ വീട്ടില്‍ ഷംസാദി (32) നെയാണ് ജഡ്ജ് ടി.ബി. ഫസീല ശിക്ഷിച്ചത്. 2018 സെപ്റ്റംബര്‍ 20നും അതിന് മുന്പുമായി പലതവണ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തി തെളിവു നശിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്.
തിരൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍മാരായിരുന്ന സുമേഷ് സുധാകരന്, പി. അബ്ദുല്‍ ബഷീര്‍, ടി.പി. ഫര്‍ഷാദ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.
കുട്ടിയെ ബലാത്സംഗം ചെയ്തതിനും പോക്സോ ആക്ട് പ്രകാരവും 20 വര്‍ഷം വീതമാണ് കഠിന തടവ്, ഇരു വകുപ്പുകളിലുമായി ഒന്നര ലക്ഷം രൂപ പിഴയടയ്ക്കണം. വീട്ടില്‍ അതിക്രമിച്ചു കയറിയതിനും വിശ്വാസ വഞ്ചന നടത്തിയതിനും അഞ്ച് വര്‍ഷം വീതം കഠിന തടവും 20000 രൂപ വീതം പിഴയും അടയ്ക്കണം.
ഇതിനുപുറമെ തെളിവു നശിപ്പിച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവും ശിക്ഷയുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷത്തെ അധിക തടവനുഭവിക്കണം.