കോഴിക്കോട്: സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. സർക്കാരിന്റെ യഥാർഥസാമ്പത്തികാവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്ന് മന്ത്രി പ്രതികരിച്ചു.
ആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങൾക്കുമായുള്ള അദാലത്തുകൾ ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കായകൽപ്പം എന്നാണ് ഈ അദാലത്തുകൾക്ക് പേരിട്ടിരിക്കുന്നത്.
ജരാനരകൾ ബാധിച്ച ഭരണസംവിധാനത്തെ പൂർണ്ണ യൗവനത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ എല്ലാ വകുപ്പുകൾക്കും ഇത്തരമൊരു കായകൽപ്പം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.