ന്യൂഡൽഹി: തന്ത്രപ്രധാനമായ മിസൈൽ നിർമാണ മേഖല സ്വകാര്യകമ്പനികൾക്ക് തുറന്നുകൊടുത്ത് പ്രതിരോധരംഗത്ത് മറ്റൊരു സുപ്രധാനനീക്കത്തിനു കേന്ദ്രസർക്കാർ. ഇന്ത്യൻനിർമിത മിസൈലുകൾക്ക് ആവശ്യക്കാർ കൂടിയതാണ് ഇത്തരമൊരു നീക്കത്തിലേക്ക് കേന്ദ്രസർക്കാരിനെ നയിച്ചതെന്നാണു സൂചന.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര എയർ ടു എയർ മിസൈൽ സ്വന്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞയാഴ്ചത്തെ സന്ദർശനത്തിൽ ഇന്തോനേഷ്യ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കൂടാതെ ബ്രഹ്മോസ് ഉൾപ്പെടെയുള്ള മിസൈലുകൾ വാങ്ങാൻ മറ്റുചില രാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതിയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
സായുധസേനകളുടെയും വിദേശ കയറ്റുമതിയുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ പൊതുമേഖലാസ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന് (ബിഡിഎൽ) സാധിക്കാത്ത പശ്ചാത്തലത്തിലാണു പ്രതിരോധമേഖലയിലെ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി 180 മുതൽ 200 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള അസ്ത്ര മാർക്ക് 2 മിസൈലുകൾ നിർമിക്കുന്നതിനായി ഐകോം, അദാനി, ഭാരത് ഫോർജ്, ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകൊണ്ട് പ്രതിരോധമന്ത്രാലയം പ്രപ്പോസൽ പുറപ്പെടുവിക്കുമെന്നാണ് സൂചന. ഇതിനുപുറമെ 500 കിലോമീറ്റർ പരിധിയുള്ള പ്രളയ് ടാക്ടിക്കൽ ബാലിസ്റ്റിക് മിസൈലിന്റെ വികസനവും നിർമാണച്ചുമതലയും സ്വകാര്യമേഖലയ്ക്കു കൈമാറാനും പദ്ധതിയുണ്ട്.
നിലവിലെ ആഗോള സാഹചര്യത്തിൽ രാജ്യത്തിന്റെ ആയുധശേഷി വർധിപ്പിക്കാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ ശ്രമം. ആക്രമണ-പ്രതിരോധ ആന്റി-ബാലിസ്റ്റിക് മിസൈലുകൾക്കാണ് ഇന്ത്യ ഇപ്പോൾ മുൻഗണന നൽകുന്നത്.
പാക്കിസ്ഥാൻ ഉപയോഗിക്കുന്ന തുർക്കി നിർമിത ഡ്രോണുകളെയും ചൈനയുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെയും നേരിടാൻ മൾട്ടി-ടിയർ ആന്റി-മിസൈൽ, ആന്റി-ഡ്രോൺ ശൃംഖലയും ഇന്ത്യ ഒരുക്കുന്നുണ്ട്. വളരെ കുറഞ്ഞ ചെലവിൽ നിർമിച്ച തുർക്കി നിർമിത ഡ്രോണുകളായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ഉപയോഗിച്ചത്.
സ്വകാര്യമേഖലയെക്കൂടി ഉൾപ്പെടുത്തി പ്രതിരോധമേഖല കൂടുതൽ ശക്തിപ്പെടുത്താനാണു സർക്കാരിന്റെ ശ്രമം. അതേസമയം സ്വകാര്യകുത്തകകൾക്കു രാജ്യത്തിന്റെ തന്ത്രപ്രധാന മേഖല തുറന്നുകൊടുക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം.