വൈത്തിരി: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കുറിച്യര്‍മല ഗവ. എല്‍പി സ്കൂളിന്റെ പുതിയ കെട്ടിട നിര്‍മാണം ഇഴയുന്നു. സമീപ പ്രദേശമായ സേട്ടുകുന്നില്‍ കണ്ടെത്തിയ 89 സെന്റ് സ്ഥലത്ത് ആരംഭിച്ച പ്രവൃത്തികള്‍ക്കാണ് മന്ദഗതി.
സ്കൂളിനുവേണ്ടി രൂപകല്പന ചെയ്ത ഇരുനിലക്കെട്ടിടത്തിന്റെ ഒരു നിലയുടെ വാര്‍പ്പ് മാത്രമാണ് ഇതിനകം നടന്നത്. മാസങ്ങള്‍ മുമ്പ് തുടങ്ങിയ പ്രവൃത്തി ഇനിയും പൂര്‍ത്തിയാകാത്തതിന് കാരണം കരാറുകാരന്റെയും സര്‍ക്കാരിന്റെയും അനാസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. കെട്ടിടം എപ്പോള്‍ യാഥാര്‍ഥ്യമാകുമെന്ന് ചോദ്യത്തിനു മുമ്പില്‍ വാര്‍ഡ് മെംബര്‍ അടക്കം കൈമലര്‍ത്തുകയാണ്.
2018 ഓഗസ്റ്റ് എട്ടിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്നതാണ് പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എല്‍പി സ്കൂള്‍ കെട്ടിടം. വിദ്യാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതോടെയാണ് പുതിയ കെട്ടിടത്തിന് സ്ഥലം കണ്ടെത്തിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വന്തം കെട്ടിടമില്ലാതെ താത്കാലിക സൗകര്യത്തില്‍ സ്കൂള്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മേല്‍മുറി മദ്രസ കമ്മിറ്റി സൗജന്യമായി വിട്ടുനല്‍കിയ കെട്ടിടത്തിലാണ് സ്കൂള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇതേ കെട്ടിടത്തിലാണ് മദ്രസ പ്രവര്‍ത്തനവും. സ്ഥല പരിമിതിയും ഒരേ കെട്ടിടത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആവശ്യത്തിന് ക്ലാസ് മുറികളും കളിസ്ഥലവും ഇല്ലാത്തത് കുട്ടികളുടെ പഠനത്തെ ബാധിക്കുകയാണ്. നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ളവരാണ് വിദ്യാലയത്തിലെ പഠിതാക്കളില്‍ അധികവും. പ്രദേശത്ത് മറ്റ് വിദ്യാലയങ്ങളില്ല.
അതിനാല്‍ മദ്രസയിലെ പരിമിത സൗകര്യങ്ങളുമായി പൊരുത്തപ്പെട്ട് പഠനം തുടരേണ്ട സ്ഥിതിയിലാണ് കുട്ടികള്‍. ദുരന്തപ്രദേശം സന്ദര്‍ശിച്ച അന്നത്തെ വിദ്യാഭ്യാസ മന്ത്രി സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം വാങ്ങാന്‍ തുക അനുവദിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് സേട്ടുകുന്നില്‍ ഭൂമി കണ്ടെത്തിയത്.
ഇതിനുപിന്നാലെ സര്‍ക്കാര്‍ 58 ലക്ഷം രൂപ അനുവദിച്ചു. കെട്ടിടം പണിക്ക് പുറമേ നിന്നുള്ള ഫണ്ടും ലഭ്യമായിരുന്നു. മഴക്കാലത്ത് മദ്രസ കെട്ടിടം ചോര്‍ന്നൊലിക്കുന്നതും പിന്‍ഭാഗത്തെ മതില് ഇടിയാന്‍ സാധ്യതയുള്ളതും വെള്ളക്കെട്ട് രൂപപ്പെടുന്നതും കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയകുന്നുണ്ട്. കെട്ടിട നിര്‍മാണം ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.