തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ ജൽജീവൻ മിഷന്റെ 50 ശതമാനമാണ് സംസ്ഥാനത്ത് പൂർത്തിയായിട്ടുള്ളതെന്നു ജലവിഭവമന്ത്രി മോൻസ് ജോസഫ് നിയമസഭയിൽ വ്യക്തമാക്കി. 50 ശതമാനം കൂടി പൂർത്തിയാക്കിയാൽ മാത്രമേ പദ്ധതി പൂർണമായി കമ്മീഷൻ ചെയ്യാൻ സാധിക്കുകയുള്ളഉ. പദ്ധതി പൂർത്തിയാക്കാൻ രണ്ടു വർഷം കൂടി കേന്ദ്ര സർക്കാർ നീട്ടി നല്കി. കരാറുകാരുടെ കുടിശിക ഉൾപ്പെടെ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നതായും മന്ത്രി വ്യക്തമാക്കി.
ജലാശയങ്ങൾ വീണ്ടെടുക്കുക എന്ന പ്രഖ്യാപനത്തോടെ കർമപദ്ധതികൾ രൂപീകരിക്കും. ഡാമുകൾ ഉൾപ്പെടെയുള്ളവയിലെ മണ്ണും ചെളിയും നീക്കം ചെയ്ത് ഡാമുകളിലെ സംഭരണ ശേഷി ഉയർത്താൻ പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നതാണ് കേരള നിലപാട്
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്നു ജലവിഭവമന്ത്രി മോൻസ് ജോസഫ്. നിയമസഭയിൽ ബജറ്രിലെ ധനാഭ്യർഥനകളെക്കുറിച്ചുള്ള ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വേസ്റ്റ് മാനേജ്മെന്റ് അഥോറിറ്റി രൂപീകരിക്കും:മന്ത്രി ഷാജി
തിരുവനന്തപുരം: സംസ്ഥാനം ഏറ്റവും പ്രതിസന്ധി നേരിടുന്ന മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി വേസ്റ്റ് മാനേജ്മെന്റ് അഥോറിറ്റി രൂപീകരിക്കുമെന്നു തദ്ദേശവ മന്ത്രി കെ.എം ഷാജി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് അപേക്ഷ നല്കിയ ഒരാളും ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് മുന്നോട്ടുവെച്ച രാഷ്ട്രീയ ആരോപണങ്ങൾ ഇപ്പോഴും പൊതുസമൂഹത്തിനു മുന്നിൽ നിലനില്‍ക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊച്ചി-കോട്ടയം-ആലപ്പുഴ കേന്ദ്രീകരിച്ച് ജലചരക്കുഗതാഗതം
പരിഗണനയിൽ
തിരുവനന്തപുരം: കൊച്ചി-കോട്ടയം-ആലപ്പുഴ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് ജല ചരക്കുഗതാഗതം പരിഗണനയിലെന്നു ഗതാഗത മന്ത്രി സി.പി ജോണ്‍. ഇതേക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തുമെന്നു ബജറ്റിലെ ധനാഭ്യർഥനകളെ സംബന്ധിച്ച ചർച്ചയ്ക്ക് മറുപടിയിൽ മന്ത്രി അറിയിച്ചു.
വേന്പനാട്ട് കായലിൽ സണ്‍സെറ്റ് ക്രൂയിസ് തുടങ്ങും. സ്വദേശ ,വിദേശ സഞ്ചാരികളെ ഒരേപോലെ ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കൂടുതൽ സോളാർ ബോട്ട് സർവീസുകൾ വ്യാപകമാക്കും.വേളി -അഞ്ചുതെങ്ങ് ജലഗതാഗത ബോട്ട് സർവീസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.