പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്. സുനില്‍ ളാഹ മഞ്ഞത്തോട് ആദിവാസി ഉന്നതിയില്‍ നടപ്പാക്കുന്ന സ്വയം പര്യാപ്ത പദ്ധതി സ്വസ്തി ഉദ്ഘാടനം ചെയ്തു.
മലമ്പണ്ടാര വിഭാഗത്തില്‍പെട്ട 20 കുടുംബങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദ വീടുകള്‍ ഡോ. സുനിലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു വരികയാണ്. അതില്‍ നാലു കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ കൈമാറ്റം ചെയ്യുകയും അവരെ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിന് ഉള്‍വനങ്ങളില്‍ കൃഷി ചെയ്യാവുന്ന മുന്തിയ ഇനം 2500 ഹൈബ്രിഡ് കാപ്പിത്തൈകള്‍ നല്‍കുകയും ചെയ്തു.
സ്വസ്തി പദ്ധതിയുടെ ഉദ്ഘാടനം ഡോ.എം.എസ്. സുനില്‍ നിര്‍വഹിച്ചു. രണ്ടര വര്‍ഷം കൊണ്ട് വിളവു ലഭിക്കുന്ന മുന്തിയ ഇനം കാപ്പിത്തൈകളാണ് വയനാട്ടില്‍ നിന്നും എത്തിച്ചു നൽകുന്നത്. നാലു കുടുംബങ്ങളും രണ്ടായിരത്തോളം കാപ്പി തൈകള്‍ നടുകയും ബാക്കി വരുന്ന 500 ഓളം കാപ്പിത്തൈകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടുകയും ചെയ്യും. അതിലുടെ അവര്‍ക്ക് ആവശ്യമായ തൊഴില്‍ ദിനങ്ങള്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കി.
20 കുടുംബങ്ങള്‍ക്കും കാപ്പിത്തൈകൾ നൽകുമെന്നും സ്വന്തമായ വരുമാനം ലഭിക്കുന്നതിലൂടെ സ്വയംപര്യാപ്ത സമൂഹമായി അവരെ മാറ്റുകയാണ് ലക്ഷ്യമെന്നും ഡോ.എം.എസ്. സുനില്‍ പറഞ്ഞു. ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും വനംവകുപ്പിന്റെയും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കി വരുന്നത്.