ടെഹ്റാൻ: ഇറാനിലേക്ക് അമേരിക്കൻ സൈന്യം പ്രൊജക്റ്റൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാന ഇടമായ ഖെഷ്മ് ദ്വീപിലേക്ക് അമേരിക്കൻ സൈന്യം പ്രൊജക്റ്റൈൽ ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഖെഷ്മ് ദ്വീപിൽ നാലിടങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായാണ് റിപ്പോർട്ട്.
അതേസമയം ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസ്, സിരിക് തുടങ്ങിയ നഗരങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യം നടത്തിയ പ്രതിരോധ നീക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്കുമേൽ "നരകം പെയ്യിക്കും" എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായാൽ ഇറാനെതിരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് ഡോണൾഡ് ട്രംപും സൂചിപ്പിച്ചു.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ വാഷിംഗ്ടണുമായുള്ള സമാധാന ചർച്ചകൾ നിശ്ചലമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അന്തരീക്ഷം ശാന്തമായാൽ മാത്രമേ മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.