തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒരു പ്രതിക്ക് ജാമ്യം ലഭിച്ചതിൽ അസാധാരണ നീക്കവുമായി സര്ക്കാര്. കേസിൽ ഒമ്പതാം പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടർ ഗീനാകുമാരിയെ മാറ്റി പകരം സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു.
ജാമ്യത്തിനെതിരെയുള്ള അപ്പീലിൽ സ്വന്തം പ്രോസിക്യൂട്ടറെത്തന്നെ എതിർകക്ഷിയാക്കി തിങ്കളാഴ്ച സർക്കാർ ഹൈക്കോടതിയെ സമീപിക്കും. ഒരു പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ തന്നെ നേരിട്ട് കോടതിയിലെത്തുന്നത് നിയമചരിത്രത്തിൽ അപൂർവ നടപടിയാണ്. ഡിജിപി ആസഫലിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഗീനാകുമാരിയെ മാറ്റാൻ തീരുമാനമായത്.
ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. തിങ്കളാഴ്ച സെഷൻസ് കോടതിയിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറാകും സർക്കാരിനായി ഹാജരാകുക. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ്കുമാറിനെ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നായിരുന്നു ഗീനാകുമാരി കോടതിയിൽ വാദിച്ചത്.
പ്രതിക്ക് ജാമ്യം നൽകരുതെന്ന പോലീസിന്റെ ഔദ്യോഗിക റിപ്പോർട്ടിന് തികച്ചും വിരുദ്ധമായിരുന്നു പ്രോസിക്യൂട്ടറുടെ ഈ നീക്കം. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.