തൊടുപുഴ: വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയിലെ തെരുവീഥികളിലൂടെ വലിച്ചിഴച്ച മോദി പോലീസിന്റെ നടപടിക്കെതിരേ തൊടുപുഴയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെന്ന പരിഗണന നല്‍കാതെയാണ് രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, കെ.സി.വേണുഗോപാല്‍, മന്ത്രി പി.സി. വിഷ്ണുനാഥ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍ കുര്യക്കോസ് എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിക്കാനുള്ള അവകാശത്തെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും എസ്.അശോകന് വ്യക്തമാക്കി.
തൊടുപുഴ മുനിസിപ്പല്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. നിഷ സോമന്, ഷിബിലി സാഹിബ്, ജോയി മൈലാടി, ടി.ജെ.പീറ്റര്‍ തുടങ്ങിയവർ പ്രസംഗിച്ചു.