National
ന്യൂഡൽഹി: ദുബായിലെ ഇറേനിയൻ ആശുപത്രി അടച്ചുപൂട്ടിയതിനെത്തുടർന്ന് അവിടെ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ നേരിടുന്ന ഗുരുതര വീസ പ്രശ്നങ്ങൾ പരിഹരിക്കണമെന്നു കേരള കോണ്‍ഗ്രസ്-എം ചെയർമാനും എംപിയുമായ ജോസ് കെ. മാണി.
യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആശുപത്രി അടച്ചുപൂട്ടിയതോടെ ജോലി നഷ്ടമായ നഴ്സുമാർ അടക്കമുള്ള മുഴുവൻ ജീവനക്കാർക്കും കേന്ദ്രം സഹായം നൽകണമെന്നും വിദേശകാര്യ മന്ത്രിക്കും ദുബായിലെ ഇന്ത്യൻ എംബസിക്കും അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ദുബായിലെ ആശുപത്രി അടച്ചതിനെത്തുടർന്ന് ഇന്ത്യൻ ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള 134 ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബങ്ങളും വലിയ പ്രതിസന്ധിയാണു നേരിടുന്നത്.
അവിടെ ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാർക്കും ജോലി നഷ്ടപ്പെട്ടു. പുതിയ തൊഴിൽ, സന്ദർശക, പങ്കാളി വീസകൾക്കുള്ള അപേക്ഷകൾ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ തള്ളിക്കളയുകയാണ്.
മറ്റു രാജ്യങ്ങളിലെ ജീവനക്കാർക്കായി അതത് എംബസികൾ ഇടപെടലുകൾ നടത്തുന്നതായാണു അറിയുന്നത്. ഇതേരീതിയിൽ പ്രവാസി ഇന്ത്യക്കാർക്കും കേന്ദ്രം സഹായത്തിനുള്ള ഇടപെടലുകൾ കേന്ദ്രസർക്കാർ നടത്തണം- പാർലമെന്ററി സമിതി യോഗത്തിനായി ഡൽഹിയിലെത്തിയ ജോസ് കെ. മാണി വിശദീകരിച്ചു.
Kerala
കൊച്ചി: പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു വോട്ടെണ്ണലിനു മുമ്പ് പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കാനാകുമോ എന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണു കോടതി നിര്‍ദേശം.
പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭ്യമാക്കിയില്ലെന്നാരോപിച്ച് എന്‍ജിഒ യൂണിയനും ഒരുകൂട്ടം ഉദ്യോഗസ്ഥരും ഫയല്‍ ചെയ്ത ഹര്‍ജികളിലാണ് വിശദീകരണം.
1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലെ 27-ാം വ്യവസ്ഥയനുസരിച്ച് വോട്ടണ്ണലിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നുണ്ടെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കോടതി ഇത് സാധ്യമാണോ എന്നറിയിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, പോസ്റ്റല്‍ വോട്ടിന് ഇനി സൗകര്യം ഒരുക്കാനാകില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ച എല്ലാവര്ക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും വോട്ട് ചെയ്യാത്തവര്‍ക്കായി പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളടക്കം പുനഃസ്ഥാപിക്കുന്നതും തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്ന് കമ്മീഷന് ഹൈക്കോടതിയില്‍ നേരത്തെ നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.ഹര്‍ജി 28 ന് വീണ്ടും പരിഗണിക്കും.
Business
കൊച്ചി: 2024-25 സാമ്പത്തികവര്‍ഷത്തില്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ 6.30 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കിയതായി ഐആര്‍ഡിഎഐ വാര്‍ഷിക റിപ്പോര്‍ട്ട്.
ആകെ നല്കിയ ആനുകൂല്യങ്ങളില്‍ 2.33 ലക്ഷം കോടി പിന്‍വലിക്കലുകളുടെയും സറണ്ടറിന്റെയും പേരിലാണ്. ഇതില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.77 ശതമാനം വര്‍ധനയുണ്ട്.
മൊത്തം പ്രീമിയം വരുമാനത്തിന്റെ 71.92 ശതമാനം പ്രതിനിധീകരിക്കുന്ന ആനുകൂല്യ പേഔട്ടുകള്‍ ഉണ്ടായിരുന്നിട്ടുപോലും സോള്‍വന്‍സി അനുപാതങ്ങള്‍ നിയന്ത്രണപരിധിക്കു മുകളിലാണന്നും എല്ലാ ലൈഫ് ഇന്‍ഷ്വറര്‍മാരും 2025 മാര്‍ച്ച് 31ലെ ഏറ്റവും കുറഞ്ഞ സോള്‍വന്‍സി അനുപാതം 1.50 പാലിച്ചുവെന്നും 2024-25 ഐആര്‍ഡിഎഐ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് 2025 മേയ് 18നും 31നുമിടയിൽ നഷ്ടപ്പെട്ട 14 തൊഴിൽദിവസങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
1,72,160 മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 48,20,48,000 രൂപ അനുവദിക്കും.
പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കൊലചെയ്യപ്പെട്ട സുധാകരന്റെ ഇളയ മകളായ കുമാരി അഖിലയ്ക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മുന്നു ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ, ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്ക് വിതരണം ചെയ്യാൻ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കും. പത്തനംതിട്ട ജില്ലാ കളക്ടർക്കാണ് തുക അനുവദിക്കുക.
ഇടുക്കി കട്ടപ്പന വില്ലേജിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കിടെ മരിച്ച തമിഴ്നാട് സ്വദേശികളായ ജയറാം, മൈക്കിൾ, സുന്ദരപാണ്ഡ്യൻ എന്നിവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 5 ലക്ഷം രൂപ വീതം അനുവദിക്കും.
ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത 20 കർഷകർക്കും സംരംഭകർക്കും മാർജിൻ മണി വിതരണം ചെയ്യുന്നതിനായി ജില്ലാ കളക്ടർമാർക്ക് 21,93,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കാനും തീരുമാനിച്ചു.