തിരുവനന്തപുരം: ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16 സിവിൽ സപ്ലൈസ് ദിനമായും ആചരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. എല്ലാ വർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യദിനം സിവിൽ സപ്ലൈസ് ദിനമായി ആചരിക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
വഴുതക്കാട് മൗണ്ട് കാർമൽ ഹാളിൽ നടക്കുന്ന ലോക ഭക്ഷ്യദിനം–സിവിൽ സപ്ലൈസ് ദിനാഘോഷ പരിപാടികൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ സി.പി.ജോൺ, കെ.മുരളീധരൻ, മേയർ വി.വി. രാജേഷ്, ഡോ. ശശി തരൂർ എംപി, നഗരസഭാ കൗൺസിലർ രാഖി രവികുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ദിനാചരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിലെ ജീവനക്കാരുടെ പ്രവർത്തന മികവിന് സംസ്ഥാന പുരസ്കാരങ്ങൾ സമ്മാനിക്കും. പൊതുവിതരണ മേഖലയിലെ ജീവനക്കാരുടെ മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുരസ്കാരങ്ങൾ നൽകുന്നത്.
സപ്ലൈകോയുടെ യുഎൻ-എസ്ഡിജി പഠന റിപ്പോർട്ട് മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്യും. ഭക്ഷ്യസുരക്ഷയും പൊതുവിതരണ സംവിധാനത്തിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്നതിനൊപ്പം വകുപ്പിന്റെ പ്രവർത്തന മികവ് പ്രോത്സാഹിപ്പിക്കാനും ദിനാചരണം ലക്ഷ്യമിടുന്നു.