തൃശൂർ: പുനർജനി ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സംഭവത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്ര ഏജൻസിയെ സംബന്ധിച്ച് പാർട്ടിക്ക് ഒരു നിലപാടുണ്ട്. വിഷയത്തിൽ സർക്കാർ നിയമപരമായി ചെയ്യാൻ കഴിയുന്നതായിരിക്കും ചെയ്യുകയെന്നും ഗോവിന്ദൻ പ്രതികരിച്ചു.
കേന്ദ്ര ഏജൻസിയെ സംബന്ധിച്ച് പാർട്ടിക്ക് ഒരു നിലപാടുണ്ട്. ഇവിടുത്തെ വിഷയം വിദേശ പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ടതാണ്. സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുകയെന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കമാണിതെന്ന ആരോപണം ഗോവിന്ദൻ തള്ളി. അതും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ട. വിദേശത്ത് പോയി പണം സ്വരൂപിക്കാൻ ആർക്കും അവകാശമില്ലെന്നും അദേഹം പറഞ്ഞു.
സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. സിബിഐ അന്വേഷണം എന്നത് എല്ലാത്തിന്റെ അവസാന വാക്കാണെന്ന നിലപാട് തങ്ങൾക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യം അന്വേഷിച്ച റിപ്പോർട്ടാണ് വിജിലൻസ് നൽകിയിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.