കണ്ണൂര്‍: സിപിഎമ്മിന് കേരളത്തിലെ ഏറ്റവും വലിയ പരാജയമുണ്ടായ പയ്യന്നൂര്‍ മണ്ഡലത്തില്‍ ശുദ്ധീകരണത്തിന് സാധ്യത. 49,780 വോട്ടിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം തകര്‍ത്തെറിഞ്ഞ് വി. കുഞ്ഞികൃഷ്ണന് 7,487 വോട്ടുകള്‍ക്ക് വിജയിച്ചതിനു പിന്നില്‍ സിപിഎമ്മിലെ അടിയൊഴുക്കുകളാണെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് നടപടിക്കൊരുങ്ങുന്നത്.
കരിവെള്ളൂര്‍ -പെരളം, കാങ്കോല്‍- ആലപ്പടമ്പ്, പെരിങ്ങോം-വയക്കര, പയ്യന്നൂര്‍ നഗരസഭ, രാമന്തളി, എരമം-കുറ്റൂര്‍, ചെറുപുഴ എന്നിവിടങ്ങളില്‍നിന്നു ശക്തമായ വോട്ടുചോര്ച്ചയുണ്ടായതായാണു കണ്ടെത്തല്‍. ടി.ഐ. മധുസൂദനന് 69,153 വോട്ടുകള്‍ ലഭിച്ചപ്പോള്‍ വി. കുഞ്ഞികൃഷ്ണൻ 76,640 വോട്ടുകള്‍ നേടി.
അന്‍പതോളം വ്യാജ ഐഡികളുണ്ടാക്കി കുഞ്ഞികൃഷ്ണനുവേണ്ടി സിപിഎം പ്രവർത്തകർതന്നെ പ്രചാരണം നടത്തിയതായും സിപിഎമ്മിനു റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയിലെ അഞ്ചു പേര് കുഞ്ഞികൃഷ്ണനുവേണ്ടി പ്രവര്‍ത്തിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നതായാണു സൂചന. കുഞ്ഞികൃഷ്ണന് അപരന്മാരെപോലും നിര്‍ത്താതിരുന്നത് ഇവരുടെ ഇടപെടലിലാണെന്നും പറയുന്നു.
പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളെ മറികടന്ന് സാമൂഹികമാധ്യമങ്ങളിലൂടെ വോട്ടര്‍മാരുടെ അതൃപ്തി ക്ഷണിച്ചുവരുത്തുകയും വെല്ലുവിളിയുയര്‍ത്തുകയും ചെയ്ത നിരവധി സംഭവങ്ങൾ പയ്യന്നൂരിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായിട്ടുണ്ട്. ടി.ഐ. മധുസൂദനന്റെ സ്വന്തം ബൂത്തായ നൂറ്റിയാറില് എല്‍ഡിഎഫ് പിന്നിലായതിന്റെ കാരണങ്ങളും പാര്‍ട്ടി പരിശോധിക്കും.
പാര്‍ട്ടി തള്ളിക്കളഞ്ഞ അക്രമ സംഭവങ്ങളിലെ പ്രതികളെ പോലീസ് കോടതിയിലേക്ക് കൊണ്ടുപോയപ്പോള്‍ മുദ്രാവാക്യം മുഴക്കി യാത്രയയപ്പ് നല്കിയതും ഇതേ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിച്ചതും പാര്‍ട്ടി നേതൃത്വത്തിനു ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിനു നേതൃത്വം നല്‍കിയവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നറിയുന്നു.
അതേസമയം, പരാജയത്തിന്റെ കുറ്റം അണികളിലേക്കു ചാരാനുള്ള ശ്രമമാണെന്നാണ് അണികളുടെ അടക്കംപറച്ചില്‍.
ജനഹിതം മാനിക്കാതെയുള്ള നേതൃത്വത്തിന്റെ തീരുമാനമാണ് പയ്യന്നൂരിലെ കനത്ത പരാജയത്തിന് കാരണമെന്നും ഇതിനുത്തരവാദികള്‍ പാര്‍ട്ടി നേതൃത്വമാണെന്നും അണികള്‍ പറയുന്നു. വരും നാളുകള്‍ പയ്യന്നൂര്‍ സിപിഎമ്മില്‍ നടപടികളുടെ കാലമായിരിക്കും.