രണ്ട് സഹസ്രാബ്ദങ്ങളുടെ മഹാജൂബിലിക്കുശേഷം 25 വർഷംകൂടി പിന്നിടുമ്പോൾ കത്തോലിക്കാ സഭയുടെ കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ വളർച്ചയിലേക്കും തളർച്ചയിലേക്കും ഭാവിപ്രതീക്ഷകളിലേക്കുമുള്ള എത്തിനോട്ടം ഏറെ പ്രസക്തമാവുകയാണ്. കത്തോലിക്കാ സഭ അടിസ്ഥാനപരമായി ഒരു ആത്മീയ യാഥാർഥ്യമാണെങ്കിൽപോലും ആധുനിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള, സുസംഘടിതമായ ഒരു അന്താരാഷ്ട്ര സാമൂഹിക സാംസ്കാരിക സംവിധാനം കൂടിയാണ്. കത്തോലിക്കാ സഭയെപ്പോലെ ലോകരാഷ്ട്രങ്ങളുടെ അതിർത്തികൾക്കതീതമായി മനുഷ്യനെയും അവന്റെ ധാർമിക വീക്ഷണത്തെയും ശക്തമായി സ്വാധീനിക്കാനും ഒരുമിപ്പിച്ചു നിർത്താനും ശക്തിയും കരുത്തുമുള്ള മറ്റൊരു സംവിധാനവും ഒരു കാലത്തും ലോകത്ത് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയുടെ കാൽ നൂറ്റാണ്ടിന്റെ ഉയർച്ചതാഴ്ചകൾ ലോകചരിത്രത്തിന്റെ പ്രസക്തമായ ഭാഗമാണ്.
ജനസംഖ്യാ വ്യതിയാനങ്ങൾ
കഴിഞ്ഞ 25 വർഷങ്ങളിൽ ശ്രദ്ധേയമായ ജനസംഖ്യാ വ്യതിയാനങ്ങൾക്ക് കത്തോലിക്കാ സഭ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആഗോളസഭയുടെ അംഗസംഖ്യയിൽ ഗണ്യമായ വളർച്ചയുണ്ടായി. 25 വർഷം മുമ്പ് ഏതാണ്ട് 100 കോടി അംഗങ്ങൾ ഉണ്ടായിരുന്ന സഭയിൽ ഇന്ന് 134 കോടി അംഗങ്ങളാണുള്ളത്. എന്നാൽ, ശ്രദ്ധേയമായ കാര്യം യൂറോപ്പിലും നോർത്ത് അമേരിക്കയിലും വിശ്വാസികളുടെ എണ്ണത്തിൽ കുറവ് വന്നപ്പോൾ ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും വളരെ ശക്തമായ വളർച്ച രേഖപ്പെടുത്തി എന്നതാണ്. 72 ശതമാനം കത്തോലിക്കർ ഇപ്പോൾ യൂറോപ്പിന് പുറത്തുള്ളവരാണ്. സഭയുടെ ശക്തിയും ശ്രദ്ധയും യൂറോപ്പിനു പുറത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ് പുതിയ ട്രെൻഡ്. ഏഷ്യയും ആഫ്രിക്കയും കേന്ദ്രമാക്കിയുള്ള സഭയുടെ ഈ പുതിയ വളർച്ചാശൈലി സഭയുടെതന്നെ സാമൂഹിക വീക്ഷണത്തെയും സംസ്കാരത്തെയും നേതൃ ശൈലിയെയും സാരമായി സ്വാധീനിക്കുകതന്നെ ചെയ്യും.