സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വളരെ സരസനാണ്. ആരെയും പിണക്കാതെ ചെറുപുഞ്ചിരി സമ്മാനിച്ചു സംസാരിക്കാൻ സമര്ഥനാണ്. നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും കൊന്പുകോർക്കുന്ന സമയത്തും തിരുവഞ്ചൂരിന്റെ ഒരു വാക്ക് മതിയാകും പ്രശ്നങ്ങള് തണുപ്പിക്കാൻ. എന്നാൽ കീഴ്വഴക്കങ്ങളെല്ലാം നന്നായി അറിയാവുന്ന തിരുവഞ്ചൂർ കോട്ടയത്തിന്റെ ഒരുവിഷയം വന്നാൽ സ്പീക്കറാണെന്ന കാര്യംതന്നെ മറക്കും.
കോട്ടയം എന്നു കേട്ടാൽ മതി, സ്പീക്കറിന്റെ ഒരു നോട്ടവും പുഞ്ചിരിയും അവിടെയുണ്ടാകും. ഇതിലെല്ലാം ഒരു ജനപ്രതിനിധിയായി മാറുന്ന കാഴ്ച പലപ്പോഴും സഭയിൽ കാണാം. ഇന്നലെയും കീഴ്വഴക്കങ്ങളെല്ലാം കാറ്റിൽപ്പറത്തി സ്പീക്കർ തിരുവഞ്ചൂർ ചോദ്യകർത്താവായി മാറുന്നതും സഭ ദർശിച്ചു. സഭയെ നിയന്ത്രിക്കേണ്ട സ്പീക്കർ ചോദ്യകർത്താവായതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഉണർന്നു.
നദികളിലെയും അണക്കെട്ടുകളിലെയും ചെളിയും മണലും വാരിനീക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില് നടന്ന ചര്ച്ചയിലാണ് കീഴ്വഴക്കങ്ങള് ഒഴിവാക്കി ചോദ്യകര്ത്താവായി സ്പീക്കറും മാറിയത്. വേമ്പനാട്ടുകായല് നവീകരണത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് ആവശ്യപ്പെടുകയായിരുന്നു. റവന്യു മന്ത്രി അനില്കുമാര് മറുപടി പറഞ്ഞതിനു പിന്നാലെ വേമ്പനാട്ടു കായലിലെ പ്രശ്നങ്ങളാണ് സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് ചൂണ്ടിക്കാട്ടിയത്.
തിരുകൊച്ചി പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസായ വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നതെന്നും അത്രയും വെള്ളം ഉള്ക്കൊള്ളാന് കായലിനു കഴിയുന്നില്ലെന്നും സ്പീക്കര് പറഞ്ഞു. മുന്പ് വെള്ളം തടസമില്ലാതെ കടലിലേക്ക് ഒഴുകിപ്പോകുമായിരുന്നു. ഇപ്പോള് അതല്ല സ്ഥിതി. പലയിടത്തും ഒഴുക്ക് തടസപ്പെട്ടു കിടക്കുകയാണ്. അതുകൊണ്ടുതന്നെ ആ പ്രദേശം മുഴുവന് വെള്ളത്തിലാണ്. മുഖ്യമന്ത്രിയും വിഷയത്തില് ഇടപെടണം. വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്കാനുള്ള നടപടി എടുക്കുമോ എന്ന് സ്പീക്കര് ചോദിച്ചു.
മധ്യകേരളത്തെ മുഴുവന് ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ് സ്പീക്കര് ഉന്നയിച്ചതെന്നും വേമ്പനാട്ടുകായലിലെ വെള്ളമൊഴുക്കു തടസപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്കിയതോടെ തിരുവഞ്ചൂർ എന്ന എംഎല്എ വീണ്ടും സ്പീക്കറിലേക്കു തിരികെ വന്നു.
നെടുന്പാശേരിയിൽ അമിതവേഗത്തില് മദ്യപിച്ചു വാഹനമോടിച്ചു 19കാരൻ മൂന്നു പേരെ കൊലപ്പെടുത്തിയ സംഭവം പ്രതിപക്ഷനേതാവ് പിണറായി വിജയനാണ് സബ്മിഷനായി അവതരിപ്പിച്ചത്. സഭയൊന്നാകെ ഭരണ-പ്രതിപക്ഷവ്യത്യാസമില്ലാതെ സംഭവത്തിൽ ഒരു മനസായി നിലകൊണ്ടു. കുറ്റവാളികൾക്കു കടുത്ത ശിക്ഷ ലഭിക്കണമെന്നായിരുന്നു പിണറായിയുടെ ആവശ്യം. മറുപടി നൽകിയ അഭ്യന്തരമന്ത്രിയും അതേ നിലപാടിലായിരുന്നു.
എന്നാൽ, ഈ സംഭവത്തിൽ വർഗീയവിഷം ചീറ്റിയ സംഭവം അപലനീയമാണെന്നു പിണറായി ചൂണ്ടിക്കാട്ടിയത് എല്ലാവരും അംഗീകരിച്ചു.
സംസ്ഥാന സർക്കാരിന്റെ ഒരു സ്വപ്നപദ്ധതികൂടി പൂവണിയുന്നതിനും നിയമസഭ ഇന്നലെ സാക്ഷ്യം വഹിച്ചു.
മാരിടൈം ബോർഡ് ഭേദഗതി ബില്ലാണ് അവതരിപ്പിക്കപ്പെട്ടത്. മിഷന് സമുദ്ര ഈ സര്ക്കാരിന്റെ സ്വപ്നപദ്ധതിയാണ്. കടല് നമുക്ക് അതിര് മാത്രമല്ല, ഭാവിയിലേക്കുള്ള ഗേറ്റ് വേ കൂടിയാണ്. ചരിത്രത്തിലേക്കും ഭാവിയിലേക്കും ഒരുമിച്ചുള്ള കവാടമാണ് കടലെന്നുമാണ് ബിൽ അവതരിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞത്.