Business
തൃശൂർ: മാനേജ്മെന്റ് അസോസിയേഷനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും ചേർന്നു സംഘടിപ്പിച്ച ബിസിനസ് ക്വിസ് 2026 മത്സരത്തിൽ കുസാറ്റിലെ ബിച്ചു സി. എബ്രഹാം, എസ്. ബാനുലാൽ എന്നിവർ വിജയികളായി.
കുസാറ്റിലെ മുഹമ്മദ് അമീൻ, അമൽഹസീൻ എന്നിവർ രണ്ടാം സ്ഥാനവും തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ജോ ജോണ്സൻ, എ.വി. വൈഷ്ണവ് എന്നിവർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ ജോർജ് തോമസ് വിജയികൾക്കു കാഷ് അവാർഡും ഫലകവും സമ്മാനിച്ചു.
ക്വിസ് മാസ്റ്റർ എ.ആർ. രഞ്ജിത്ത് നയിച്ച മത്സരത്തിൽ സംസ്ഥാനത്തുടനീളമുള്ള കോളജുകളിൽനിന്നു 40 ടീമുകൾ പങ്കെടുത്തു. ടിഎംഎ പ്രസിഡന്റ് സി. പത്മകുമാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനർ ഡോ. മെറിൻ പോൾ, ടിഎംഎ സെക്രട്ടറി പി.ജെ. ഷാജി എന്നിവർ പ്രസംഗിച്ചു.
NRI
ഷിക്കാഗോ: ധന്യൻ മാർ മാത്യു മാക്കീൽ പിതാവിന്റെ 112-ാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് അമേരിക്കയിലെ ക്നാനായ റീജിയണിൽ നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
അഷിത & എയ്ഡൻ, തെള്ളത്തുകുന്നേൽ (സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, ന്യൂയോർക്ക്) ഒന്നാം സ്ഥാനം നേടി. ജോയ് & മേരി, കുഴിയാംപറമ്പിൽ (കാനഡ മിഷൻ) രണ്ടാം സ്ഥാനവും റിയ കൂട്ടങ്കൽ (സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, ന്യൂയോർക്ക്) മൂന്നാം സ്ഥാനവും നേടി.
സൈബു & റജിമോൾ പതിയിലാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ബിഷപ് മാർ മാത്യു മാകിൽ സ്ഥാപിച്ച വിസിറ്റേഷൻ കോൺഗ്രിഗേഷൻ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.
ധന്യൻ മാർ മാത്യു മാക്കീൽ കോട്ടയത്തുള്ള മഞ്ഞൂർ എന്ന സ്ഥലത്ത് 1851 മാർച്ച് 27-നാണ് ജനിച്ചത്. 1874 മേയ് 30-ന് അദ്ദേഹം വൈദികനായി. 1896-ൽ രൂപീകരിച്ച ചങ്ങനാശേരി വികാരിയാത്തിന്റെ ആദ്യ സ്വദേശീയ ബിഷപ്പായും 1911ൽ ക്നാനായ കത്തോലിക്കർക്കായി രൂപീകരിച്ച കോട്ടയം വികാരിയാത്തിന്റെ ആദ്യ വികാരി അപ്പോസ്തോലിക്കായും നിയമിതനായി.
1914 ജനുവരി 26ന് അന്തരിച്ച അദ്ദേഹത്തെ 2009ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പ ദൈവദാസനായി പ്രഖ്യാപിച്ചു. പിന്നീട് 2025 മേയ് 22ന് ലെയോ പതിനാലാമൻ മാർപാപ്പ അദ്ദേഹത്തെ ധന്യൻ പദവിയിലേക്ക് ഉയർത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് മത്സരം സർക്കാരിന്റെ പിആർ വർക്ക് ഉപകരണമാക്കി മാറ്റുന്നതായി ആക്ഷേപം.
സംസ്ഥാന സർക്കാരിന്റെ ഭരണകാര്യങ്ങളും പദ്ധതികളും സംബന്ധിച്ചുള്ള ചോദ്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തിക്കൊണ്ടുള്ള ചോദ്യാവലിയാണ് ക്വിസ് മത്സരത്തിനായി തയാറാക്കിയതെന്ന ആക്ഷേപമാണ് വ്യാപകമായി ഉയർന്നിട്ടുള്ളത്. ക്വിസ് മത്സരത്തിലെ പ്രാരംഭഘട്ട ചോദ്യങ്ങളിലാണ് ഇത്തരത്തിൽ ഇടതു സർക്കാരിന്റെ വിവിധ ഭരണകാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിട്ടുള്ളത്.
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി ആരെന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു തന്നെ വരാനിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സ്പൈസ് ജെറ്റുമായി ചേർന്ന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിമാന സർവീസ് ഏതാണെന്നതാണ് ഒരു ചോദ്യം.
കിഫ്ബിയുടെ വ്യത്യസ്ത പദ്ധതികളുടെ വിവരങ്ങൾ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും നേരിട്ട് അറിയിക്കാനും അവരുടെ ആശങ്കകള്‍ പരിഹരിക്കാനുമായി ജില്ലകളിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ പേരെന്താണെന്നാണ് മറ്റൊരു ചോദ്യം.
കിടപ്പു രോഗികളായ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ വീടുകളിൽ എത്തിച്ചു നല്‍കുന്നതിനായി പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്, ദുരന്ത സമയത്ത് വളർത്തു മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ അഭയകേന്ദ്രം നിർമിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിലെ ഏതു പഞ്ചായത്തിലാണ് തുടങ്ങിയ ചോദ്യങ്ങൾ ബിരുദ വിദ്യാർഥികളുടെ ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ചരിത്രവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിനു പകരം സർക്കാരിന്റെ പിആർ പോലെയാണ് ചോദ്യങ്ങളെന്നു പ്രതിപക്ഷ അധ്യാപക സംഘടനകൾ പരാതിപ്പെടുന്നു.
NRI
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സംഘടിപ്പിക്കുന്ന ആറാമത് സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ നിയമാവലി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.
വലിയ നോമ്പിൽ വചനം പഠിക്കാം - Let us learn the Word during Sauma Ramba (Great Lent) എന്ന ആപ്തവാക്യമാണ് ഈ വർഷത്തെ സുവാറ മത്സരങ്ങൾക്ക് സ്വീകരിച്ചിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി പേരുകൾ നൽകുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ഒന്നിനാണ്.
രൂപതയിലെ വിശ്വാസപരിശീലന ക്ലാസുകളിലെ കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ എന്നിവരുള്‍പ്പെടെ ഏവരും ഈ വരുന്ന വലിയ നോമ്പിൽ നടത്തപ്പെടുന്ന ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ബൈബിൾ പാരായണത്തിനും ബൈബിൾ പഠനത്തിനുമായി ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് ആഹ്വാനം ചെയ്തു
ബൈബിൾ കലോത്സവത്തിന് ശേഷം രൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മത്സരമാണ് സുവാറ ബൈബിൾ ക്വിസ്. കോവിഡ് കാലത്ത് ആരംഭിച്ച ഈ മത്സരങ്ങൾ പങ്കാളിത്തം കൊണ്ട് ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
ബൈബിൾ ക്വിസ് നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചുകഴിഞ്ഞു. മത്സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
എല്ലാ പ്രായപരിധിയിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിൽ വിവിധ പ്രായ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. കുട്ടികൾക്കായുള്ള പഠനത്തിന് "NRSV Catholic Edition' ബൈബിൾ ഉപയോഗിക്കേണ്ടതാണ്.
മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ "മലയാളം പിഒസി ബൈബിൾ' അധിഷ്ഠിതമായിരിക്കും. മുതിർന്നവർക്കുള്ള മത്സരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും നടത്തപ്പെടും.
ഫൈനൽ മത്സരങ്ങൾ 2026 ഏപ്രിൽ 11ന് നടത്തപ്പെടും. രജിസ്ട്രേഷൻ ഫോമിനും നിയമാവലിയും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാകുമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
https://smegbbiblekalotsavam.com/
രജിസ്ട്രേഷൻ ഫോം: https://forms.office.com/e/J0aL4Y1Fw7
District News
കാഞ്ഞിരപ്പള്ളി: ആലുവ സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് സ്കൂളില്‍ നടന്ന സംസ്ഥാനതല ലോഗോസ് ക്വിസ് മത്സരത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍നിന്നു പതിനെട്ടോളം അംഗങ്ങള്‍ പങ്കെടുത്തു. ഫൈനല്‍ റൗണ്ടിലേക്ക് എ സെക്ഷനില്‍നിന്നു സക്കറിയ ഏബ്രഹാം (റോഷന്) മുതുകാട്ടിലും ഡി സെക്ഷനില്‍നിന്നു ജോസഫ് ചാക്കോ പയറ്റിനാകുഴിയിലും തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും ലഭിച്ചു.