ചെന്നൈ: രാജസ്ഥാനിലെ ജോധ്പൂരിലുണ്ടായ വാഹനാപകടത്തിൽ പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി.ചൗധരി (72) അന്തരിച്ചു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ഉടമയായിരുന്ന ചൗധരിയുടെ മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും.
അപകടത്തിന്റെ വിശദാംശങ്ങളോ വാഹത്തിലുണ്ടായിരുന്നവരെക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 1988 ലാണു സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ ആർ.ബി.ചൗധരി സിനിമകൾ നിർമിക്കാൻ തുടങ്ങിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണു ചൗധരി പ്രവർത്തിച്ചിരുന്നത്.
കീർത്തി ചക്ര ഉൾപ്പെടെയുള്ള മലയാള സിനിമകൾ അദ്ദേഹമാണ് നിർമിച്ചത്. പുതു വസന്തം (1990) ആയിരുന്നു അദ്ദേഹം നിർമിച്ച ആദ്യ തമിഴ് സിനിമ. ഈ ചിത്രത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. പിന്നീട് കെ.എസ്. രവികുമാർ സംവിധാനം ചെയ്ത പുരിയാദ പുതിർ (1990) എന്ന ചിത്രവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.