Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗകേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി. ഒന്നാം കേസിലെ പരാതിക്കാരി തന്നെ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ആൾക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞുകൊടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നും അവർ ചോദിച്ചിരുന്നു.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നും ജയിലിൽ തുടരും. പോലീസിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.
കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനായി രാഹുലിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് പോലീസ് അപേക്ഷ നൽകിയത്.
പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷയിൽ കോടതി പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Kerala
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിഷയത്തില്‍ പാർട്ടിക്ക് ചെയ്യാവുന്നതെല്ലാം പാർട്ടി ചെയ്തിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ധാര്‍മിക ശോഷണം ഉണ്ടായിട്ടില്ലെന്നും ജനീഷ് പറഞ്ഞു.
"സംഘടന എന്ന നിലയില്‍ എല്ലാം കൃത്യമായി നിറവേറ്റുകയും ചെയ്തു. ഇനി പാര്‍ട്ടി പ്രിവിലേജ് രാഹുലിന് ഇല്ല. രാഹുലാണ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടത്.'-ജനീഷ് വ്യക്തമാക്കി.
ആരോപണ വിധേയനായ ഇടത് എംഎല്‍എ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നു. എന്നിട്ടാണ് കോണ്‍ഗ്രസിന് സിപിഎം ധാര്‍മികത ക്ലാസെടുക്കുന്നത്. ഇനി ആ ക്ലാസ് കോണ്‍ഗ്രസിന് വേണ്ടെന്നും ജനീഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ജീര്‍ണമായ അവസ്ഥയാണ് രാഹുല്‍ മാങ്കൂട്ടത്തിലിലൂടെ പുറത്തുവരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. രാഹുല്‍ മാങ്കൂട്ടത്തിലിന് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടെന്നും ഗോവിന്ദന് പറഞ്ഞു.
"രാഹുല്‍ മാങ്കൂട്ടത്തില്‍ അന്നും ഇന്നും കോണ്‍ഗ്രസിന്റെ പരിപൂര്‍ണമായ പിന്തുണയിലാണ്. കേസില്‍ ജാമ്യംകിട്ടി പുറത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് രാഹുല്‍ വീണ്ടുമിറങ്ങും, അതിനൊന്നും യാതൊരു ഉളുപ്പുമില്ല.'-ഗോവിന്ദന് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകാനുള്ള യോഗ്യതയെന്തെന്ന് കൂടുതല്‍ വ്യക്തമാകുന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പുറത്ത് വരുന്നത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമൊക്കെയാകാനുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യത ഇതൊക്കൊയാണെന്ന് ജനം മനസിലാക്കണമെന്നും ഗോവിന്ദന് കൂട്ടിച്ചേർത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാമത്തെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. ഗര്‍ഭഛിദ്രം , ക്രൂര പീഡനം, മര്‍ദനം എന്നിവ പരാതിയിലുണ്ട്. ഗര്‍ഭഛിദ്രം നടത്തിയിട്ടും ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
ഡിഎന്‍എ പരിശോധനയിലൂടെ കൃത്യമായി കാര്യങ്ങള്‍ മനസിലാകും. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജീര്‍ണമുഖത്തിന്റെ അടയാളപ്പെടുത്തലായാണ് ഓരോ വെളിപ്പെടുത്തലുകളും കാണേണ്ടത്. കൂടുതല്‍ കേസുകള്‍ പുറത്തു വരാനുണ്ടെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
ഓരോ കുറ്റകൃത്യവും നടത്തുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ അംഗവും യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റും എംഎല്‍എയുമൊക്കെയായിരുന്നു. രാഹുലിനെ പുറത്താക്കാന്‍ എപ്പോഴാണ് കോണ്‍ഗ്രസ് തയാറായതെന്ന് ജനം ഓര്‍ക്കണം.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണനകളില്ല. സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ ഒറ്റയ്ക്കായിരിക്കും കഴിയുക. സഹതടവുകാര്‍ ഉണ്ടായിരിക്കില്ല.
എംഎല്‍എ ആയതിനാലാണ് രാഹുലിന് ഒറ്റയ്ക്ക് ഒരു സെല്‍ അനുവദിച്ചത്. നിലവില്‍ നിലത്ത് പായ വിരിച്ച് കിടക്കാനുള്ള സൗകര്യങ്ങളാണ് സെല്ലില്‍ ഒരുക്കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ കട്ടില് അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ നല്‍കാനാണ് തീരുമാനം.
സാധാരണയായി ജയിലില്‍ ഞായറാഴ്ച്ചകളില്‍ രാത്രി സ്പെഷ്യല്‍ ഭക്ഷണമില്ല. ചോറിനോ ചപ്പാത്തിക്കോ ഒപ്പം തോരനും രസവുമായിരിക്കും നല്‍കുക. തിങ്കളാഴ്ച രാവിലെ ഉപ്പുമാവും കടല കറിയുമായിരിക്കും പ്രഭാതഭക്ഷണം.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേയ്ക്ക് മാറ്റിയത്. സാധാരണയായി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റുക.
എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് മുന്നില്‍ക്കണ്ട് ഡോക്ടര്‍മാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണസംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും. രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന് ആവശ്യപ്പെടുന്നത്.
കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയും തിങ്കളാഴ്ചയാണ് പരിഗണിക്കുക. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാകും പരിഗണിക്കുക. രാഹുലിന്റെ അഭിഭാഷകന് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
Kerala
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. അറസ്റ്റ് തടഞ്ഞത് നീട്ടിയിരിക്കുകയാണ് ഹൈക്കോടതി. ഈ മാസം 21 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാംഗ്മൂലം നല്കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നൽകി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.
ചൊവ്വാഴ്ചയാണ് കേസിൽ കക്ഷി ചേരാൻ പരാതിക്കാരി കോടതിയെ സമീപിച്ചത്. മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നായിരുന്നു ആവശ്യം. കേസിൽ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎ നൽകിയ മുൻകൂർ ജാമ്യ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മിൽ ഉണ്ടായതെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമായിരുന്നു രാഹുലിന്റെ വാദം. ജാമ്യ ഹർജിയെ ശക്തമായി എതിർക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.
ഗർഭഛിദ്രത്തിനായി രാഹുൽ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് വാദം.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. മറ്റ് ആരെങ്കിലും പാലക്കാട് നിന്നാൽ ജയിക്കുമോ എന്ന് ചോദിച്ചതിന് ജയിക്കും എന്ന മറുപടി മാത്രം ആണ് നൽകിയത് എന്നും പി.ജെ. കുര്യൻ വിശദീകരിച്ചു.
സീറ്റ് നൽകരുതെന്ന പ്രസ്താവനയിൽ കുര്യനെ നേരിട്ട് രാഹുൽ അതൃപ്തി അറിയിച്ചിരുന്നു. എൻഎസ്എസ് ആസ്ഥാനത്ത് വച്ചാണ് അതൃപ്തി അറിയിച്ചത്. ഇതിന് പിന്നാലെയാണ് തിരുത്തുമായി കുര്യൻ രംഗത്തെത്തിയിരിക്കുന്നത്.
താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്നും ഇത്തവണ എംപിമാരെ മത്സരിപ്പിക്കാൻ സാധ്യത കുറവായിരിക്കുമെന്നും കുര്യൻ പറഞ്ഞിരുന്നു. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും പറഞ്ഞ അദ്ദേഹം ലൈംഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകരുതെന്നും ആവശ്യപ്പെട്ടിരുന്നു.
'മത്സരിക്കാൻ യോഗ്യർ പാലക്കാട് തന്നെയുണ്ട്. യുവാക്കൾ വരുമ്പോൾ മാനദണ്ഡം വയ്ക്കണം. ഭാഷയും സൗന്ദര്യവും മാത്രം മതിയെന്ന് കരുതുന്ന ചില സ്ഥാനമോഹികളുണ്ട്. അവരെ മാറ്റിനിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും.'-പി. ജെ. കുര്യൻ അഭിപ്രായപ്പെട്ടിരുന്നു.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിൽ. വസ്തുതകൾ പരിഗണിക്കാതെയുള്ള ഉത്തരവെന്നാണ് ഹർജിയിലെ സർക്കാരിന്റെ വാദം.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നും അത് കേസിനെ തന്നെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയിൽ വളരെ ഗുരുതരമായ ആരോപണങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നു. എംഎൽഎ ആയ വ്യക്തി സമൂഹത്തിലടക്കം വളരെ സ്വാധീനമുള്ളയാളാണ്. കേസിനെ അട്ടിമറിക്കാൻ സാധ്യതയുള്ളയാളാണ്. അതുകൊണ്ട് പ്രതിക്ക് മുൻകൂര്‍ ജാമ്യം നൽകുന്നത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കും. രാഹുൽ സമാനമായ കേസിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഹര്‍ജിയിൽ വ്യക്തമാക്കുന്നു.
അതേ സമയം രാഹുൽ മാങ്കൂട്ടത്തിൽ 15ാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുൽ ഇന്ന് വോട്ട് ചെയ്യാൻ പാലക്കാട് എത്തുമെന്നാണ് സൂചന. കുന്നത്തൂർമേട്ടിലുള്ള സ്കൂളിലാണ് രാഹുലിന് വോട്ടുള്ളത്.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് വോട്ട് ചെയ്യാൻ എത്തുമെന്ന് സൂചന. രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുൽ വോട്ട് ചെയ്യാൻ എത്തുമെന്ന റിപ്പോർട്ട് വന്നത്.
പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് രാഹുലിന് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത് പാലക്കാട് നഗരസഭയിലെ 24ാം വാർഡിലാണ്. ഈ വാർഡിൽ രാഹുൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു.
രാഹുൽ വോട്ട് ചെയ്യാൻ എത്തും എന്നാണ് പോലീസിന് ലഭിച്ച റിപ്പോർട്ട്. വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ വോട്ട് രേഖപ്പെടുത്താൻ രാഹുൽ എത്തുമെന്നാണ് രാഹുലുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്.
രാഹുൽ എത്തിയാൽ ഡിവൈഎഫ്ഐയും ബിജെപിയും പോളിംഗ് ബൂത്തിനരികെ പ്രതിഷേധിക്കും. ബൂത്തിലും സമീപ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയട്ടുണ്ട്.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച വോട്ട് ചെയ്യാൻ എത്തുമെന്ന് സൂചന. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുലിന് വോട്ട്. സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തിൽ തന്നെയാണ് രാഹുലിന് വോട്ട്. നഗരസഭയിലെ 24ാം വാര്‍ഡിലാണ് രാഹുലിന് വോട്ടുള്ളത്.
രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് രാഹുൽ ഒളിവുജീവിതം അവസാനിപ്പിച്ചേക്കും എന്ന വിവരം പുറത്തുവരുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഉപോധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥയ്ക്കു മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍.
അതേസമയം, രാഹുലിനെതിരെ പോലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെട്ടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
23കാരി കെപിസിസി അധ്യക്ഷനു നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പോലീസിനു കൈമാറിയിരുന്നു. വിവാഹ അഭ്യർഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. രാഹുലിനെതിരായ ആദ്യ കേസിൽ മുൻകൂർ ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരുന്നു. ആദ്യ കേസിൽ തിങ്കളാഴ്ച വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
ഇതോടെയാണ് ഒളിവുജീവിതം അവസാനിപ്പിച്ചേക്കും എന്ന വിവരം പുറത്തുവരുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
Kerala
തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഉപോധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്.
എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍.
അതേസമയം രാഹുലിനെതിരെ പോലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെട്ടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
23കാരി കെപിസിസി അധ്യക്ഷന്‍ നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പോലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്.
അതിഗുരുതരമായ പരാതിയാണ് രാഹുലിനെതിരെ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ അതിക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരി മൊഴി നൽകിയിരുന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിന്റേത് അതിതീവ്ര പീഡനമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. അതുകൊണ്ട് തന്നെ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും അവർ പറഞ്ഞു.
എന്നാൽ എല്‍ഡിഎഫ് എംഎല്‍എ മുകേഷിന്റെത് തീവ്രത കുറഞ്ഞ പീഡനമാണെന്നും ലസിത പറഞ്ഞു. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെ എന്നും ലസിത പറഞ്ഞു.
ഏതാലായും ആ വിഷയവും ഞങ്ങൾ നിയമത്തിന് വിടുകയാണ്. ഏത് കുറ്റവാളിക്കും പീഡകനും ശിക്ഷ ലഭിക്കണം: ലസിത പറഞ്ഞു.
Kerala
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നില്ല. ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച തുടർവാദം നടക്കും. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ഇന്ന് ജാമ്യാപേക്ഷയിലെ വാദം നടന്നത്.
വാദപ്രതിവാദങ്ങൾ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതൽ രേഖകൾ ഹാജാരാക്കാൻ ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മറ്റു തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു.
നിലവിൽ ഏഴ് ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞില്ല. അറസ്റ്റിന് തടസമില്ലെങ്കിലും ജാമ്യാപേക്ഷയിൽ വ്യാഴാഴ്ചയായിരിക്കും കോടതി വിധിവരിക.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. രാഹുലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം വന്നശേഷമായിരിക്കും നടപടിയുണ്ടാകുകയെന്നാണ് വിവരം.
രാഹുലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നേതാക്കളായ കെ മുരളീധരൻ, അജയ് തറയിൽ, വനിതാ നേതാക്കളായ ജെബി മേത്തര്‍, ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണണ, അഡ്വ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരടക്കം രാഹുലിനെതിരെ കടുത്ത നടപടിവേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ഉത്തരവ് പിന്നീടായിരിക്കും എന്നാണ് സൂചന. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്.
ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കുമോ ഉത്തരവ് എന്നതിലും വ്യക്തതയില്ല.
അതേ സമയം, ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകൾ പൂർത്തിയായാൽ ഉത്തരവ് ഇന്നുണ്ടാകും. അല്ലെങ്കിൽ വ്യാഴാഴ്ച എന്നാണ് പുറത്തുവരുന്ന സൂചന.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി ധാർമികമായ നടപടികൾ എടുത്തിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. നിയമപരമായ ചില കാര്യങ്ങൾ കൂടി നോക്കിയിട്ടേ രാഹുലിനെതിരെ കൂടുതൽ നടപടി ഉണ്ടാകൂവെന്നും പാർട്ടി നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചു കൊള്ളുമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
കോൺഗ്രസ് രാഷ്ട്രീയത്തിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും യൂത്ത് കോൺഗ്രസ് അബിൻ വർക്കി പറഞ്ഞു. എന്തുകൊണ്ടാണ് മുകേഷിനെ സിപിഎം പുറത്താക്കാത്തതെന്നും അബിൻ ചോദിച്ചു. പീഡനത്തിന്റെ തീവ്രത അളക്കുന്ന മെഷീനുമായി ഇറങ്ങിയവരാണ് ഞങ്ങളെ ധാർമികത പഠിപ്പിക്കാൻ വരുന്നതെന്നും അബിൻ കുറ്റപ്പെടുത്തി.
പത്മകുമാറിനെ എന്തുകൊണ്ട് പുറത്താക്കുന്നില്ല ഇപ്പോഴും ജില്ലാ സെക്രട്ടറിയേറ്റ് അംഗമല്ലേ അദ്ദേഹം. മാധ്യമങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിൽക്കുന്നത് കോൺഗ്രസിന്റെ വിഷയം സ്വർണപ്പാളിയാണെന്നും അബിൻ വർക്കി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചൊവ്വാഴ്ച കെപിസിസിക്ക് ലൈംഗിക പീഡന പരാതി നൽകിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. വ്യാജ പരാതിയെന്ന് ആവര്‍ത്തിച്ച ഫെന്നി പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാർഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഫെന്നി നൈനാൻ. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. എന്നാൽ, പരാതി വ്യാജമാണെന്നും തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കാനുള്ള നീക്കമാണെന്നും പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലെന്നും ഏതു വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ഫെന്നി നൈനാൻ വെല്ലുവിളിച്ചു. ഏതു ഹോംസ്റ്റേയിലേക്കാണ് കയറ്റി കൊണ്ടുപോയതെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കണം.
ഒരു സ്ഥാനാർഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പോലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വ്യാജ പരാതി കൊടുത്ത വ്യക്തി ആദ്യം ചോദ്യങ്ങളിൽ മറുപടി പറയട്ടെ. പരാതി നൽകിയ ആളെ താൻ വെല്ലുവിളിക്കുകയാണ്.
ഏതുവാഹനത്തിലാണ് കൊണ്ടുപോയതെന്നും പറയണം. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയാണുള്ളത്. സര്‍ക്കാരും പൊതുപ്രവര്‍ത്തകനും ഒരു ചാനലും ഉള്‍പ്പെട്ട ഗൂഢാലോചനയാണിതെന്നും ഫെന്നി ആരോപിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കും. ചൊവ്വാഴ്ച ലഭിച്ചത് പരാതിയിലാണ് കേസ് എടുക്കുക. ഗുരുതര സ്വഭാവമുള്ള പരാതി തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കാനാണ് തീരുമാനമെന്നും പോലീസ് അറിയിച്ചു.
അതേ സമയം രാഹുലിനെതിരെ നടപടി കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. കെപിസിസി ശുപാര്‍ശയോടെ എഐസിസി തീരുമാനമെടുക്കും. തീരുമാനം ഉടൻ പ്രഖ്യാപിക്കും.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പറഞ്ഞു.
"എംഎൽഎ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാറിക്കേണ്ടത്.പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം.നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചു.'-മുരളീധരൻ പറഞ്ഞു.
വീണ്ടും ലൈംഗിക പീഡന പരാതി വന്നതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നതിന്റെ പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. കടുത്ത നടപടിയിലേയ്ക്ക് കോൺഗ്രസ് നീങ്ങും എന്നാണ് സൂചന. ഈക്കാര്യത്തിൽ കെപിസിസി നേതാക്കൾ കൂടിയാലോചന തുടരുകയാണ്.
ഇന്ന് തന്നെ രാഹുലിനെതിരായ നടപടി പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന വിവരം. രാഹുലിനെ കോൺഗ്രസ് പുറത്താക്കണമെന്ന ആവശ്യവുമായി ആർഎംപി നേതാവ് കെ. കെ. രമ എംഎൽഎ രംഗത്ത് വന്നിരുന്നു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗിക കുറ്റവാളിയാണെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ. കോൺഗ്രസിന്റെ സൈബർ ആക്രമണം ഭയന്നാണ് പലരും രാഹുലിനെതിരെ പരാതി പറയാൻ മടിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഇനിയെങ്കിലും കോൺഗ്രസ് രാഹുലിനെതിരെ കടുത്ത നടപടിയെടുക്കണം. എംഎൽഎ സ്ഥാനം രാജിവയ്പ്പിക്കണമെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ സ്ത്രീ സമൂഹത്തിന് ഒന്നാകെ ഭീഷണിയാണ്. സിപിഐഎം തിരഞ്ഞെടുപ്പ് വിഷയം മാത്രമാക്കുന്നു. എത്രയും വേഗം പൊലീസ് ലൈംഗിക കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
രാഹുലിന്റെ അറസ്റ്റ് ഉടൻ ഉണ്ടായില്ലെങ്കിൽ ബിജെപി സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് സി കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കോൺഗ്രസ് നേതൃത്വത്തിന് മറ്റൊരു യുവതി പരാതി നൽകുകയായിരുന്നു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർക്ക് പരാതി നൽകിയത്.
വിവാഹവാഗ്ദാനം നൽകി ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനമെന്നും ഗർഭം ധരിക്കാൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി.
Kerala
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ഒഴിയണമെന്ന് കെ.കെ.രമ എംഎൽഎ. കോൺഗ്രസ് പാർട്ടി രാഹുലിനെപുറത്താക്കണമെന്നും രമ ആവശ്യപ്പെട്ടു.
എംഎൽഎ സ്ഥാനത്ത് തുടരാൻ രാഹുലിന് യോഗ്യതയില്ല. രാഹുലിനെ എന്തുകൊണ്ട് കേരള പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും രമ ചോദിച്ചു. അറസ്റ്റ് വൈകുന്നതിന് പിന്നിൽ പോലീസിന്റെ അലംഭാവമാണെന്നും കെ.കെ.രമ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. രാഹുൽ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നൽകിയിട്ടുണ്ട്. പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ യുവതി പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. പരാതി ഇല്ലെന്ന കോണ്‍ഗ്രസിന്റെ പ്രശ്നം തീര്‍ന്നെന്നും യുവതി മുഖ്യമന്ത്രിക്ക് പരാതി നല്കിയല്ലോ എന്നും രാമകൃഷ്ണന് പറഞ്ഞു.
"രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ മറുപടി പറയേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ വികൃത മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. സസ്പെന്ഷന് പ്രധാന നടപടിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചൂണ്ടിക്കാണിക്കുന്നത്. രാഹുല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് കെ. സുധാകരന്റെ വാദം.'- രാമകൃഷ്ണന് പറഞ്ഞു.
പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുലിന് ഒളിവില്‍ പോകേണ്ടതായി വന്നു. ഇത് അപമാനകരമാണ്. കുറ്റം ചെയ്തവരെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് എന്തിനാണ്. പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.'-ടി.പി. രാമകൃഷ്ണന് കുറ്റപ്പെടുത്തി.
"ദീപാ ദാസ് മുന്‍ഷിയടക്കമുള്ളവര്‍ പരാതിക്കാരിയെ കുറ്റം പറയുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സമൂഹം അത് തിരിച്ചറിയും. മുകേഷിന്റെ കേസുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുജീവിതത്തില്‍ നിന്ന് മാറി നിന്ന് നിരപരാധിത്വം തെളിയിക്കണം. അതിന് പ്രേരിപ്പിക്കേണ്ടത് കോണ്‍ഗ്രസാണ്.'-ടി പി രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു
Kerala
കണ്ണൂര്‍: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നിരവധി പെണ്‍കുട്ടികള്‍ ഇനിയും പരാതിയുമായി വരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കോണ്‍ഗ്രസ് ക്രിമിനൽ സംഘത്തെ പോറ്റി വളര്‍ത്തുകയാണെന്നും സനോജ് കുറ്റപ്പെടുത്തി.
"കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ രാഹുലും ഷാഫിയും ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് നേതാക്കൾക്ക് രാഹുലിന് സംരക്ഷണം ഒരുക്കേണ്ടി വരുന്നത്. ഏതൊരു നേതാവ് എതിര് പറഞ്ഞാലും സൈബർ ആക്രമണം നടത്താൻ ആണ് ഷാഫിയുടെ നിർദേശം. ഇതിനായി വടകര കേന്ദ്രീകരിച്ച് വാർ റൂമുണ്ട്.'-സനോജ് പറഞ്ഞു.
"കുറച്ചു നടിമാരെ റീൽസിൽ അഭിനയിക്കാൻ കിട്ടുമായിരിക്കും. ജനങ്ങൾക്കിടയിൽ ഇമേജ് ഉണ്ടാക്കാൻ കഴിയില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഷാഫിയുടെയും രാഹുലിന്റെ അടിമകൾ ആണ്. പ്രതിപക്ഷ നേതാവിനു പോലും രക്ഷയില്ല. സൈക്കോപാത്ത് ക്രിമിനലിനെ സംരക്ഷിക്കുന്ന എല്ലാവര്‍ക്കുമെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിക്കും.'-സനോജ് അറിയിച്ചു.
"കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയാൻ തയ്യാറാകുന്നില്ല. സിപിഎം കെട്ടിച്ചമച്ച കഥയാണെന്നാണ് യുഡിഎഫ് കൺവീനർ പറയുന്നത്. പെൺകുട്ടിക്ക് സിപിഎമ്മമായി എന്ത് ബന്ധം? ഈ പെൺകുട്ടിയെ മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡിപ്പിച്ചത്.'-സനോജ് കൂട്ടിച്ചേർത്തു.
സസ്പെന്‍ഡ് ചെയ്തിട്ടും നിയമസഭയിൽ അകമ്പടി പോയത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അല്ലേ? എന്നിട്ട് എന്ത് നടപടി എടുത്തു? രാഹുലിനെതിരെ നിലപാട് എടുത്തവർക്കെതിരെ സൈബർ ആക്രമണം തുടങ്ങിയെന്നും വി.കെ. സനോജ് ആരോപിച്ചു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയുടെ സമയം ശരിയായില്ല എന്ന് പറയുന്നത് ജനങ്ങൾ വിലയിരുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്. രാഹുലിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്നതല്ലെന്നും വലിയ കുറ്റകൃത്യങ്ങളാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ പുറത്തുവന്നിരിക്കുന്ന വിവരങ്ങളെല്ലാം വളരെ ഗുരുതര സ്വഭാവമുള്ളതാണ്. നടന്നത് കുറ്റകൃത്യമാണെന്നതാണ് ഈ വിവരങ്ങളെല്ലാം വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ സൈബർ സംഘങ്ങളെല്ലാം നടത്തുന്ന അധിക്ഷേപങ്ങളെല്ലാം കാണിക്കുന്നത് അവർ സ്ത്രീകളുടെ കൂടെയല്ല എന്നാണ്. രാഹുലിനെ വിമർശിച്ച കോൺഗ്രസിന്റെ വനിതാ നേതാക്കളെ അടക്കം സൈബർ സംഘം ആക്രമിക്കുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.