ഉപ്പള: റെയിൽവേ സ്റ്റേഷനു സമീപത്തുള്ള റെയിൽവേയുടെ സ്ഥലത്തുനിന്ന് തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുകടത്തിയതിന് നാലുപേർ അറസ്റ്റിൽ.
ഉപ്പള സ്വദേശികളായ റോഷൻ സമീർ, ദാദാ പീർ, അബ്ദുള്ളക്കുഞ്ഞി, രാജേഷ് എന്നിവരെയാണ് മംഗളൂരു ആർപിഎഫ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുറിച്ചുമാറ്റിയ മരത്തടികളും കടത്താനുപയോഗിച്ച വാഹനവും മരംമുറി യന്ത്രവും ആർപിഎഫ് കസ്റ്റഡിയിലെടുത്തു.
റെയിൽവേ ഭൂമിയോടു ചേർന്നുള്ള പ്രതികളുടെ സ്ഥലത്തുനിന്നും മരങ്ങൾ മുറിക്കുന്നതിന്റെ മറവിൽ റെയിൽവേ ഭൂമിയിലെ മരങ്ങളും മുറിച്ചുകടത്തിയെന്നാണ് കേസ്.
11 മരങ്ങളാണ് റെയിൽവേയുടെ സ്ഥലത്തുനിന്ന് മുറിച്ചുകടത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തെളിവു സഹിതം പിടികൂടിയത്.