തൃക്കരിപ്പൂർ: യാത്രാകുരുക്കുണ്ടാക്കി തൃക്കരിപ്പൂർ ജനതയെ ദുരിതത്തിലാക്കുന്ന റെയിൽവേ ഗേറ്റുകളിൽ മേൽപ്പാലം വേഗത്തിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ടും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തൃക്കരിപ്പൂരിൽ ആയിരങ്ങൾ മനുഷ്യച്ചങ്ങല തീർക്കും. 28നു വൈകുന്നേരം നാലിന് ബീരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്ത് നിന്ന് വെള്ളാപ്പ് റോഡ് റെയിൽവേ ഗേറ്റ് പരിസരം വരെ നടക്കുന്ന ജനകീയ മനുഷ്യച്ചങ്ങലയുടെ വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു.
എഴുനൂറിൽപ്പരം വ്യാപാരികളും അവരുടെ കുടുംബാംഗങ്ങളും വിവിധ രാഷ്ടീയ, സന്നദ്ധ, യുവജന, തൊഴിലാളി, വനിത സംഘടന പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കും. 28ന് നടക്കുന്ന മനുഷ്യച്ചങ്ങലയുടെ വിജയത്തിനായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു.
വ്യാപാര ഭവനിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.എച്ച്. അബ്ദുൾ റഹീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. അബ്ദുൾ റഷീദ്, ട്രഷറർ ഇ.വി. ദിനേശൻ, എ.ജി.സി. ബഷീർ, കെ.കെ. രാജേന്ദ്രൻ, സന്ദീപ് വാര്യർ, എം. രാമചന്ദ്രൻ, വി.കെ. ബാവ, ടി.വി. ഷിബിൻ, സി. രവി, വി.വി. കൃഷ്ണൻ, എ.ജി. ബഷീർ, ഡോ. കെ. സുധാകരൻ, പി.വി. ദിനേശൻ, വി.എം. ശ്രീധരൻ, എം.പി. ബിജീഷ്, കെ.വി.പി. സാബിർ, അബ്ദുൾ ഖഫാർ, എ.ജി. നൂറുൽ അമീൻ, എം.എ.സി. കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.