കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ബസ് ടെര്‍മിനല്‍ നിര്‍മാണ പദ്ധതി ഫയലിലുറങ്ങുമ്പോള്‍ ജനങ്ങളുടെ ദുരിതം വര്‍ധിക്കുകയാണ്. മലബാറില്‍ നിന്നുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന ആതുരശുശ്രൂഷാകേന്ദ്രമായ മെഡിക്കല്‍ കോളജില്‍ മഴയത്തും വെയിലത്തും സുരക്ഷിതമായി ബസ് കാത്തുനില്ക്കാനൊരിടമില്ല. 17 വര്‍ഷമായിട്ടും ബസ് ടെര്‍മിനല്‍ കടലാസില്‍ ഉറങ്ങുകയാണ്. നാല് സര്‍ക്കാരുകള്‍ മാറി മാറി വന്നെങ്കിലും ഫലമുണ്ടായിട്ടില്ല. 2009ല്‍ അന്നത്തെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയാണ് ബസ് ടെര്‍മിനലിന് തറക്കല്ലിട്ടത്. നിലവില്‍ അവിടം കാടുമൂടി കിടക്കുകയാണ്. പരിണിത ഫലം അനുഭവിക്കുന്നതാകട്ടെ മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍.
ബസ് ടെര്‍മിനല്‍ ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് പരിസരത്ത് രൂക്ഷമായ ഗതാഗത കുരുക്കും ബസ് പാര്‍ക്കിംഗും വലിയ തലവേദനയായി മാറിയിട്ടുണ്ട്. വയനാട്, മാവൂര്‍, കുറ്റിക്കാട്ടൂര്‍ തുടങ്ങി സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ ഈ റൂട്ടുവഴി കടന്നുപോകുന്നുണ്ട്. ബസ് കയറുന്നതിനും ഇറങ്ങുന്നതിനും കൃത്യമായ സ്ഥാനം ഇല്ലാത്തതിനാല്‍ യാത്രക്കാരും ദുരിതത്തിലാണ്.
ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതികളുടെയും നിയമനടപടികളുടെയും കുരുക്കില്‍പ്പെട്ടാണ് ബസ് ടെര്‍മിനല്‍ നിര്‍മാണം വൈകുന്നത്. മെഡിക്കല്‍ കോളജ്-മാവൂര്‍ റോഡിലാണ് നിര്‍ദ്ദിഷ്ട പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും അതില്‍ നിന്ന് ഒരടിപോലും മുന്നോട്ട് പോയിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. പദ്ധതിയ്ക്കായി കണ്ടെത്തിയ ഭൂമിയെ ചൊല്ലി നിയമപ്രശ്നങ്ങളും വിജിലന്‍ലസ് കേസും വന്നതോടെ തടസ്സമായി. 2011ല്‍ കോടതിയില്‍ കേസായെങ്കിലും 2023ല്‍ അനുകൂല വിധി വന്നു. എന്നാല്‍ വീണ്ടും പദ്ധതിയ്ക്കുള്ള അനുമതി വൈകുകയും നിര്‍മാണം പാതിവഴിയിലാകുകയുമായിരുന്നു.
രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലത്ത് അഞ്ച് ലക്ഷം ചതുരശ്ര അടിയില്‍ വന്‍കിട പദ്ധതിയാണ് ലക്ഷ്യം വയ്ക്കുന്നത്. പൂര്‍ണമായും സ്വകാര്യ പങ്കാളിത്തത്തോടെ ബിഒഒ അടിസ്ഥാനത്തില്‍ നടപ്പിലാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മിന്‍ഫ്ര സ്ട്രക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ് പദ്ധതി ഏല്‍പ്പിച്ചിരുന്നത്. ഏകദേശം 200 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ബസ് ടെര്‍മിനലിനൊപ്പം വ്യാപാരസമുച്ചയവും വാഹന പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുന്നു.
ചെലവ് മുഴുവന്‍ സ്വകാര്യ കമ്പനി വഹിക്കാമെന്നും ലഭിക്കുന്ന തുകയുടെ 75 ശതമാനം തുക സര്‍ക്കാരിനും ശേഷിക്കുന്ന 25 ശതമാനം കമ്പനിയ്ക്കുമെന്നതായിരുന്നു തീരുമാനം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിനു സമീപത്ത് കൂടെ ബസുകള്‍ക്ക് എന്‍ട്രിയും മാവൂര്‍ റോഡ് ഭാഗത്തു കൂടി എക്സിറ്റുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിനു സമീപത്തുള്ള ആരോഗ്യവകുപ്പിന്റെയും ആഭ്യന്തരവകുപ്പിന്റെയും കൈവശമുള്ള ആറ് സെന്റ് സ്ഥലം ബസുകളുടെ എന്‍ട്രിക്കായി ഏറ്റെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. കോര്പ്പറേഷന് ഇവിടെ 60 സെന്റ് സ്ഥലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ പദ്ധതി വെളിച്ചം കാണാതെ പോകുകയായിരുന്നു.
വി.ഡി. സതീശന് സര്‍ക്കാരും ബസ് ടെര്‍മിനല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെയും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന രവി പറഞ്ഞു. ബസ് ടെര്‍മിനല്‍ നിര്‍മാണത്തിനൊപ്പം ഓട്ടോ സ്റ്റാന്‍ഡ് നിര്‍മാണം, മെഡിക്കല്‍ കോളജ് പരിസരത്തെ വഴിയോരക്കച്ചവടക്കാര്‍ക്ക് പ്രത്യേകമായ സൗകര്യം എന്നിവയും വാഗ്ദാനത്തിലുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തിലൊന്നും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.