എരുമേലി: എരുമേലിയില്‍ ഏക്കറുകണക്കിനു സ്ഥലത്ത് റംബുട്ടാന് വിളയിച്ചു ജാര്‍ഖണ്ഡ് സ്വദേശികള്‍. വിളയിച്ച റംബുട്ടാന് നല്ല വില കിട്ടുന്ന സ്ഥലത്ത് എത്തിച്ച് വില്പന നടത്തിയാല്‍ മികച്ച വരുമാനം നേടാമെന്നതിന്റെ നേര്‍കാഴ്ചയാണ് കൊരട്ടി തളികപ്പാറയ്ക്ക് സമീപം കരിപ്പാപറമ്പില്‍ വക സ്ഥലം.
ജാര്‍ഖണ്ഡില്‍ പച്ചക്കറി കൃഷി ചെയ്തിരുന്ന ധരം, ചന്തു എന്നിവരാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി ഭാര്യയും മക്കളും സഹിതം താമസമാക്കി റംബുട്ടാന് കൃഷി ചെയ്യുന്നത്. ഇവിടെ ഏക്കറുകളോളം സ്ഥലത്ത് റംബുട്ടാന് പഴുത്ത് പാകമായി നില്‍ക്കുകയാണ്.
ഒരു സെന്റ് സ്ഥലത്ത് നാല് റംബുട്ടാന് മരങ്ങള്‍. അങ്ങനെ നൂറുകണക്കിന് മരങ്ങള്‍ ഒരേപോലെ നട്ടു. മൃഗങ്ങള്‍ പറമ്പില്‍ വരാതിരിക്കാന്‍ പറമ്പിനു ചുറ്റും സോളാര്‍ വേലിയും കായ്കള്‍ ആയപ്പോള്‍ പക്ഷികള്‍ കൊത്തിയെടുക്കാതിരിക്കാന്‍ മരങ്ങളില്‍ വലയും സ്ഥാപിച്ചു. ഇപ്പോള്‍ വിളവെടുപ്പു നടക്കുകയാണ്.
വിളവെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളുമുണ്ട്. ദിവസവും പഴങ്ങളുടെ ലോഡ് കയറ്റിവിടുന്നു. ഇതര സംസ്ഥാന വിപണികളില്‍ മികച്ച വില കിട്ടുന്നിടത്ത് നേരിട്ടെത്തിച്ചാണ് വില്പന. മണ്ണറിഞ്ഞ് കൃഷി ചെയ്താല്‍ മികച്ച വിജയം നേടാമെന്ന് തെളിയിച്ചിരിക്കുകയാണിവർ.
എരുമേലി കൊരട്ടി തളികപ്പാറയ്ക്ക് സമീപം കരിപ്പാപറമ്പില്‍ സ്ഥലത്ത് ജാര്‍ഖണ്ഡ് സ്വദേശികളായ ധരം, ചന്തു എന്നിവര്‍ അടുത്ത കൃഷിക്കുള്ള റംബൂട്ടാന് തൈകള്‍ക്ക് ചുറ്റുമറ ഒരുക്കുന്നു.