ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വിദേശ സുഹൃത്തുക്കളുടെ സമ്മർദത്തിന് വഴങ്ങി രാജ്യത്തിന്റെ ഊർജ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇന്ത്യയിലെ സാധാരണക്കാരെ കടുത്ത ഗ്യാസ്-ഇന്ധന ക്ഷാമത്തിലേക്ക് സർക്കാർ തള്ളിവിട്ടതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടതായും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
എന്നാൽ രാഹുൽ ഗാന്ധിയുടേത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ് തിരിച്ചടിച്ചു. "ഇന്ത്യ ഒരു രാജ്യത്തിനും മുന്നിലും തലകുനിച്ചിട്ടില്ല. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഉയരുകയാണ് ചെയ്തത്. പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യയെ അപമാനിക്കുന്ന ശീലം അദ്ദേഹം സഭയ്ക്കുള്ളിലും തുടരുകയാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.