തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പൊള്ളുന്ന ചൂട് തുടരുന്നു. പകൽ താപനില പിടിവിട്ട് കുതിക്കുന്നതും വായുവിലെ ജലാംശത്തിന്റെ തോത് വർധിച്ചതുമാണ് കടുത്ത ചൂടിന് കാരണമാകുന്നത്.
പല മേഖലകളിലും കൂടിയ പകൽ താപനില 40 ഡിഗ്രി സെൽഷസിനോടടുക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.കണ്ണൂർ, മലപ്പുറം, കോട്ടയം ജില്ലകളിൽ പകൽതാപനില മാർച്ചിലെ ശരാശരിക്കു മുകളിലെത്തി. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്; 38.6 ഡിഗ്രി സെൽഷസ്.
അടുത്ത 24 മണിക്കൂറിൽ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പകൽ താപനില 37 ഡിഗ്രി സെൽഷസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ പകൽ താപനില ശരാശരിയേക്കാൾ രണ്ട് മുതൽ മൂന്നു ഡിഗ്രി സെൽഷസ് വരെയും ഉയരാൻ സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൊടും ചൂടിൽ വലയുന്ന സംസ്ഥാനത്ത് ആശ്വാസമായി നാളെ മുതൽ വേനൽ മഴ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് പരക്കെ വേനൽമഴ പെയ്യും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്കും നാളെ മുതൽ തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്കുമാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.