മനുഷ്യൻ ഭാഷ കണ്ടുപിടിക്കുന്നതിനും എത്രയോ മുമ്പേ സ്വന്തമാക്കിയ ഒന്നാണ് കഥപറച്ചിൽ. ഇരുണ്ട ഗുഹകളുടെ കരിപിടിച്ച ചുമരുകളിൽ വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ ചോരച്ചുവപ്പുകൊണ്ട് വരച്ച ആദ്യത്തെ ചിത്രത്തിൽനിന്നാണ് മാനവസംസ്കാരത്തിന്റെ വിഷ്വൽ ചരിത്രം ആരംഭിക്കുന്നത്. കാലങ്ങൾ കടന്നുപോയപ്പോൾ കാൻവാസുകളായും ചിത്രച്ചുമരുകളായും കോമിക് പുസ്തകങ്ങളായും ഒടുവിൽ വെള്ളിത്തിരയിലെ വർണക്കാഴ്ചകളായും ആ കഥപറച്ചിൽ ശാഖകൾ വീശിപ്പടർന്നു. എന്നാൽ ‘ഉയർന്ന കല'യെന്നും ‘സാധാരണക്കാരന്റെ ജനപ്രിയ കല'യെന്നും വേർതിരിക്കപ്പെട്ടുപോയ കലാപ്രപഞ്ചത്തെ ഒരു കുടക്കീഴിൽ കോർത്തുകെട്ടുകയാണ് ഹോളിവുഡ് കണ്ട മഹാസ്രഷ്ടാവ് ജോർജ് ലൂക്കാസ്.
‘സ്റ്റാർ വാർസ്’ എന്ന ദൃശ്യവിസ്മയത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഭാവനയെ വാനോളമുയർത്തിയ ലൂക്കാസും വ്യവസായ പ്രമുഖയായ ഭാര്യ മെലഡി ഹോബ്സണും ചേർന്ന് പടുത്തുയർത്തിയ ‘ലൂക്കാസ് മ്യൂസിയം ഓഫ് നറേറ്റീവ് ആർട്ട്'ഈ മാസം 22ന് ലോസ് ആഞ്ചലസിലെ എക്സ്പോസിഷൻ പാർക്കിൽ പൊതുജനങ്ങൾക്കായി തുറക്കുകയാണ്. പതിനാറ് വർഷത്തെ നീണ്ട കാത്തിരിപ്പിനും ഏകദേശം 100 കോടി ഡോളറിന്റെ (8,300 കോടിയിലധികം രൂപ) വ്യക്തിഗത നിക്ഷേപത്തിനും ശേഷമാണ് ഈ സാംസ്കാരികകേന്ദ്രം യാഥാർഥ്യമാകുന്നത്.
മേഘങ്ങൾ നിറഞ്ഞ ബഹിരാകാശ വിസ്മയം
ലോസ് ആഞ്ചലസിലെ എക്സ്പോസിഷൻ പാർക്കിൽ ചെല്ലുന്ന ഏതൊരാളും ആദ്യമൊന്ന് അമ്പരക്കും. ഭൂമിയിലേക്ക് ഇറങ്ങിനിൽക്കുന്ന ഒരു കൂറ്റൻ ബഹിരാകാശ പേടകംപോലെയാണ് മ്യൂസിയം കെട്ടിടം തലയുയർത്തി നിൽക്കുന്നത്. പ്രശസ്ത വാസ്തുശില്പികളായ ‘മാഡ് ആർക്കിടെക്ട്സ്' സ്ഥാപകൻ മാ യാൻസോംഗ്, സ്റ്റാന്റക് എന്നിവർ ചേർന്ന് 3,00,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് അഞ്ചു നിലകളിലായുള്ള അദ്ഭുതസൗധം രൂപകല്പന ചെയ്തത്. പുറത്തുനിന്ന് നോക്കുമ്പോൾ സയൻസ് ഫിക്ഷൻ സിനിമകളിലെ പേടകംപോലെ തോന്നിക്കുമെങ്കിലും അന്തരീക്ഷത്തിലെ മേഘങ്ങളുടെയും മരങ്ങളുടെയും സ്വാഭാവികമായ വളവുകളിൽനിന്നാണ് ഇതിന്റെ രൂപകല്പന ഉൾക്കൊണ്ടതെന്ന് ആർക്കിടെക്ട് മാ യാൻസോംഗ് പറയുന്നു.
ഭൂതകാലത്തെ ഭാവിയുമായി ബന്ധിപ്പിക്കുന്ന സുതാര്യമായ ലിഫ്റ്റുകളും അകത്തളങ്ങളിലെ വെളിച്ചത്തിന്റെ വിന്യാസങ്ങളും കാഴ്ചക്കാരെ പുതിയൊരു ഭാവനാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. മുമ്പ് പാർക്കിംഗ് പ്രദേശമായിരുന്ന ഈ കെട്ടിടത്തിനു ചുറ്റും 13 ഏക്കറിലധികം പരന്നുകിടക്കുന്ന പച്ചപ്പും പാർക്കും പൂന്തോട്ടങ്ങളും ഒരുക്കി. 300ലധികം പുതിയ മരങ്ങൾ, മഴവെള്ള സംഭരണം, തണുപ്പ് നിലനിർത്താനുള്ള ജലധാരകൾ, ആംഫി തിയറ്റർ, നടപ്പാതകളിലെ പത്തു വൻകിട ശില്പങ്ങൾ, സോളാർ പാനലുകൾ എന്നിവയടക്കം പൂർണമായും പരിസ്ഥിതിസൗഹൃദമായാണ് പ്രദേശം രൂപകല്പന ചെയ്തിരിക്കുന്നത്.
ഗുഹാചിത്രങ്ങൾ മുതൽ വെള്ളിത്തിര വരെ
3,00,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 1,00,000 ചതുരശ്ര അടിയോളം വരുന്ന പ്രദർശന ഇടങ്ങളിലായി 30ലധികം ഗാലറികളിലായി 1,300ലധികം അപൂർവ കലാസൃഷ്ടികളാണ് ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ചിത്രകലയ്ക്കു ലഭിക്കുന്ന അതേ പ്രാധാന്യവും ആദരവും ജനപ്രിയ കലാരൂപങ്ങൾക്കും വാണിജ്യപരമായ കഥപറച്ചിൽ രീതികൾക്കും നൽകുക എന്നതാണ് മ്യൂസിയത്തിന്റെ പ്രധാന ലക്ഷ്യം.
വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന്റെ മാതൃക ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്. സിസ്റ്റൈൻ ചാപ്പലിൽ വിശ്രുത കലാകാരൻ മൈക്കലാഞ്ചലോ വരച്ച ലോകപ്രശസ്ത ചുവർചിത്രങ്ങളായ ‘ദി ലാസ്റ്റ് ജഡ്ജ്മെന്റ്', ‘ദി ക്രിയേഷൻ ഓഫ് ആദം', റഫായേലിന്റെ ‘ ദി സ്കൂൾ ഓഫ് ആഥൻസ്'എന്ന ചിത്രവും റ്റു ഡി ലൈറ്റ് ബോക്സുകളിലും ‘അപ്പോളോ ബെൽവെഡെരെ', ‘ആഗസ്റ്റസ് ഓഫ് പ്രൈമ പോർട്ട' തുടങ്ങിയ ക്ലാസിക്കൽ റോമൻ ശില്പങ്ങൾ ത്രിഡി ഹോളോഗ്രാഫിക് സാങ്കേതികവിദ്യയിലും പുനരാവിഷ്കരിച്ചിട്ടുണ്ട്. സ്പെയിനിലെ അൽതാമിറ ഗുഹാചിത്രങ്ങളുടെ മാതൃകകളും ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിലെ അപൂർവശേഖരങ്ങളും ഇവിടെ കാണാം.
വിൻസെന്റ് വാൻ ഗോഗ്, ഫ്രീഡ കാഹ്ലോ, നോർമൻ റോക്ക്വെൽ, ഡിഗോ റിവേര, ചാൾസ് വൈറ്റ് തുടങ്ങിയ വമ്പന്മാരുടെ അപൂർവ ചിത്രങ്ങൾ, ജനപ്രിയ കോമിക്സുകൾ, ഗ്രാഫിക് നോവലുകൾ, ലോകപ്രശസ്ത തെരുവ് ചിത്രകാരനായ ബങ്ക്സിയുടെ യഥാർഥ ചുമർചിത്രങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
നോർമൻ റോക്ക്വെൽ 1958ൽ വരച്ച സൗഹൃദം പുലർത്തുന്ന പൊലിസുകാരന്റെ ചിത്രത്തിന് തൊട്ടടുത്ത് 2014ൽ ‘മാഡ്' മാഗസിനിൽ റിച്ചാർഡ് വില്യംസ് വരച്ച പൊലിസിന്റെ ക്രൂരതയെ കാണിക്കുന്ന ആക്ഷേപഹാസ്യ ചിത്രം പ്രതിഷ്ഠിച്ചുകൊണ്ട് കൃത്യമായ സംവാദങ്ങൾക്ക് ലൂക്കാസ് വഴിയൊരുക്കുന്നു.
‘സ്റ്റാർ വാർസ്' ചിത്രങ്ങളിൽ ഉപയോഗിച്ച യഥാർഥ വസ്ത്രങ്ങൾ, ലൂക്ക് സ്കൈവാക്കറുടെ ലാൻഡ് സ്പീഡർ വാഹനം, ഡാർത്ത് വേഡറുടെ വസ്ത്രം എന്നിവ ഉൾപ്പെടുന്ന പ്രത്യേക ഗാലറിയുമുണ്ട്.
ഇതിനുപുറമെ, മുപ്പതിനായിരത്തിലധികം കോമിക് പുസ്തകങ്ങളും ജോസഫ് കാംബെല്ലിന്റെ വ്യക്തിഗത ശേഖരങ്ങളുമുള്ള വലിയൊരു റിസർച്ച് ലൈബ്രറിയും “റോബർട്ട് ഫ്ലാഹെർട്ടി', ‘സ്ലാവ്കോ വോർകാപിച്ച്'എന്നീ രണ്ട് അത്യാധുനിക തിയറ്ററുകളും ‘സ്കൈവാക്കർ ഗ്രിൽ' റസ്റ്ററന്റും സജ്ജീകരിച്ചിട്ടുണ്ട്.
പ്രതിബന്ധങ്ങളെ അവഗണിച്ച കലാകാരൻ
2010ൽ ആദ്യമായി ഈ ആശയം മുന്നോട്ടുവച്ച ജോർജ് ലൂക്കാസിന് സാൻ ഫ്രാൻസിസ്കോയിലും ഷിക്കാഗോയിലും കടുത്ത എതിർപ്പുകളും നിയമപോരാട്ടങ്ങളും നേരിടേണ്ടിവന്നിരുന്നു. അവിടെയെല്ലാം പദ്ധതി ഉപേക്ഷിക്കേണ്ടിവന്നിട്ടും തോറ്റുകൊടുക്കാൻ അദ്ദേഹം തയാറായില്ല. ചില വിമർശകർ ഇതിനെ "വികാരജീവി മ്യൂസിയം" എന്നു പരിഹസിച്ചപ്പോഴും സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന ലൂക്കാസ്, 2025ൽ മ്യൂസിയത്തിന്റെ ആദ്യ സിഇഒ പടിയിറങ്ങിയപ്പോൾ ക്യൂറേറ്റർ ചുമതല പോലുമേറ്റെടുത്ത് സർഗാത്മക നിയന്ത്രണം പൂർണമായും കൈയിലെടുക്കുകയായിരുന്നു.
സാധാരണക്കാർക്കു പ്രാപ്യമല്ലാത്ത പല കലാരൂപങ്ങളെയും ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു ജനകീയ കലാക്ഷേത്രമായാണ് ജോർജ് ലൂക്കാസ് തന്റെ സ്വപ്നസൗധത്തെ വിശേഷിപ്പിക്കുന്നത്. ചിത്രം വരയ്ക്കുന്ന കുട്ടിക്കും കോമിക്സ് വായിക്കുന്ന കൗമാരക്കാരനും ക്ലാസിക് സിനിമകൾ നെഞ്ചിലേറ്റുന്ന മുതിർന്നവർക്കും ഒരുപോലെ ചെന്നെത്താവുന്ന കഥപറച്ചിലിന്റെ ലോകോത്തര സാംസ്കാരിക കേന്ദ്രമായി ‘ലൂക്കാസ് മ്യൂസിയം ഓഫ് നറേറ്റീവ് ആർട്ട്'മാറുമെന്ന് ഉറപ്പാണ്.