കോട്ടയം: നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിലെ വാണിജ്യസമുച്ചയത്തിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ നിര്‍മിച്ച 36 താത്കലിക കടകള്‍ തുറന്നു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് താക്കോല്‍ ദാനം നിര്‍വഹിച്ചു.
നഗരസഭാ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ബലക്ഷയം ആരോപിച്ച് പഴയ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു മാറ്റിയിരുന്നു. ഇതോടെ കുടിയൊഴിക്കപ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ വൈകിയതിന് തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ നിന്നുണ്ടായ അനുകൂല ഉത്തരവിനെത്തുടര്‍ന്നാണ് വ്യാപാരികള്‍ സ്വന്തമായി താത്കാലിക കടകള്‍ നിര്‍മിച്ചത്.
ഡിസംബര്‍ മാസത്തോടെ കടകളെല്ലാം പ്രവര്‍ത്തന സജ്ജമാകും. ഏകദേശം ഒന്നര ലക്ഷം രൂപ മുടക്കിയാണ് വ്യാപാരികള്‍ താത്കാലിക കടകള്‍ നിര്‍മിച്ചിരിക്കുന്നത്.
ചടങ്ങില്‍ നാട്ടകം സുരേഷ് എംഎല്‍എ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ. പ്രസാദ്, സനല്‍ കാണക്കാരി, സാലി മാത്യു. കൗണ്‍സിലര്‍മാരായ സി.എന്‍. സത്യനേശന്, ടി.സി. റോയി, ജോണ്‍ വര്‍ഗീസ്, ടി.എന്‍. ഹരി, കോട്ടയം മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എ.കെ.എന്‍. പണിക്കര്‍, തിരുനക്കര ബസ് സ്റ്റാൻഡ് മര്‍ച്ചന്റസ് അസോസിയേഷന് പ്രസിഡന്റ് മാത്യു നൈനാന്, ജോയിന്റ് സെക്രട്ടറി ആര്. രവി എന്നിവര്‍ പ്രസംഗിച്ചു.
യാത്രക്കാർക്കും ആശ്വാസം
36 വ്യാപാര സ്ഥാപനങ്ങളായിരുന്നു പഴയ വാണിജ്യസമുച്ചയത്തിൽ ഉണ്ടായിരുന്നത്. ഈ കടകള്‍ ഇല്ലാതായതോടെ തിരുനക്കരയില്‍ വൈകുന്നേരം വെളിച്ചമില്ലാത്ത അവസ്ഥയായിരുന്നു. തിരുനക്കര സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാരും ബുദ്ധിമുട്ടിയിരുന്നു. കടകള്‍ തുറന്നതോടെ ഈ പ്രതിസന്ധിക്കും പരിഹാരമാകും.
പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കുമ്പോള്‍ നഗരസഭ ആവശ്യപ്പെടുന്നതനുസരിച്ച് സ്വന്തം ചെലവില്‍ ഈ താത്കാലിക കടകള്‍ ഒഴിഞ്ഞു കൊടുക്കണമെന്ന് വ്യവസ്ഥയിലാണു പുതിയ കടകള്‍ തുറക്കുന്നത്.